പാലക്കാട് സാമുദായിക വിഭാഗീയത അടക്കം എൽ.ഡി.എഫ് ഉപയോഗിച്ചു; മതേതര കേരളത്തിന്‍റെ മനഃസാക്ഷിയിൽ ഏൽപ്പിച്ച ആഴമുള്ള മുറിവെന്ന് സമസ്ത മുഖപത്രം
text_fieldsകോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം 'സുപ്രഭാതം'. പാലക്കാട് സാമുദായിക വിഭാഗീയത അടക്കം എൽ.ഡി.എഫ് ഉപയോഗിച്ചു. ഇത് മതേതര കേരളത്തിന്‍റെ മനഃസാക്ഷിയിൽ ഏൽപ്പിച്ച ആഴമുള്ള മുറിവാണെന്നും മുഖ്യപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
സ്വതന്ത്ര സ്ഥാനാർഥിയെ പരീക്ഷിച്ചിട്ടും എന്തുകൊണ്ട് മൂന്നാം സ്ഥാനത്ത് നിന്ന് കരകയറാൻ കഴിഞ്ഞില്ല എന്നത് സി.പി.എം പരിശോധിക്കേണ്ടിയിരിക്കുന്നു. സാമുദായിക വിഭാഗീയത ഉൾപ്പടെ ഒട്ടേറെ വില കുറഞ്ഞ പ്രചാരണങ്ങൾ എൽ.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി നടക്കുകയുണ്ടായി. ഇത് മതേതര കേരളത്തിന്‍റെ മനഃസാക്ഷിയിൽ ഏൽപ്പിച്ച മുറിവ് ആഴമുള്ളത് തന്നെയായിരുന്നു. അർഹിക്കുന്ന അവജ്ഞയോടെ ഈ പ്രചാരണത്തെ ജനാധിപത്യ കേരളം തള്ളിക്കളഞ്ഞുവെന്ന വ്യക്തമായ സൂചനയാണ് പാലക്കാട്ടെ ഫലം.
വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ വിജയവും കൂടിയ ഭൂരിപക്ഷവും ഇൻഡ്യ മുന്നണിക്ക് കരുത്തു പകരുമെന്നതിൽ തർക്കമില്ല. വയനാട് കാരുണ്യത്തിന് കൈക്കുമ്പിൾ നീട്ടുന്ന കാലത്ത് ഈ വിജയത്തിന് ഏറെ പ്രാധാന്യമുണ്ട്. ചേലക്കരയിൽ യു.ആർ പ്രദീപിലൂടെ നിലനിർത്താൻ എൽ.ഡി.എഫിന് കഴിഞ്ഞത് സി.പി.എമ്മിനും മുന്നണിക്കും ആശ്വാസത്തിന് വക നൽകുന്നതാണെങ്കിലും കുറഞ്ഞ ഭൂരിപക്ഷം നൽകുന്ന സൂചന അസംതൃപ്തിയുടേതല്ലേ എന്ന് ചേർത്തു വായിക്കേണ്ടി വരുന്നു.
ഭരണത്തിന്‍റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത് വെറും വാക്കല്ലെങ്കിൽ ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാർ പരിശോധിക്കേണ്ടത് തന്നെയാണെന്നും മുഖപ്രസംഗം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.