സമസ്തയിൽ മഞ്ഞുരുക്കം; മധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കണമെന്ന് അഭിപ്രായം
text_fieldsകോഴിക്കോട്: ഇടവേളക്കുശേഷം ഇരു സമസ്തകൾ തമ്മിലെ സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്താൻ ശ്രമം. കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ തുടർന്നാണ് ഇതു സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചത്. എന്നാൽ, ഇരു സുന്നി വിഭാഗങ്ങളുടെയും ഔദ്യോഗിക സംവിധാനങ്ങളിലൊന്നും വിഷയം ചർച്ചയായിട്ടില്ല. സുന്നി ഐക്യം എന്നത് കാന്തപുരം പുതുതായി പറയുന്നതല്ലെന്നും നേരത്തെ പരസ്യപ്പെടുത്തിയ നിലപാടാണെന്നും എ.പി വിഭാഗം നേതാക്കൾ പറയുമ്പോൾ ഐക്യത്തിന് വിരുദ്ധമായ പ്രവർത്തനം തങ്ങളുടെ ഭാഗത്തുനിന്ന് മുമ്പും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് ഐക്യ പ്രസ്താവനയെ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ സ്വാഗതം ചെയ്തതെന്നും ഇ.കെ വിഭാഗവും വ്യക്തമാക്കുന്നു.
ഇതിലപ്പുറം വ്യാഖ്യാനിക്കാനുള്ള പുതിയ വിഷയങ്ങളൊന്നുമുണ്ടായില്ലെന്നും നേതാക്കൾ പറയുന്നു. അതേസമയം, പള്ളികളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇരു സമസ്തകളും തമ്മിൽ നിലനിന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നേരത്തെ നടത്തിയ മധ്യസ്ഥ ശ്രമങ്ങൾ ഏറക്കുറെ ഫലംകണ്ട സാഹചര്യത്തിൽ ഇടക്കാലത്ത് വഴിമുട്ടിയ ചർച്ച പുനരാരംഭിക്കണമെന്ന അഭിപ്രായം ഇരുവിഭാഗങ്ങൾക്കുമുണ്ട്.
ശരീഅത്ത് വിവാദ കാലത്ത് പിളർന്നതിനെ തുടർന്ന് ഇരു സമസ്തകളുടെയും പള്ളി, മദ്റസ, മറ്റു സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. പലയിടത്തും ഇത് അക്രമത്തിൽ കലാശിക്കുകയും കേസുകളെ തുടർന്ന് പല സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്ത സാഹചര്യത്തിലാണ് 2018ൽ ഇരു സമസ്തകളും തമ്മിലെ സൗഹൃദാന്തരീക്ഷം വീണ്ടെടുക്കാൻ മധ്യസ്ഥ ശ്രമം തുടങ്ങിയത്. പാണക്കാട് സാദിഖലി തങ്ങളുടെയും ഡോ. ഇ.എൻ. അബ്ദുല്ലത്തീഫിന്റെയും മധ്യസ്ഥതയിലായിരുന്നു ഇരുവിഭാഗം പ്രതിനിധികളെയും ഒന്നിച്ചിരുത്തി ചർച്ചകൾ നടന്നത്.
സാദിഖലി തങ്ങൾ ചെയർമാനും ഡോ. ലത്തീഫ് കൺവീനറുമായി രൂപവത്കരിച്ച മധ്യസ്ഥസമിതിയിൽ ഇ.കെ വിഭാഗത്തിൽനിന്ന് ഡോ. ബഹാഉദ്ദീൻ നദ്വി കൂരിയാട്, മുക്കം ഉമർ ഫൈസി, എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരും എ.പി വിഭാഗത്തിൽനിന്ന് പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവരുമായിരുന്ന പ്രതിനിധികൾ. ഇരുകൂട്ടരും പലവട്ടം മുഖാമുഖം ചർച്ച നടത്തി. ഇതേതുടർന്ന് മഹല്ലുകളിലെ സംഘർഷാവസ്ഥക്ക് അയവുണ്ടായി. പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്ന് ഇരുവിഭാഗങ്ങളുടെയും അധ്യക്ഷന്മാർ അണികൾക്ക് നിർദേശം നൽകി.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് എ.പി വിഭാഗത്തിന് സി.പി.എമ്മിലുള്ള സ്വാധീനം ഉപയോഗിച്ച് സ്ഥാപനങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കമുണ്ടാകുമെന്ന് ഇ.കെ വിഭാഗത്തിന് ആശങ്കയുണ്ടായിരുന്നു. ഇങ്ങനെ സംഭവിക്കാതിരിക്കാൻ സമസ്ത നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് അഭ്യർഥന നടത്തി. ഇ.കെ വിഭാഗത്തിൽ സ്വാധീനമുണ്ടാക്കാനുള്ള അവസരമായി കണ്ട് വിഷയത്തിൽ നിഷ്പക്ഷ സമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. ഇതോടൊപ്പം മധ്യസ്ഥ ചർച്ചകൾ കൂടിയായപ്പോൾ പ്രശ്നങ്ങൾക്ക് മഞ്ഞുരുക്കമുണ്ടായി.
എന്നാൽ, വിവിധ കാരണങ്ങളാൽ പരസ്പര ചർച്ച ഇടക്കാലത്ത് നിലച്ചെങ്കിലും അന്നുണ്ടാക്കിയ ധാരണ ഇരുവിഭാഗവും ലംഘിച്ചിരുന്നില്ല. പുതിയ പ്രശ്നങ്ങൾ ഉടലെടുത്തതുമില്ല. ചില സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കേസുകൾ നിലനിൽക്കുന്നുണ്ട്. ഇതടക്കം പരിഹരിച്ച് സൗഹൃദം കൂടുതൽ ശക്തിപ്പെടുത്താൻ മധ്യസ്ഥസമിതി വീണ്ടും സജീവമാക്കണമെന്ന അഭിപ്രായം ഇരു വിഭാഗത്തിനുമുണ്ട്. കാന്തപുരത്തിന്റെ അനുകൂല പ്രസ്താവനയും ജിഫ്രി തങ്ങൾ അതിനെ സ്വാഗതം ചെയ്തതും സാദിഖലി തങ്ങൾ മധ്യസ്ഥ ശ്രമങ്ങൾക്ക് പച്ചക്കൊടി വീശിയതും ഇരുവിഭാഗത്തിനും പ്രതീക്ഷക്ക് വകനൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.