സമസ്ത കേന്ദ്ര മുശാവറ അംഗം എ. മരക്കാർ ഫൈസി നിര്യാതനായി
text_fieldsതിരൂർ: പ്രമുഖ കർമശാസ്ത്ര പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ നിറമരുതൂർ മരക്കാർ ഫൈസി (74) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12ഒാടെയായിരുന്നു മരണം. വിശ്രമ ജീവിതത്തിനിടയിലും പൊതുരംഗത്ത് സജീവമായിരുന്നു.
താനൂർ ഇസ്ലാഹുൽ ഉലൂം അറബിക് കോളജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ എന്നീ സ്ഥാപനങ്ങളിലായിരുന്നു പഠനം. ജാമിഅയിൽനിന്ന് 1971ൽ ഒന്നാം റാങ്കോടെയാണ് പാസായത്. കരിങ്ങനാട്, കോട്ടക്കൽ പാലപ്പുറം, ചെമ്മൻകടവ്, വള്ളികാഞ്ഞിരം, കൈനിക്കര, കാരത്തൂർ ബദ്രിയ്യ കോളജ്, പൊന്മുണ്ടം, അയ്യായ, വാണിയന്നൂർ എന്നിവിടങ്ങളിലായി ദീർഘകാലം ദർസ് നടത്തിയിട്ടുണ്ട്. അഞ്ച് വർഷത്തോളമായി താനൂർ ഇസ്ലാഹുൽ ഉലൂം അറബിക് കോളജ് സീനിയർ മുദരിസാണ്.
സമസ്ത ഫത്വ കമ്മിറ്റി അംഗം, സമസ്ത തിരൂർ താലൂക്ക് പ്രസിഡൻറ്, ഇസ്ലാഹുൽ ഉലൂം അറബി കോളജ് വൈസ് പ്രസിഡൻറ്, വളവന്നൂർ ബാഫഖി യതീംഖാന കമ്മിറ്റിയംഗം, ചെമ്മാട് ദാറുൽ ഹുദാ യൂനിവേഴ്സിറ്റി കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഹിമാൻ, ശരീഫ്, റാബിയ, റൈഹാനത്ത്, ഉമ്മുഹബീബ, ഹന്നത്ത്, പരേതനായ അബ്ദുൽ ഹക്കീം. മരുമക്കൾ: ബഷീർ മുത്തൂർ, റശീദ് ചെമ്പ്ര, കെ.പി.എ. റസാഖ് ഫൈസി ആലിങ്ങൽ, അബ്ദുസലീം തലക്കട്ടൂർ, സുഹറ പത്തമ്പാട്, രഹന വെട്ടിച്ചിറ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി മുസ്ലിയാർ, ഹൈദർ ഹാജി, ആയിശുമ്മ, ഫാത്തിമ, പരേതരായ അബ്ദുല്ല മുസ്ലിയാർ, ഫാത്തിമക്കുട്ടി. മയ്യിത്ത് പത്തമ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.