സമസ്ത, സി.ഐ.സി ബന്ധം വീണ്ടും ഉലയുന്നു
text_fieldsകോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കോഓഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസും (സി.ഐ.സി) തമ്മിലെ ബന്ധം വീണ്ടും ഉലയുന്നു. സെപ്റ്റംബർ 22ന് പാണക്കാട്ട് ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ അംഗീകരിക്കുന്നതുവരെ സി.ഐ.സിയുടെ പരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ സമസ്ത മുശാവറ യോഗം കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി.
വ്യാഴാഴ്ച കോഴിക്കോട്ട് തുടങ്ങുന്ന വാഫി, വഫിയ്യ കലോത്സവവും സനദ്ദാന സമ്മേളനവും മുന്നിൽക്കണ്ടാണ് നിർദേശം. കലോത്സവവുമായി സഹകരിക്കുന്നതിൽനിന്ന് സുന്നി സംഘടനകളെ വിലക്കുകയാണ് തീരുമാനത്തിനു പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സി.ഐ.സി അധ്യക്ഷൻ കൂടിയാണ് എസ്.വൈ.എസ് പ്രസിഡന്‍റ് പാണക്കാട് സാദിഖലി തങ്ങൾ. സമസ്ത നിർദേശം അനുസരിക്കാൻ അദ്ദേഹവും ബാധ്യസ്ഥനാണ്. എന്നാൽ, സാദിഖലി തങ്ങൾ സനദ്ദാന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുമെന്നും സനദ്ദാന പ്രഖ്യാപനം നിർവഹിക്കുമെന്നുമാണ് സി.ഐ.സി ഭാരവാഹികൾ വ്യക്തമാക്കുന്നത്. സമസ്തക്കും സി.ഐ.സിക്കുമിടയിൽ അദ്ദേഹം എന്തു തീരുമാനമെടുക്കുമെന്നത് നിർണായകമാണ്.
സമസ്തയിൽനിന്ന് വേറിട്ടുനിൽക്കുംവിധം സി.ഐ.സി ഭരണഘടനയിൽ വരുത്തിയ ഭേദഗതിയാണ് ഭിന്നതക്ക് കാരണം. ഇതനുസരിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഉപദേശക സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.
പഞ്ചവത്സര കോഴ്സ് പൂർത്തിയാകും മുമ്പ് പെൺകുട്ടികൾ വിവാഹിതരാകാൻ പാടില്ലെന്ന സി.ഐ.സി നിബന്ധനയെയും സമസ്ത എതിർത്തു. സമസ്തയുടെ ഉപദേശവും വീക്ഷണവുമനുസരിച്ചാകണം വിദ്യാഭ്യാസ പാഠ്യപദ്ധതികളെന്ന നിർദേശവും സി.ഐ.സി അംഗീകരിക്കുന്നില്ല.
ഇക്കാരണങ്ങളാൽ സി.ഐ.സി ബന്ധം വിച്ഛേദിക്കാൻ നേരത്തേ സമസ്ത തീരുമാനിച്ചിരുന്നു. തുടർന്ന് പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ ചേർന്ന അനുരഞ്ജന ചർച്ചയിൽ തീരുമാനങ്ങൾ അംഗീകരിക്കാമെന്ന് രേഖാമൂലം ഉറപ്പുനൽകിയിരുന്നെങ്കിലും പാലിച്ചില്ലെന്നാണ് സമസ്ത മുശാവറ വ്യക്തമാക്കിയത്.
ഈ സാഹചര്യത്തിലാണ് പരിപാടികളിൽനിന്ന് വിട്ടുനിൽക്കാനുള്ള നിർദേശം. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ഉൾപ്പെടെ പ്രമുഖ നേതാക്കളൊന്നും സി.ഐ.സി കാര്യപരിപാടികളിൽ പങ്കെടുക്കുന്നില്ല. അതേസമയം, പാണക്കാട്ടെ പ്രമുഖ തങ്ങന്മാരെല്ലാം വിവിധ സെഷനുകളിൽ പങ്കെടുക്കുന്നുണ്ട്.
ആനുകാ ലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന സി.ഐ.സിയുടെ വിവിധ വനിത സെഷനുകളിൽ 'ഹരിത'യുടെ മുൻ നേതാക്കൾ ഉൾപ്പെടെ വനിത ആക്ടിവിസ്റ്റുകളുടെയും പ്രഭാഷകരുടെയും സാന്നിധ്യമുണ്ട്.
ജിഫ്രി തങ്ങളെ പരിപാടിക്ക് ക്ഷണിച്ചെന്നും നാട്ടിലുണ്ടാകാത്തതിനാൽ പങ്കെടുക്കില്ലെന്ന് അറിയിച്ചെന്നും സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കരുതെന്ന സമസ്ത നിർദേശം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.