ഹിജാബ് വിലക്കിനെതിരെ സമസ്ത സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന കർണാടക ഹൈകോടതി വിധി ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുപ്രീംകോടതിയിൽ. മുസ്‌ലിം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തലമുടിയും കഴുത്തും മറക്കണം എന്നത് ഇസ്‍ലാംമത വിശ്വാസമാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സമസ്ത ഹരജിയിൽ ബോധിപ്പിച്ചു.
ഹിജാബ് വിലക്ക് ശരിവെച്ച കർണാടക ഹൈകോടതി വിധിക്കെതിരെ ഉഡുപ്പി കുന്ദാപുര ഗവൺമെന്‍റ് പി.യു കോളജിലെ ഒന്നാം വർഷ വിദ്യാർഥിനി അയ്ഷ ശിഫാത് അടക്കമുള്ളവർ സമർപ്പിച്ച അപ്പീൽ അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കിയിരുന്നു . ഈമാസം 28ന് പരീക്ഷയാണെന്നും ഹിജാബ് ധരിച്ച പെൺകുട്ടികളെ സ്കൂളുകളിൽ വിലക്കുന്നതിനാൽ ഒരു വർഷം നഷ്ടപ്പെടുമെന്നും ബോധിപ്പിച്ചിട്ടും നിലപാട് മാറ്റാൻ ചീഫ് ജസ്റ്റിസ് തയാറായില്ല. ഹിജാബ് വിഷയത്തിൽ പരീക്ഷക്ക് ഒന്നും ചെയ്യാനില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ഇതിനു പിന്നാലെയാണ് സമസ്തയും സുപ്രീംകോടതിയെ സമീപിച്ചത്. മുസ്‌ലിം സ്ത്രീകളുടെ ശിരോവസ്ത്രം മതവിശ്വാസത്തിന്റെ ഭാഗമാണ് എന്ന് സമസ്ത ഹരജിയിൽ ചൂണ്ടിക്കാട്ടി. ഹിജാബ് എന്ന വാക്ക് ഖുർആനിൽ ഉപയോഗിച്ചിട്ടില്ല എന്നതുകൊണ്ട് മാത്രം ശിരോവസ്ത്രത്തെ വിലക്കാൻ കഴിയില്ല. ഹിജാബ് അനിവാര്യമായ മതാചാരമാണ്. യൂനിഫോമിനൊപ്പം അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാനുള്ള അനുമതിയാണ് തേടുന്നത്. കർണാടക സർക്കാർ നടപടി ബഹുസ്വരതക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും സമസ്ത സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.