ഹക്കീം ഫൈസിക്കു പിന്നിൽ ജമാഅത്തെ ഇസ്ലാമി -സമസ്ത നേതാക്കൾ
text_fieldsകോഴിക്കോട്: സി.ഐ.സി ജന. സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന് സമസ്ത മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, കെ. ഹൈദർ ഫൈസി പനങ്ങാങ്ങര, അസ്ഗറലി ഫൈസി പട്ടിക്കാട്, പി.എം. അബ്ദുസലാം ബാഖവി വടക്കേക്കാട് എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
പ്രവാചകന്‍റെ കാലത്ത് രാഷ്ട്ര ഭരണ കാര്യങ്ങൾക്കാണ് മുൻഗണന നൽകപ്പെട്ടതെന്ന അദ്ദേഹത്തിന്‍റെ വാദം ജമാഅത്തിന്‍റെ മത രാഷ്ട്ര വാദത്തിന്‍റെ ഒളിച്ചുകടത്തലാണ്. സി.ഐ.സി സെനറ്റിലും സിൻഡികേറ്റിലും വനിതകൾക്ക് പ്രാതിനിധ്യമാകാമെന്ന വാദവും സമസ്തക്ക് അംഗീകരിക്കാനാവില്ല.
അദ്ദേഹത്തിന്‍റെ ഇത്തരം നിലപാടുകൾകൊണ്ടും മധ്യസ്ഥരുടെ ഒമ്പത് ഇന നിർദേശങ്ങൾ അംഗീകരിക്കാത്തതുകൊണ്ടുമാണ് സി.ഐ.സിയുമായുള്ള ബന്ധം പൂർണമായും സമസ്ത വിഛേദിച്ചത്. മുസ്ലിം ലീഗിൽ വഹാബികൾ ഉള്ളതുപോലെ സി.ഐ.സിയെയും അവർ ഉൾക്കൊള്ളുന്നുണ്ടെങ്കിൽ സമസ്തക്ക് ഒന്നും ചെയ്യാനില്ല. എന്നാൽ, സമസ്തയുമായി ഇതുവരെ നിലനിന്ന സൗഹൃദത്തിന് വീഴ്ച വരുത്താതെ സൂക്ഷിക്കുന്നത് നല്ലതാണെന്നും നേതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞദിവസം ഹക്കീം ഫൈസി സമസ്തക്കെതിരിൽ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാന രഹിതമാണ്. പരാതിയുമായി ബന്ധപ്പെട്ട് സമസ്ത മുശാവറ ചുമതലപ്പെടുത്തിയ സമിതി അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. യഥാർഥ വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറിയ മറുപടികളാണ് അദ്ദേഹം നൽകിയത്. വീണ്ടും ചർച്ചക്ക് ഒരുങ്ങവെ, ഹക്കീം ഫൈസി ജന. സെക്രട്ടറിയായി ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെട്ടതിലൂടെ പ്രശ്നപരിഹാരത്തിനുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കുകയായിരുന്നുവെന്നും മുശാവറ അംഗങ്ങൾ പറഞ്ഞു.
മുശാവറ യോഗത്തിൽനിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയത് നിഷേധിച്ച് വാർത്തകുറിപ്പ് ഇറക്കിയതിൽ തനിക്ക് സ്വന്തമായി റോളില്ലെന്നും എല്ലാം ഉസ്താദുമാരുടെ അറിവോടെയാണെന്നും സമസ്ത ഓഫിസ് മാനേജർ മോയിൻകുട്ടി മാസ്റ്റർ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.