സ്ഥിരം ഏകോപന സമിതി ആവശ്യമില്ലെന്ന് സമസ്ത
text_fieldsകോഴിക്കോട്: മുസ്ലിം സംഘടനകളുടെ സ്ഥിരം കോഓഡിനേഷൻ കമ്മിറ്റി ആവശ്യമില്ലെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ. വഖഫ് പ്രശ്നത്തിൽ സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സ്വീകരിച്ച നിലപാടിന് തുടർച്ചയായാണ് സ്ഥിരം ഏകോപന സമിതി ആവശ്യമില്ലെന്ന തീരുമാനം.
കഴിഞ്ഞമാസം എട്ടിനു ചേർന്ന സമസ്ത കേന്ദ്ര മുശാവറയുടെയും തുടർന്ന് ജനുവരി ഒന്നിന് ചേർന്ന സമസ്ത ഏകോപന സമിതിയുടെയും തീരുമാനമായാണ് കീഴ്ഘടകങ്ങൾക്ക് സമസ്ത നേതൃത്വത്തിെൻറ നിർദേശം. കോഓഡിനേഷൻ കമ്മിറ്റിയുടെ ആവശ്യമില്ലെന്ന് വിലയിരുത്തിയ നേതൃത്വം അടിയന്തര ഘട്ടങ്ങളിൽ പാണക്കാട് തങ്ങൾ വിളിക്കുന്ന യോഗത്തിൽ മാത്രം പങ്കെടുത്താൽ മതിയെന്നും തീരുമാനിച്ചു. ഇത്തരം യോഗങ്ങളിൽ സമസ്ത പ്രതിനിധികളായി ആരൊക്കെ പങ്കെടുക്കണമെന്നത് നേതാക്കൾ നിശ്ചയിക്കുമെന്നും സമസ്ത ജന. സെക്രട്ടറി വ്യക്തമാക്കി.
വഖഫ് പ്രശ്നത്തിൽ പാണക്കാട് സാദിഖലി തങ്ങൾ മുൻകൈയെടുത്താണ് മുസ്ലിം സംഘടനകളുടെ ഏകോപന സമിതി യോഗം വിളിച്ചത്. ഇതുസംബന്ധിച്ച ആദ്യ യോഗത്തിൽ വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാൻ തീരുമാനമെടുത്തു. പ്രതിഷേധം എങ്ങനെയാവണമെന്ന് തീരുമാനിക്കാൻ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും പിന്നീട് ചേർന്ന യോഗത്തിൽ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. സമസ്ത പ്രതിനിധികൾ കൂടി പങ്കെടുത്ത യോഗ തീരുമാനത്തിൽനിന്ന് സംഘടന പിന്മാറുന്നതായി പിന്നീട് പ്രസിഡന്റ് ജിഫ്രി തങ്ങൾ പ്രഖ്യാപിച്ചു. ഇത് സമസ്തയിൽതന്നെ പ്രതിഷേധവും ഭിന്നാഭിപ്രായവും രൂപപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മുശാവറയുടെ പുതിയ തീരുമാനം.
പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്താണ് സമുദായത്തെ ബാധിക്കുന്ന പൊതുവിഷയങ്ങളിൽ സംഘടനകളുടെ കൂട്ടായ്മ രൂപപ്പെടുത്തിയത്. ആശയപരമായ ഭിന്നതക്കിടയിലും പാണക്കാട് തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന യോഗമെന്ന നിലയിലാണ് വിവിധ സംഘടനകൾ യോഗത്തിൽ പങ്കെടുത്തിരുന്നത്. പിന്നീട് ഹൈദരലി തങ്ങളും ഈ പാത പിന്തുടർന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണം ഹൈദരലി തങ്ങളുടെ അഭാവത്തിൽ സാദിഖലി തങ്ങളാണ് വഖഫ് വിഷയത്തിൽ സംഘടനകളുടെ ഏകോപന സമിതി യോഗം വിളിച്ചിരുന്നത്.
ഇതിലെടുത്ത തീരുമാനമാണ് പിന്നീട് സമസ്ത അധ്യക്ഷൻ തള്ളിയത്. ഏതെങ്കിലും സംഘടന മുൻകൈയെടുത്ത് ഏകോപന സമിതി വിളിച്ചിട്ടില്ലെന്നിരിക്കെ, പാണക്കാട് തങ്ങൾ വിളിക്കുന്ന യോഗത്തിൽ മാത്രം പങ്കെടുത്താൽ മതിയെന്ന നിർദേശം എന്തിനാണെന്ന് നേതാക്കൾക്ക് വിശദീകരിക്കാനാകുന്നില്ല. അതേസമയം, ഇത്തരം യോഗങ്ങളിൽ സമസ്തക്ക് മതിയായ പ്രാമുഖ്യം കിട്ടുന്നില്ലെന്ന പരാതി ചില നേതാക്കൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.