സമസ്ത അടിയന്തര മുശാവറ യോഗം നാളെ; ബഹാഉദ്ദീൻ നദ്‍വിക്ക് പങ്കെടുക്കാനാവില്ല
text_fieldsമലപ്പുറം: ആനുകാലിക വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുശാവറ യോഗം ചൊവ്വാഴ്ച കോഴിക്കോട്ട് നടക്കും. കഴിഞ്ഞ മുശാവറ യോഗത്തിൽനിന്ന് അധ്യക്ഷൻ ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയ സംഭവത്തിന് ശേഷം ചേരുന്ന യോഗമാണിത്. ഏറെ വിവാദങ്ങളും കൊമ്പുകോർക്കലുകളുമാണ് കഴിഞ്ഞ മുശാവറയോഗത്തിലും തുടർന്നുമുണ്ടായത്.
ജോയിന്റ് സെക്രട്ടറി മുക്കം ഉമർ ഫൈസിക്കെതിരെ കടുത്ത വിമർശനമുയർന്നതും അദ്ദേഹത്തന്റെ ‘കള്ളൻമാർ’ പ്രയോഗവും സമസ്തയുടെ പണ്ഡിതസഭായോഗത്തെ അലങ്കോലമാക്കി. തുടർന്നാണ് ജിഫ്രി മുത്തുകോയ തങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ സാഹചര്യം ഉണ്ടായത്. മുക്കം ഉമ്മർ ഫൈസിക്കെതിരെ ഈ യോഗത്തിൽ നടപടിയുണ്ടാവുമോ എന്നാണ് എതിരാളികൾ ചോദിക്കുന്നത്. അടുത്ത കാലത്തായി സമസ്തയിൽ രൂപം കൊണ്ട ചേരിപ്പോര് പരസ്യമായ സംഭവമായിരുന്നു കഴിഞ്ഞ തവണത്തെ യോഗം. ഉമർ ഫൈസി മുക്കത്തെ ചോദ്യം ചെയ്ത പ്രമുഖ നേതാവ് ഡോ. ബഹാഉദ്ദീന്‍ നദ്‍വി ചൊവ്വാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് സൂചന. അദ്ദേഹം വൈസ് ചാൻസലറായ ദാറുല്‍ഹുദാ റൂബി ജൂബിലിയുടെ പ്രധാന പരിപാടിയായ രാജ്യാന്തര കോണ്‍ഫറന്‍സ് നടക്കുന്നത് നാളെയാണ്.
അദ്ദേഹത്തിന് യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്നറിഞ്ഞു കൊണ്ട് ബോധപൂർവം യോഗം ചൊവ്വാഴ്ച നടത്താൻ തീരുമാനിച്ചതാണെന്ന് സമസ്തക്കുള്ളിൽ അഭിപ്രായമുയർന്നിട്ടുണ്ട്. സാധാരണ ബുധനാഴ്ചകളിലാണ് യോഗം നടക്കാറുള്ളത്. ഇത് ചൊവ്വാഴ്ചയാക്കിയത് ബഹാഉദ്ദീൻ നദ്‍വി പങ്കെടുക്കാതിരിക്കാനുള്ള എതിർ വിഭാഗത്തിന്റെ നീക്കമാണെന്നാണ് പരാതി. പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനം കഴിഞ്ഞ ശേഷമാണ് പുതിയ മുശാവറ. ലീഗും സമസ്തയും തമ്മിൽ പരസ്പരം ഏറ്റുമുട്ടരുതെന്നായിരുന്നു സമ്മേളനത്തിൽ ജിഫ്രിതങ്ങളുടെ ആഹ്വാനം. പാണക്കാട് തങ്ങൻമാരെ സമൂഹത്തിൽ അവഹേളിക്കുന്ന തരത്തിലുള്ള പ്രവർത്തനം ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.