‘ദിവ്യക്കെതിരെ നടപടിയില്ലെന്ന് പറയുമ്പോൾ പാർട്ടി ആർക്കൊപ്പമെന്ന ചോദ്യം ബാക്കി’; സി.പി.എമ്മിനും പൊലീസിനും എതിരെ സമസ്ത മുഖപത്രം
text_fieldsകോഴിക്കോട്: എ.ഡി.എം നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ സി.പി.എമ്മിനും പൊലീസിനും എതിരെ സമസ്ത മുഖപത്രം . ദിവ്യക്കെതിരെ നടപടിയില്ലെന്ന് പറയുമ്പോൾ പാർട്ടി ആർക്കൊപ്പമെന്ന ചോദ്യം ബാക്കിയാണെന്ന് സുപ്രഭാതത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു.
പൊലീസും പാർട്ടിയും കവചമൊരുക്കിയതിനാലാണ് ദിവ്യയുടെ അറസ്റ്റ്. ദിവ്യക്ക് അനുകൂലമായി കലക്ടറെ കൊണ്ട് മൊഴി മാറ്റിച്ചു. നവീന്‍റെ ബന്ധുക്കൾ എത്തുന്നതിന് മുമ്പ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത് സംശയാസ്പദമാണ്. ജയിലിൽ കഴിയുന്ന ദിവ്യക്കെതിരേ ഒരു നടപടിക്കും പാർട്ടി ഒരുക്കമല്ല എന്ന് പറയുമ്പോൾ ആർക്കൊപ്പമെന്ന ചോദ്യം അവശേഷിക്കുകയാണ്. കേരളത്തിന്‍റെ മനഃസാക്ഷി നവീൻ ബാബുവിന്‍റെ കുടുംബത്തിനൊപ്പമെന്ന് എന്തു കൊണ്ടാണ് സി.പി.എം തിരിച്ചറിയാതെ പോകുന്നത്.
സാങ്കേതികത്വത്തിന്‍റെ പേരിൽ നടപടിയെടുക്കാതെ പാർട്ടി ഉൾവലിയുമ്പോൾ കുറ്റക്കാർക്ക് വീണ്ടും കവചമൊരുക്കുകയല്ലേ ചെയ്യുന്നത്. ഇത് അന്വേഷണത്തെ പിന്നോട്ടു വലിക്കുമെന്ന കാര്യത്തിൽ ആർക്കെങ്കിലും സംശമുണ്ടാകുമോ?. ദിവ്യയുടെ ആരോപണങ്ങളും അഴിമതി പരാതികളും വ്യക്തമായി തെളിയിക്കാത്ത പക്ഷം, ഉയരുന്ന ആക്ഷേപങ്ങൾ ശരിവെക്കുന്ന തരത്തിൽ നവീൻ ബാബുവിന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്വം സി.പി.എം വനിത നേതാവിനുമേൽ തന്നെ നിൽക്കും.
ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥന്റെ മരണത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട വനിതാ നേതാവിനെ, മരണം നടന്ന് രണ്ടാഴ്ചക്കു ശേഷം നമ്മുടെ പൊലിസ് ഈ വിധത്തിൽ അറസ്റ്റ് ചെയ്തപ്പോൾ അപഹാസ്യമായത് നിയമവ്യവസ്ഥ കൂടിയാണ്. സി.പി.എം നേതാവ് എന്ന ആനുകൂല്യത്തിൽ കേരള പൊലിസ് ദിവ്യക്ക് നൽകിയ സൗകര്യങ്ങൾ എക്കാലവും സേനയുടെ തൊപ്പിയിൽ കളങ്കമായിത്തന്നെ അവശേഷിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.