ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് പോയ കുഞ്ഞാലിക്കുട്ടി ആ പണി തുടരുന്നതാണ് നല്ലത് -ഉമര്‍ ഫൈസി മുക്കം
text_fieldsകോഴിക്കോട്: ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഡല്‍ഹിയിലേക്ക് പോയ പി.കെ കുഞ്ഞാലിക്കുട്ടി ആ പണി തന്നെ തുടരുന്നതാണ് നല്ലതെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. എൽ.ഡി.എഫ് സര്‍ക്കാര്‍ ഒരു മുസ്‌ലിം വിരുദ്ധ സര്‍ക്കാരാണെന്ന് സമസ്തയ്ക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധം തുടർന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിനെ എതിർക്കും. അവരുമായി കൂട്ട് കൂടിയാല്‍ കൂടിയവര്‍ നശിക്കും. യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയത് പ്രാദേശിക നീക്കുപോക്കാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയാല്‍ സമസ്ത എതിര്‍ക്കുമെന്നും അദ്ദേഹം റിപ്പോർട്ടർ ടി.വി ചർച്ചയ്ക്കിടെ പറഞ്ഞു.
ഉത്തരേന്ത്യയിലാണ് മുസ്‌ലിം സമുദായം ശിഥിലമായി കിടക്കുന്നത്. അവിടെ പ്രവര്‍ത്തനം കേന്ദ്രീകരിക്കാനാണ് കുഞ്ഞാലിക്കുട്ടി ഡല്‍ഹിക്ക് പോയത്. ബി.ജെ.പിയുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും അവിടെയാണ്. അത് പാതിവഴിയില്‍ ഉപേക്ഷിച്ച് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോരുന്നത് അത്രനല്ലകാര്യമായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ സര്‍ക്കാരും സമസ്തയോട് ഇടപെട്ടത് മാന്യമായാണ്. ഞങ്ങളുടെ ആവശ്യങ്ങളോട് അനുഭാവ പൂര്‍വ്വമായാണ് പ്രതികരിച്ചത്. എല്ലാ കാര്യങ്ങളും നടപ്പാക്കിത്തന്നു എന്നല്ല. എല്ലാ കാര്യങ്ങളും ചെയ്യാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടാവും. എന്നാല്‍, പല നല്ല കാര്യങ്ങളും ചെയ്തത് കണക്കാക്കണം.
മുസ്‌ലിം ലീഗ് യു.ഡി.എഫിന്‍റെ നേതൃത്വം പിടിക്കുകയാണെന്ന ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ വിഴുപ്പലക്കലില്‍ സമസ്തക്ക് പങ്കില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. തീവ്രവാദ സ്വഭാവമുള്ള എല്ലാ സംഘടനകളെയും അകറ്റി നിര്‍ത്തണം എന്നാണ് സമസ്തയുടെ നിലപാട്. മതേതര പാരമ്പര്യമുള്ള പാര്‍ട്ടികള്‍ അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.