മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽനിന്ന് പാണക്കാട് തങ്ങന്മാരെ വിലക്കിയിട്ടില്ലെന്ന് സമസ്ത
text_fieldsകോഴിക്കോട്: മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽനിന്ന് പാണക്കാട് തങ്ങന്മാരെ വിലക്കിയിട്ടില്ലെന്ന് സമസ്ത നേതാക്കൾ. പാണക്കാട് തങ്ങന്മാരെ സമസ്ത ഭീഷണിപ്പെടുത്തി വിലക്കിയതിനാലാണ് മുസ്ലിം സംഘടന നേതൃസമിതി യോഗത്തിൽനിന്ന് വിട്ടുനിന്നതെന്ന കെ.എൻ.എം നേതൃത്വത്തിന്റെ പ്രസ്താവന സംബന്ധിച്ച് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു നേതാക്കൾ.
സമസ്തയുടെ ആദർശത്തിൽ വിശ്വസിക്കുന്നവർ എതിർസംഘടനകളുടെ ആദർശ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല. മൺമറഞ്ഞ പാണക്കാട്ടെ പ്രമുഖ തങ്ങന്മാരെല്ലാം ഇത് പാലിച്ചിട്ടുണ്ട്. ഇപ്പോഴും ആദർശപ്രതിബദ്ധതയുടെ പേരിലായിരിക്കാം പാണക്കാട് തങ്ങന്മാർ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത്. പാണക്കാട് തങ്ങന്മാർ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് അവർ നിർബന്ധംപിടിക്കുന്നത് മുജാഹിദുകളുടെ ആദർശ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്. പാണക്കാട് തങ്ങന്മാർ ശിർക്കിന്റെ പ്രചാരകരല്ലെന്ന് അവർ ആദ്യം അംഗീകരിക്കുകയാണ് വേണ്ടതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
മുജാഹിദിന്റെ തുടക്കംതന്നെ സമുദായത്തിൽ ഭിന്നത ഉണ്ടാക്കിക്കൊണ്ടാണ്. അത് അവർ ഇപ്പോഴും തുടരുന്നു. സംഘടന മതേതരവിരുദ്ധ കക്ഷികളുടെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നതായിരുന്നു മുജാഹിദ് സമ്മേളനം. രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളും ന്യൂനപക്ഷങ്ങളും ഫാഷിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ഒന്നിച്ചുനിൽക്കേണ്ട സമയത്ത്, അതിന്റെ വക്താക്കളെ ഔദ്യോഗികമായി സ്വീകരിക്കുകയും അവരുടെ അജണ്ടകൾക്ക് ന്യായീകരണം നടത്തുകയുമാണ് സമ്മേളനത്തിലൂടെ ചെയ്തത്. ഇതിൽ ഗൂഢാലോചന സംശയിക്കുന്നവരെ കുറ്റം പറയാനാകില്ല.
രാമക്ഷേത്ര നിർമാണം, പൗരത്വ നിയമം, കശ്മീർ വിഷയം തുടങ്ങി ഫാഷിസ്റ്റ് അജണ്ടകളുടെ പ്രചാരകനായ അസ്ഗർ അലി ഇമാം മഹ്ദി സലഫിയെ സമ്മേളനത്തിലെ പ്രധാന അതിഥിയായി കൊണ്ടുവന്നത് യാദൃച്ഛികമല്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ. ഉമർ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാൻ മുസ്ലിയാർ, എം.സി. മായിൻ ഹാജി, കെ. മോയിൻകുട്ടി മാസ്റ്റർ, കൊടക് അബ്ദുറഹിമാൻ മുസ്ലിയാർ, നാസർ ഫൈസി കൂടത്തായി, റഷീദ് ഫൈസി വെള്ളായിക്കോട്, ഒ.പി. അഷ്റഫ് കുറ്റിക്കടവ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.