സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര് അന്തരിച്ചു
text_fieldsകണ്ണൂര്‍: സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റ് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റുമായ പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര് (85) അന്തരിച്ചു. നിലവില്‍ സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ്.
പ്രമുഖ പണ്ഡിതനും പ്രഗത്ഭ മുദരിസ്സുമായിരുന്ന ചെറുകുന്ന് തെക്കുമ്പാട് സി. കുഞ്ഞഹമ്മദ് മുസ്ലിയാരുടെയും പാപ്പിനിശ്ശേരി പൂവ്വംകുളം നഫീസയുടെയും മകനായി 1935 ജൂലൈ ഒന്നിനായിരുന്നു ജനനം. ചെറുകുന്ന് തെക്കുമ്പാട് ഓത്തുപള്ളിയില്‍ വെച്ചാണ് പ്രാഥമിക മതപഠനവും സ്കൂള്‍ പഠനവും നേടിയത്. പിതാവിന്റെ നേതൃത്വത്തില്‍ തെക്കുമ്പാട്ടെ ദര്‍സ് പഠനത്തിനും ചേര്‍ന്നിരുന്നു.
മാടായി ബി.എം.എച്ച്.ഇ സ്കൂളില്‍നിന്ന് എലിമെന്ററി പാസായ ശേഷം, ഇ.കെ. അബൂബക്കര്‍ മുസ്ലിയാര് പ്രിന്‍സിപ്പലായിരിക്കെ 15ാം വയസ്സില്‍ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളജില്‍ ചേര്‍ന്നു. ഇവിടെനിന്ന് ഉറുദു ഭാഷയും സ്വായത്തമാക്കി.
1994 ജനുവരി എട്ടിന് സമസ്ത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി അംഗമായ അബ്ദുസ്സലാം മുസ്ലിയാര് മേയ് 18ന് സമസ്ത കേന്ദ്രമുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2009 മുതല്‍ 2013 വരെ വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറൽ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
ഭാര്യമാര്‍: കുഞ്ഞാമിന (വട്ടപ്പൊയില്‍), പരേതയായ എ.കെ. നഫീസ. മക്കള്‍: ഹന്നത്ത്, റഹ്മത്ത്, എ.കെ. അബ്ദുല്‍ബാഖി (സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ ജനറല്‍ സെക്രട്ടറി, ജാമിഅ അസ്അദിയ്യ വര്‍ക്കിങ് സെക്രട്ടറി, പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍), ജുവൈരിയ, ഖലീല്‍റഹ്മാന്‍ (ദുബൈ), പരേതനായ ഹബീബുല്ല.
മരുമക്കള്‍: ഇ.ടി. അബ്ദുസ്സലാം (ദുബൈ), അബ്ദുസ്സലാം (കുവൈത്ത്), സനീന, പി.ടി.പി ഷഫീഖ്, ഫര്‍ഹാന (തളിപ്പറമ്പ്). സഹോദരങ്ങള്‍: ശാഹുൽ ഹമീദ് ഹാജി, അബ്ദുല്ലക്കുഞ്ഞി.
വിട പറഞ്ഞത് ദീർഘദർശിയായ പണ്ഡിതൻ
കണ്ണൂര്‍: വിദ്യാഭ്യാസരംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള ചുവടുകൾക്ക് നേതൃത്വം നൽകിയ പണ്ഡിതനാണ് വ്യാഴാഴ്ച അന്തരിച്ച പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്. പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ ഇസ്ലാമിയ്യ അറബിക് കോളജിന് 1992ല്‍ അബ്ദുസ്സലാം മുസ്ലിയാരാണ് തുടക്കമിട്ടത്. അത് ഈ രംഗത്ത് ശ്രദ്ധേയമായ ചുവടുെവപ്പായിരുന്നു. മത, ഭൗതിക വിദ്യാഭ്യാസം കോർത്തിണക്കി എന്നതാണ് ഈ സ്ഥാപനത്തിെൻറ സവിശേഷത. അസ്അദി ബിരുദത്തിനു പുറമെ കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ, ബിരുദാനന്തര കോഴ്സുകളടങ്ങിയ ഭൗതികപഠന സൗകര്യവും സമന്വയിപ്പിച്ചാണ് കോളജിലെ കോഴ്സുകള്‍ തയാറാക്കിയത്. ഇതിനകം 14 ബാച്ചുകളിലായി ഉസ്താദിെൻറ ആയിരക്കണക്കിനു ശിഷ്യഗണങ്ങള്‍ പുറത്തിറങ്ങി. ഉത്തരമലബാറില്‍ അത്തരമൊരു പരീക്ഷണത്തിന് തുടക്കമിട്ടുമെന്നതാകും പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാരുടെ സംഭാവനയായി എക്കാലവും സ്മരിക്കപ്പെടുക. പിതാവ് തെക്കുമ്പാട് കുഞ്ഞഹമ്മദ് മുസ്ലിയാര് അടക്കമുള്ളവരിൽനിന്നു നേടിയെടുത്ത അനുഭവസമ്പത്താണ് വടക്കേ മലബാറിലെ ആദ്യത്തെ മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനത്തിന് നായകനാകാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. തെൻറ കീഴില്‍ ദര്‍സ് പഠനത്തിനു ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കു സ്കൂള്‍, കോളജ് പഠനത്തിനും അദ്ദേഹം പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ദര്‍സ് സിലബസില്‍ മതപഠനത്തിനൊപ്പം ഭൗതിക വിദ്യാഭ്യാസത്തിനും പ്രത്യേക പരിഗണന നല്കി. അസ്അദിയ്യ കോളജിെൻറ സ്ഥാപക ജനറൽ സെക്രട്ടറിയും നിലവില്‍ കമ്മിറ്റി പ്രസിഡൻറും കോളജ് പ്രിന്‍സിപ്പലുമാണ് അബ്ദുസ്സലാം മുസ്ലിയാര്.
അനുശോചിച്ചു
കണ്ണൂർ: സമസ്ത കേന്ദ്ര വൈസ് പ്രസിഡൻറും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡൻറുമായ പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാരുടെ നിര്യാണത്തിൽ എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി അനുശോചിച്ചു.മത വിദ്യാഭ്യാസ വൈജ്ഞാനിക രംഗത്തെ ശക്തമായ നായകത്വത്തിെൻറ കണ്ണിയാണ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാരുടെ വിയോഗത്തോടെ നഷ്ടമായതെന്ന് ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ല സെക്രേട്ടറിയറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മേഖല നാസിം യു.പി. സിദ്ദീഖ് മാസ്റ്റർ, ജില്ല പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്വി, സെക്രട്ടറി സി.കെ.എ. ജബ്ബാർ, വൈസ് പ്രസിഡൻറ് സി.പി. ഹാരിസ് തുടങ്ങിയവർ പാപ്പിനിശ്ശേരിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
കണ്ണൂർ: സമസ്ത മത വിദ്യാഭ്യാസ ബോർഡ് ചെയർമാൻ പി.കെ.പി. അബ്ദുൽ സലാം മുസ്ലിയാരുടെ നിര്യാണത്തിൽ വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സാദിഖ് ഉളിയിൽ അനുശോചനം രേഖപ്പെടുത്തി. സാദിഖ് ഉളിയിലും ജില്ല സെക്രട്ടറി മുഹമ്മദ് ഇംത്യാസും പരേതെൻറ വസതി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.