സമസ്ത-ലീഗ്തർക്കം: തട്ടത്തിൽ പിടിച്ച് ഗോളടിച്ച് സി.പി.എം; ഒടുവിൽ വെട്ടിലായത് മുസ്‍ലീം ലീഗ്
text_fieldsമലപ്പുറം: സി.പി.എം നേതാവ് ഉയർത്തിവിട്ട തട്ടവിവാദം പാർട്ടിയെ ആദ്യം പ്രതിരോധത്തിലാക്കിയെങ്കിലും പന്ത് തട്ടിത്തിരിഞ്ഞ് ഒടുവിൽ മുസ്‍ലീംലീഗിന്റെ പോസ്റ്റിൽ വീണു. വിഷയം സമസ്ത-ലീഗ് തർക്കമായി അതിവേഗം വളരുകയും ഒടുവിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ട് വെടിനിർത്തൽനടപടികൾ സ്വീകരിക്കേണ്ടിയും വന്നു. ഇതിന്റെ ഭാഗമാണ് ഇന്നലെ പി.കെ. കുഞ്ഞാലിക്കുട്ടി തിരക്കിട്ട് മാധ്യമങ്ങളെ കണ്ട് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതും ലീഗിന്റെ ഭാഗത്ത് നിന്ന് ഇനി പ്രസ്താവനകൾ സമസ്തക്കെതിരെ ഉണ്ടാവില്ലെന്ന് സൂചന നൽകിയതും. കഴിഞ്ഞ ആഴ്ച തട്ടവിവാദം കത്തുന്നതിനിടെയായിരുന്നു മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സി.പി.എമ്മിനെ അനകൂലിക്കുന്ന സമസ്തയിലെ വിഭാഗത്തിനെതിരെ ഒളിയമ്പ് എയ്തത്.
സമസ്ത അധ്യക്ഷൻ ജിഫ്രിതങ്ങളെ സലാം അധിക്ഷേപിച്ചു എന്ന പരാതി ശക്തമായി. ഇതിനിടെ സലാമിന്റെ പ്രസ്താവനക്കെതിരെ സമസ്തയിലെ സി.പി.എം അനൂകൂലികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ സാദിഖലി തങ്ങൾക്ക് കത്ത് എഴുതി. കത്ത് പക്ഷെ കോഴിക്കോട്ട് ലീഗ് ഹൗസിൽ ഏൽപിക്കുകയായിരുന്നു. മാധ്യമങ്ങൾക്ക് കത്ത് സംബന്ധിച്ച വിവരങ്ങൾ നൽകുകയും ചെയ്തു. ഇതു വാർത്തയായതോടെ പാണക്കാട് സാദിഖലി തങ്ങൾ പതിവിൽ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങളുമായി രംഗത്തു വന്നു. സമസ്തയുടെ മസ്തിഷ്കം എന്നും ലീഗിനൊപ്പമാണെന്നും തലയിരിക്കുമ്പോൾ വാൽ ആടേണ്ടെന്നുമായിരുന്നു സാദിഖലി തങ്ങളുടെ പരാമർശം. പാണക്കാട്ടെ വീട്ടിൽ വെച്ചായിരുന്നു മാധ്യമപ്രവർത്തകരോട് തങ്ങൾ പ്രതികരിച്ചത്. ഇത് ഒരർഥത്തിൽ സലാമിന് പിന്തുണയായി.
അന്ന് തന്നെ കോഴിക്കോട് മുക്കത്തെ പൊതുയോഗത്തിൽ സലാം വീണ്ടും സമസ്തയെ രൂക്ഷമായി വിമർശിച്ചു. ഇത് കനലായി തുടരുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം എസ്.കെ.എസ്.എസ്.എഫിനെ അധിക്ഷേപിക്കും വിധം സലാം ഒരു മാധ്യമത്തിന് അഭിമുഖം നൽകിയത്. ‘എസ്.കെ.എസ്.എസ്.എഫിന്റെ പ്രസിഡന്റ് ആരാണെന്ന് പോലും ആർക്കും അറിയില്ലെന്നും കുഴപ്പമുണ്ടാവുമ്പോൾ ഒപ്പിടുമ്പോൾ മാത്രമാണ് പേരറിയുക’ എന്നായിരുന്നു സലാമിന്റെ അവസാനത്തെ വിവാദ പരാമർശം. ഇത് എസ്.കെ.എസ്.എസ്.എഫിൽ വലിയ കോളിളക്കമുണ്ടാക്കി. എസ്.കെ.എസ്.എസ്.എഫ് ലീഗിന് താക്കീതുമായി രംഗത്തുവന്നു. തന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന് എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളെ ബന്ധപ്പെട്ട് സലാം ക്ഷമാപണം നടത്തി. വിഷയം കൈയിൽനിന്ന് വിടുമെന്നായപ്പോൾ പി. കെ.കുഞാലിക്കുട്ടി ഇടപെട്ട് പരസ്യപ്രസ്താവനക്ക് വിലക്കേർപ്പെടുത്തുകയും മാധ്യമങ്ങളോട് ‘നിസ്സഹായത’ വിശദീകരിക്കുകയും ചെയ്യുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് സി.പി.എം സംസ്ഥാന സമിതി അംഗം കെ. അനിൽ കുമാർ പുതിയ കാലത്ത് മലപ്പുറത്തെ മുസ്ലീം പെൺകുട്ടികൾ തട്ടം മാറ്റാൻ തയാറാവുന്നത് സി.പി.എമ്മിന്റെ സ്വാധീനം കൊണ്ടാണെന്ന തരത്തിൽ പ്രസംഗിച്ചതാണ് വലിയ വിവാദമായി മാറിയത്. സി.പി.എം വേഗം അനിൽകുമാറിനെ തിരുത്തി രക്ഷപ്പെട്ടെങ്കിലും വിഷയം ലൈവാക്കി നിർത്താൻ ശ്രമിച്ച ലീഗ് വെട്ടിൽ വീഴുന്നതാണ് പിന്നെ കണ്ടത്. പി.എം.എ സലാമും സമസ്തയും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടൽ ലീഗിന് വലിയ ക്ഷീണമാവുമെന്നും സി.പി. എം മുതലെടുക്കുമെന്നും കണ്ടാണ് കുഞാലിക്കുട്ടി സലാമിന് തിരുത്തുമായി രംഗത്തിറങ്ങിയത്. സലാമിന്റെത് പാർട്ടി ജനറൽ സെക്രട്ടറിക്ക് ചേരാത്ത നടപടിയായി എന്നും അദ്ദേഹത്തിന്റെ ‘ഉരുളക്കുപ്പേരി’ ശൈലിയും മുമ്പും പിമ്പും നോക്കാത്ത വാക്പ്രയോഗങ്ങളും ശരിയല്ലെന്നാണ് ലീഗിനുള്ളിലെ സംസാരം. പാണക്കാട് തങ്ങൾ രക്ഷകനായപ്പോൾ അമിതാവേശം കാണിച്ചതാണ് സലാം എന്നും വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.