സമസ്തയുടെ അസ്തിത്വം ലീഗ് ചോദ്യം ചെയ്യുന്നത് അംഗീകരിക്കില്ല, ഈ പോരിൽ ഉമർ ഫൈസി ഒറ്റക്കല്ല -ഐ.എൻ.എൽ
text_fieldsകോഴിക്കോട്: സുന്നി പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ പാർട്ടിയുടെ വരുതിയിൽ നിർത്താനും സംഘടനയുടെ അസ്തിത്വം ചോദ്യം ചെയ്യാനുമുള്ള മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. നൂറു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സമസ്തയെ നശിപ്പിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾക്ക് ഖാദിയാവാൻ യോഗ്യതയില്ലെന്നും നാടു നീളെ ഖാദി ഫൗണ്ടേഷൻ ഉണ്ടാക്കുന്നത് സമസ്തയോടുള്ള വെല്ലുവിളിയാണെന്നും സമസ്തയുടെ ഒരു വേദിയിൽ മുശാവറ അംഗം ഉമർ ഫൈസി മുക്കം അഭിപ്രായപ്പെട്ടത് മുസ്‌ലിംലീഗിന്റെ മർമ്മത്ത് കൊണ്ടതാണ് ഇപ്പോഴത്തെ പിടച്ചിലിന് പിന്നിൽ. പാർട്ടി ലേബലിൽ തുടരുന്ന ആത്മീയ വ്യവസായത്തിന്മേൽ കല്ലുവന്നു വീണതാണ് ലീഗ് നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
സമസ്ത പണ്ഡിതന്മാർ ലീഗിന് രുചിക്കാത്തതൊന്നും പറയാൻ പാടില്ല എന്ന ദുശ്ശാഠ്യം സമസ്തയും അതിന്റെ സാരഥികളും പാർട്ടിയുടെ അടിമകളാണെന്ന ധിക്കാര മനോഭാവത്തിന്റെ പ്രതിഫലനമാണ്. ഉമർ ഫൈസിക്കെതിരെ കേസ് കൊടുക്കാനും ജിഫ്രി തങ്ങൾ അടക്കമുള്ളവരുടെ പ്രസ്താവനയെ തള്ളിപ്പറയാനും പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ഉദ്യുക്തരായത് സമസ്തയെ അടിച്ചമർത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്.
ഈ പോരിൽ ഉമർ ഫൈസി ഒറ്റക്കല്ലെന്നും സമസ്തയെ തൊട്ടാൽ അടങ്ങിയിരിക്കില്ലെന്നുമുള്ള സൂചനയാണ് മുശാവറ അംഗങ്ങളായ ഒമ്പത് പേർ ഉമർ ഫൈസിക്ക് നൽകിയ പിന്തുണ തെളിയിക്കുന്നത്. സി.ഐ.സി വിഷയത്തിൽ സമസ്തയെ വെല്ലുവിളിച്ച് അബ്ദുൽ ഹക്കീം ആദൃശ്ശേരിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് പുന:പ്രതിഷ്ഠിച്ചതും നാടു നീളെ ഖാദി ക്ലബുകൾ ഉണ്ടാക്കുന്നതും ഏത് ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കാൻ ലീഗ് നേതൃത്വം പ്രയാസപ്പെടുമെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.