ഉമർ ഫൈസി മുക്കത്തിനെതിരെ നടപടിയുമായി സമസ്ത; ‘ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകണം’
text_fieldsകോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പരാമർശത്തിൽ സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസിക്കെതിരെ നടപടിയുമായി സമസ്ത. അധിക്ഷേപ പരാമർശത്തിൽ ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകാൻ ഉമർ ഫൈസിയോട് സമസ്ത ആവശ്യപ്പെട്ടു.
ഉമർ ഫൈസിക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് ലീഗ് നേതൃത്വം മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് സമസ്തയുടെ നടപടി. ഉമർ ഫൈസിയുടെ പ്രസ്താവനക്ക് തങ്ങളുമായി ബന്ധമില്ലെന്ന സമസ്ത മുശാവറയുടെ പേരിലുള്ള ഒഴുക്കൻ മറുപടിയിൽ വിഷയം തീരില്ലെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇതുസംബന്ധിച്ച് മുശാവറ ചേരാനോ നടപടി സ്വീകരിക്കാനോ സമസ്ത നേതൃത്വം തയാറായില്ലെന്ന് മാത്രമല്ല, സമസ്തയുടെ ശക്തി എല്ലാവരും അറിയുമെന്ന മുന്നറിയിപ്പ് സ്വരമാണ് പ്രസിഡന്റ് ജിഫ്രി തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത് ലീഗ് നേതൃത്വത്തെ പ്രകോപിപ്പിക്കുന്നതായിരുന്നു. പിന്നീട് ലീഗ് നേതാക്കളായ പി.എം.എ. സലാമും കെ.എം. ഷാജിയും യൂത്ത് ലീഗ് ജന. സെക്രട്ടറി പി.കെ. ഫിറോസും സമസ്ത നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമുയർത്തി.
പാണക്കാട് സാദിഖലി തങ്ങൾക്ക് ഖാദിയാവാൻ യോഗ്യതയില്ലെന്നായിരുന്നു ഉമർ ഫൈസി മുക്കത്തിന്‍റെ അധിക്ഷേപ പരാമർശം. ഇസ്‍ലാമിക നിയമങ്ങൾ പാലിക്കാതെയാണ് അദ്ദേഹം ഖാദിയായത്. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നിയമങ്ങൾ കണ്ടുപിടിക്കാൻ പറ്റിയവരാവണം ഖാദിമാർ. ഖിതാബ് ഓതുകയും വേണം. ഇതൊക്കെ ഉണ്ട് എന്ന് അവരും അവകാശപ്പെടുന്നില്ല. വിവരമില്ലാത്ത എന്നെ ഖാദിയാക്കിക്കോളി എന്നാണ് പറയുന്നത്. അങ്ങനെ ഖാദിയാക്കിക്കൊടുക്കാൻ കുറെയാളുകൾ. നമ്മുടെ കൂട്ടത്തിലുള്ള കുറെ ആളുകളും അതിന് കൂട്ടു നിൽക്കുന്നു. കുറെയാളുകൾ ചേർന്ന് ഖാദിയെ തീരുമാനിക്കുകയാണ്.
ഇതിനൊക്കെ ഒരു നിയമമില്ലേ? അതിരുവിടുകയാണ്. സമസ്ത സി.ഐ.സി വിഷയത്തിൽ ഒരു കാര്യം പറഞ്ഞു. അത് കേൾക്കാൻ തയാറായില്ല. സമസ്ത പറഞ്ഞാൽ കേൾക്കണ്ടേ. പണ്ടൊക്കെ അങ്ങനെയായിരുന്നോ? മഹല്ലുകളിൽ സമസ്തയെ വെല്ലുവിളിക്കുകയാണ്. സമസ്തയെ വെല്ലുവിളിച്ച് വേറെ പാർട്ടിയുണ്ടാക്കുകയാണ്. ഖാദി ഫൗണ്ടേഷൻ എന്തിനാണ്? ഇതിന്റെ അർഥമെന്താണ്?
അത്തരം പ്രശ്നങ്ങൾക്ക് അടുത്ത ദിവസം പരിഹാരമുണ്ടാക്കണം. അല്ലെങ്കിൽ ചിലതൊക്കെ തുറന്നുപറയും. നമ്മുടെ കൈയിൽ ആയുധങ്ങൾ ഉണ്ട്. അത് ഉപയോഗിക്കും എന്ന ഭയം നിങ്ങൾക്ക് നല്ലതാണ്. കരുതിയിരുന്നോണം. ഇതെല്ലാം ഉള്ളതാണ്. ഉള്ളതുമായി സഹകരിച്ച് പോകുന്നത് രാഷ്ട്രീയപാർട്ടിക്കാർക്കും നല്ലതാണ് -എടവണ്ണപ്പാറയിൽ നടന്ന ഗ്രാൻഡ് മൗലിദ് കോൺഫറൻസിൽ സംസാരിക്കുമ്പോഴായിരുന്നു ഉമർഫൈസി മുക്കത്തിന്‍റെ വിവാദ പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.