'കമ്യൂണിസവും യുക്തിവാദവും ആപത്ത്'; മഹല്ല് കമ്മിറ്റികള്‍ വഴി ബോധവത്കരണത്തിനൊരുങ്ങി സമസ്ത
text_fieldsകോഴിക്കോട്: കമ്യൂണിസത്തിനും യുക്തിവാദത്തിനുമെതിരെ കാമ്പയിനുമായി സമസ്ത. കമ്യൂണിസമെന്നാല്‍ പതിയിരിക്കുന്ന അപകടമാണെന്നാണ് കാമ്പയിനില്‍ പറയുന്നത്. യുക്തിവാദം, നിരീശ്വരവാദം, സ്വതന്ത്രചിന്ത, കമ്യൂണിസം എന്നിവക്കെതിരെ മഹല്ല് കമ്മിറ്റികള്‍ വഴി വിശ്വാസികളെ ബോധവത്കരിക്കാനാണ് തീരുമാനം. സുന്നി മഹല്ല് ഫെഡറേഷനാണ് കാമ്പയിന് നേതൃത്വം നല്‍കുന്നത്. മൂന്നു മാസം നീണ്ടുനിൽക്കുന്ന 'ലൈറ്റ് ഓഫ് മിഹ്‌റാബ്' എന്ന് പേരിട്ട് നടത്തുന്ന കാമ്പയിനിൽ മതവിശ്വാസത്തിന് എതിരായി നിലപാട് എടുക്കുന്ന ആളുകൾക്കെതിരെയുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം കാമ്പയിനിൽ സംസാരിക്കാനുള്ള പ്രഭാഷകരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ എന്തൊക്കെ സംസാരിക്കണമെന്ന് ചർച്ചയായിരുന്നു. ഇതു സംബന്ധിച്ച് കുറിപ്പും പുറത്തിറക്കിയിരുന്നു. കമ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്നാണ് കുറിപ്പിൽ പറയുന്നത്. രാഷ്ട്രീയപരമായ വിയോജിപ്പല്ല, ആദർശപരമായ വിയോജിപ്പാണ് കമ്യൂണിസത്തോട് ഉള്ളതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. പഴയക കാല കമ്യൂണിസ്റ്റ് നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെ മതവിശ്വാസികൾക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ചിന്ത വാരികയിൽ 2004ൽ എഴുതിയ ഒരു ലേഖനത്തിലെ വരികൾ ഉദ്ധരിച്ചാണ് ഇക്കാര്യം കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.
സമസ്ത കേന്ദ്ര മുശാവറ അംഗവും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി വൈസ് ചാന്‍സിലറുമായ ഡോ. ബഹാഉദ്ദീന്‍ നദ്‌വി സുപ്രഭാതം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലും വിഷയം പ്രതിപാദിക്കുന്നുണ്ട്. ''മുസ്‌ലിംകള്‍ക്കിടയില്‍ കമ്യൂണിസത്തിന്റെ ഗൗരവം തമസ്‌കരിക്കപ്പെട്ട് അതു കേവലമൊരു രാഷ്ട്രീയ ആശയമായി മാറിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാനപരമായി കമ്യൂണിസ്റ്റുകള്‍ ദൈവവിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. മാര്‍ക്‌സും ഏംഗല്‍സും മുതല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ വരെ അതു സുതരാം വ്യക്തമാക്കിയതാണ്. 'കമ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നു'വെന്നാണ് മാര്‍ക്‌സിന്‍റെ വീക്ഷണം.
ലിബറല്‍ ധാര്‍മികതയാണ് കമ്യൂണിസത്തിന്റെ ആശയം. സ്വതന്ത്ര ലൈംഗികതയെ വരെ അവര്‍ പ്രോത്സാഹിപ്പിക്കുന്നു. ഇക്കഴിഞ്ഞ മെയ് ഏഴിനു കമ്യൂണിസ്റ്റ് വിദ്യാര്‍ഥി സംഘടന 'അന്തര്‍ദേശീയ സ്വയംഭോഗ ദിനം' സജീവമായി ആചരിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മാന്യതയുള്ളവര്‍ പറയാന്‍പോലും താല്‍പര്യപ്പെടാത്ത കാര്യങ്ങള്‍ പൊതുഇടങ്ങളില്‍ ആഘോഷിക്കാന്‍ മടിയില്ലാത്തവിധം ഇവരുടെ മനസിനെ വികൃതമാക്കിയത് ഇത്തരം ലിബറല്‍ കാഴ്ചപ്പാടുകളാണ്. പതിയിരിക്കുന്ന അപകടമാണ് കമ്യൂണിസം എന്ന് തിരിച്ചറിയാന്‍ നമുക്കു കഴിയേണ്ടതുണ്ട്'' -ബഹാഉദ്ദീൻ നദ്‌വി ലേഖനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.