സമസ്തയിൽ ശുദ്ധീകരണം വേണം, അശുദ്ധി നിറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത് -അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി
text_fieldsമലപ്പുറം: സമസ്തയിൽ ശുദ്ധീകരണം വേണമെന്ന് കോഓഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി. അശുദ്ധി നിറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമസ്തയിൽ നടക്കുന്നത്. പൊതുസമൂഹം ഇക്കാര്യം നേരിട്ട് മനസ്സിലാക്കിവരുകയാണ്. ഇതിൽ ശുദ്ധീകരണം അനിവാര്യമാണെന്നും ഹക്കീം ഫൈസി മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സമസ്ത പുരോഗമന ശൈലികളോട് വൈമുഖ്യം കാണിക്കുന്നുണ്ട്. യാഥാസ്ഥിതിക മനോഭാവങ്ങളിൽനിന്ന് മാറി പുരോഗമന ശൈലി ഉൾക്കൊള്ളുന്ന സമീപനം സ്വീകരിക്കണം. എല്ലാ തീവ്രവാദ നിലപാടുകൾക്കും എതിരായ വ്യക്തിയാണ് താനെന്നും സമസ്ത മുശാവറ അംഗം സലാം ബാഖവി നടത്തുന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ഹക്കീം ഫൈസി പറഞ്ഞു. തന്റെ നിലപാടുകളെക്കുറിച്ച് താൻ പഠിപ്പിച്ച വിദ്യാർഥികളോട് ചോദിച്ചാൽ മതി.
ഇത്തരം വിവാദങ്ങൾ അവസാനിപ്പിക്കണം. ഒരു മുസ്‌ലിമിനും തീവ്രവാദിയാകാൻ കഴിയില്ല. ഇത്തരം പ്രചാരണങ്ങൾക്കെതിരെ നിയമനടപടിയെക്കുറിച്ച് ആലോചിക്കും. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത് ഉമർ ഫൈസിയും മറ്റൊരു വ്യക്തിയുമാണ്. പാണക്കാട് കുടുംബത്തെ തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് സാദിഖലി തങ്ങൾക്കെതിരെ അടക്കം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.ഐ.സിയുമായി ബന്ധപ്പെട്ട പരാതി ഇതുവരെ ചർച്ച ചെയ്യാൻ സമസ്ത തയാറായിട്ടില്ല. ഇക്കാര്യത്തിൽ സമസ്തക്ക് താൽപര്യമില്ലാത്തപോലെയാണ് അനുഭവപ്പെടുന്നത്. ഇതുസംബന്ധിച്ച് നിരവധി തവണ സമസ്ത നേതൃത്വത്തിന് കത്ത് നൽകിയിട്ടും മറുപടി ലഭിച്ചിട്ടില്ലെന്നും അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.