സമസ്ത പ്രസിഡന്റ് പരിപാടിക്ക് എത്തിയില്ല; നീരസം പരസ്യമാക്കി ശ്രീധരൻ പിള്ള
text_fieldsകോഴിക്കോട്: ടൗണ്‍ഹാളില്‍ നടന്ന ഇന്ത്യ-മുസിരിസ് ഹെറിറ്റേജ് സെന്റര്‍ സില്‍വര്‍ ജൂബിലി ആഘോഷ ചടങ്ങില്‍ തന്നോടൊപ്പം വേദി പങ്കിടാൻ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എത്താതിരുന്നതില്‍ നീരസം പരസ്യമാക്കി ഗോവ ഗവര്‍ണർ പി.എസ്. ശ്രീധരന് പിള്ള. പുരസ്കാര സമര്‍പ്പണം നിര്‍വഹിക്കേണ്ട ജിഫ്രി തങ്ങള്‍ വിവാദം ഭയന്നാവും വരാതിരുന്നതെന്നും കേരളത്തില്‍ വിദ്വേഷത്തിന്റെ വിളവെടുപ്പാണ് ഇപ്പോൾ നടക്കുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. അണികളുടെ മനസ്സിലൊന്നും വിദ്വേഷമില്ലെന്നും നേതാക്കളാണ് അത് ഉണ്ടാക്കുന്നതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.
പ്രവാചക പരമ്പരയിൽപ്പെട്ടവരായാണ് തങ്ങൻമാരെ സമൂഹം അംഗീകരിക്കുന്നത്. പ്രവാചക സങ്കൽപങ്ങളുടെ ബിംബങ്ങളും പ്രതിബിംബങ്ങളും ആവുമ്പോഴാണ് അവർ വിജയിക്കുന്നത്. പ്രശ്നങ്ങളോ, കലാപങ്ങളോ ഉണ്ടായാൽ അത് ഇല്ലാതാക്കാൻ ബന്ധങ്ങൾ ആവശ്യമാണ്. പരസ്പര ചർച്ചയിലൂടെയാണ് മാറാട് പ്രശ്നം പരിഹരിച്ചത്. ഇത്തരത്തിൽ അന്യോന്യം സംസാരിക്കണമെങ്കിൽ ബന്ധങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തത വൈരുധ്യമല്ല, വൈവിധ്യമാണ്. ഇത് മനസ്സിലാക്കുമ്പോഴാണ് രാജ്യം ശക്തമാവുന്നത്. ഒരു ഉദ്യാനത്തില്‍ ഒരു പുഷ്പം മാത്രമേയുള്ളൂവെങ്കില്‍ അത് ആകര്ഷകമായിരിക്കില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. മികച്ച അറബ് കേരള ചരിത്രഗ്രന്ഥത്തിനുള്ള പുരസ്കാരം നേടിയ ‘പായക്കപ്പലി’ന്റെ രചയിതാവ് ഹാഷിം ശിഹാബ് തങ്ങളെ ആദരിച്ചു. ഹംസ ബാഫഖി തങ്ങള്‍, പി.കെ. കൃഷ്ണനുണ്ണി രാജ, എം.പി. ഷാഹുല്‍ ഹമീദ്, ഡോ. എ.കെ. അബ്ദുല്‍ഖാദര്‍, ഒ. സ്നേഹരാജ്, കെ.എം. ബഷീര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.