പ്രതിഷേധജ്വാല പടർത്തി സമസ്തയുടെ പൗരത്വ സംരക്ഷണ സമ്മേളനം
text_fieldsകോഴിക്കോട്: പൗരത്വത്തിൽ വിവേചനം അനുവദിക്കാൻ മനസ്സില്ലെന്ന പ്രഖ്യാപനവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പൗരത്വസംരക്ഷണ സമ്മേളനം. പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള സമ്മേളനത്തിൽ ഒഴുകിയെത്തിയ വൻ പുരുഷാരം, കേന്ദ്രസർക്കാർ നീക്കത്തിനെതിരായ നാടിെൻറ രോഷമായി. ശാന്തമായ കടലോരത്ത് ശനിയാഴ്ച ഉച്ച മുതലേ ആളെത്തിത്തുടങ്ങിയിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന കുടിലതന്ത്രമാണ് പൗരത്വ ഭേദഗതി നിയമമെന്ന് അദ്ദേഹം പറഞ്ഞു. മതപരമായ ധ്രുവീകരണം രാജ്യത്തു വളര്‍ത്തിക്കൊണ്ടുവരികയെന്ന കൃത്യമായ അജണ്ട ബി.ജെ.പിക്കുണ്ട്. പ്രത്യേക സമുദായത്തിനു മാത്രം പൗരത്വം നിഷേധിച്ച അനുഭവം ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടില്ല. ഭരണഘടനയുടെ 14ാം വകുപ്പ് ഇത്തരം വിഭാഗീയ നടപടികള്‍ അംഗീകരിക്കാത്തതിനാൽ മോദി സര്‍ക്കാറിെൻറ ഈ നീക്കം നിയമപ്രകാരം നിലനില്‍ക്കില്ലെന്നും തങ്ങൾ പറഞ്ഞു.
മതത്തിെൻറ പേരില്‍ ഒരു വിഭാഗത്തിനു മാത്രം പൗരത്വം നിഷേധിക്കുന്നതു ഭരണഘടനവിരുദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളും ഒരുമിച്ചുനിന്ന് കരിനിയമത്തിനെതിെര പോരാടണം. രാഷ്ട്രീയ വൈരം മറന്നു മതേതരകക്ഷികള്‍ മുസ്‌ലിം സമുദായത്തെ ഈ ദുഃസ്ഥിതിയില്‍നിന്നു രക്ഷപ്പെടുത്തണം -ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
പി.പി. ഉമര്‍ മുസ്ലിയാര് കൊയ്യോട് പ്രതിജ്ഞ ചൊല്ലി. മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എളംമരം കരീം, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണന്‍, ഇ.കെ. വിജയന്‍ എം.എല്‍.എ, പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, സി.കെ.എം. സ്വാദിഖ് മുസ്ലിയാർ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്, യു.എം. അബ്ദുറഹ്മാന് മുസ്ലിയാര്, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ്വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ സംസാരിച്ചു. മാണിയൂര്‍ അഹമ്മദ് മുസ്ലിയാര് സമാപന പ്രാർഥന നടത്തി. എം.ടി. അബ്ദുല്ല മുസ്ലിയാര് സ്വാഗതവും ഉമര്‍ ഫൈസി മുക്കം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.