സി.ഐ.സി കത്തിൽ തീരുമാനമെടുക്കാതെ സമസ്ത
text_fieldsകോഴിക്കോട്: സമസ്തയുടെ ആശയാദർശങ്ങൾ പൂർണമായി ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) സമസ്തക്ക് നൽകിയ രണ്ടാമത്തെ കത്തും മുശാവറ അംഗീകരിച്ചില്ല. ആർക്കാണ് കത്ത് നൽകുന്നതെന്ന് വ്യക്തതയില്ലാതെ അയച്ചതിനാലാണ് ആദ്യതവണ കത്ത് മടക്കിയത്.
സമസ്ത അധ്യക്ഷനുതന്നെ അഡ്രസ് ചെയ്തുനൽകിയ രണ്ടാമത്തെ കത്ത് സ്വീകരിച്ചെങ്കിലും സി.ഐ.സിയുടെ സിൻഡിക്കേറ്റ് ചേർന്ന് തീരുമാനം മിനിറ്റ്സാക്കി അയച്ചാൽ മാത്രമേ ഇതുസംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കൂവെന്നാണ് മുശാവറ തീരുമാനമെടുത്തത്. സ്ഥാപന നടത്തിപ്പ്, സിലബസ് തുടങ്ങി മുഴുവൻ കാര്യങ്ങളിലും സമസ്ത നിർദേശം പാലിക്കാൻ തയാറാണെന്ന് വ്യക്തമാക്കിയാണ് കത്ത് നൽകിയിരുന്നത്. ഇത് സ്വീകരിക്കുന്നതു സംബന്ധിച്ച് മുശാവറയിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നതായാണ് വിവരം.
വാഫി, വഫിയ്യ സംവിധാനവുമായുള്ള ബന്ധംതന്നെ വിച്ഛേദിക്കണമെന്ന് എ.വി. അബ്ദുറഹ്മാൻ മുസ്ലിയാരും, വാക്കോട് മൊയ്തീൻകുട്ടി ഫൈസിയും അഭിപ്രായപ്പെട്ടു. എന്നാൽ, നിരവധി സ്ഥാപനങ്ങളെയും വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും പ്രതികൂലമായി ബാധിക്കുമെന്നനടപടികളുണ്ടാകരുതെന്ന് എം.ടി. അബ്ദുല്ല മുസ്ലിയാർ അടക്കമുള്ളവരും വാദിച്ചു. തുടർന്നാണ് സി.ഐ.സി സിൻഡിക്കേറ്റ് ചേർന്ന് കത്തിൽ പറഞ്ഞ കാര്യങ്ങൾ മിനിറ്റ്സാക്കി നൽകിയാൽ സ്വീകരിക്കാമെന്ന തീരുമാനത്തിൽ എത്തിയത്.
മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലുമായി (എം.എൽ.എഫ്) ബന്ധപ്പെട്ട് ചെമ്മാട് ദാറുൽ ഹുദയെ ബന്ധപ്പെടുത്തിയുള്ള വിവാദവും മുശാവറയിൽ ചർച്ചയായി. ഹുദവികളുടെ അസോസിയേഷനായ ഹാദിയക്ക് കീഴിലെ പ്രസിദ്ധീകരണ സ്ഥാപനമായ ബുക്പ്ലസിന്റെ ആഭിമുഖ്യത്തിലാണ് കോഴിക്കോട് കടപ്പുറത്ത് നാലുദിവസം ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
വരേണ്യ ഫെസ്റ്റിവലുകൾക്ക് ബദലായി പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ സർഗവൈഭവം പ്രകടമാക്കുന്ന ഫെസ്റ്റിവൽ രൂപപ്പെടുത്തണമെന്ന ചിന്തയിൽനിന്നാണ് എം.എൽ.എഫ് ഒരുക്കുന്നത്. വ്യവസ്ഥാപിതമായി നടത്തിയ പരിപാടികൾ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു. പരിപാടികൾ രൂപപ്പെടുത്തിയത് ഇതിനായി നിശ്ചയിച്ച കമ്മിറ്റിയായിരുന്നു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ചെയർമാനും എം.ബി. മനോജ് ഡയറക്ടറുമായാണ് സംഘാടക സമിതി രൂപവത്കരിച്ചിരുന്നത്.
80ഓളം സെഷനുകളിലായി സമൂഹത്തിന്റെ നാനാതുറകളിലുള്ള സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ചരിത്രകാരന്മാരെയും മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ, സാംസ്കാരിക നായകരെയും ആക്ടിവിസ്റ്റുകളെയും പങ്കെടുപ്പിച്ചിരുന്നു. സംഗീതവും നാടകവും സിനിമയുമെല്ലാം ചർച്ച ചെയ്യപ്പെട്ടു. എല്ലാ ദിവസവും സംഘടിപ്പിച്ച സംഗീത സന്ധ്യക്കിടെ നാടൻ പാട്ടുമുണ്ടായിരുന്നു. ആസ്വാദകർ നൃത്തം ചെയ്തതിന്റെ വിഡിയോ പ്രചരിപ്പിച്ച് സംഘാടകരെ ചിലർ പ്രതിക്കൂട്ടിലാക്കിയതോടെയാണ് സംഭവം വിവാദമായത്.
ദാറുൽഹുദ സ്ഥാപനത്തിന് പരിപാടിയുമായി ബന്ധമില്ലെന്ന് ഭാരവാഹികൾ പ്രസ്താവന ഇറക്കിയെങ്കിലും ചില കോണുകളിൽനിന്ന് ബോധപൂർവമായ പ്രചാരണങ്ങൾ തുടർന്നു. പരിപാടികൾ നിശ്ചയിച്ചത് ഇതിനായി നിയോഗിച്ച സംഘാടക സമിതിയാണെന്ന് ‘ഹാദിയ’യും വിശദീകരിച്ചെങ്കിലും പരിപാടി വിവാദമായ സാഹചര്യത്തിലാണ് സമസ്ത മുശാവറ വിഷയം ചർച്ച ചെയ്തത്. ഭാവിയിൽ സമസ്ത നയങ്ങൾക്ക് വിരുദ്ധമായ പരിപാടികൾ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ നടത്തിയാൽ നടപടി ഉണ്ടാകുമെന്ന ശക്തമായ മുന്നറിയിപ്പാണ് മുശാവറയിൽനിന്നുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.