ഭീഷണിയുണ്ടെന്ന് ജിഫ്രി തങ്ങള്‍; ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണമെന്ന് മന്ത്രി
text_fieldsമലപ്പുറം: സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം ഉൾപ്പെടെ നൽകാമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ജിഫ്രി തങ്ങള്‍ക്ക് നേരെ ഭീഷണിയുയർന്ന സാഹചര്യത്തില്‍ സർക്കാറിെൻറ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്കി.
ഫോണ്‍ മാര്‍ഗമാണ് മന്ത്രി സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അറിയിച്ചത്. എന്നാല്‍, തനിക്ക് സുരക്ഷയുടെ ആവശ്യം ഇപ്പോഴില്ലെന്നും ദിവസങ്ങള്‍ക്ക് മുമ്പാണ് ഭീഷണിയുണ്ടായെതന്നും അത് ഗൗരവത്തിലെടുക്കുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ മറുപടി നല്കി. കുറച്ചുദിവസം മുമ്പ് മലപ്പുറം ആനക്കയത്ത് സമസ്തയുടെ കീഴിലുള്ള കോളജില്‍ സംസാരിക്കവെയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തനിക്കെതിരെ ഭീഷണിയുണ്ടായതായി വെളിപ്പെടുത്തിയത്. ചെമ്പരിക്ക-മംഗലാപുരം ഖാദിയും സമസ്തയുടെ മുതിർന്ന നേതാവുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ അനുഭവമുണ്ടാകുമെന്നായിരുന്നു അജ്ഞാത ഫോണ്‍ സന്ദേശം.
അതേസമയം, ഭീഷണി മുഖവിലയ്ക്കെടുക്കുന്നില്ലെന്നും സംഘടന പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും തങ്ങള്‍ അതേ വേദിയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. സി.എം. അബ്ദുല്ല മൗലവിയെ 2010 ഫെബ്രുവരി 15ന് പുലർച്ച കടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദുരൂഹസാഹചര്യത്തിലുള്ള ഖാദിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. സമസ്തയും മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഭീഷണി ഭീരുത്വം –മന്ത്രി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെയുള്ള വധഭീഷണി ഭീരുത്വം നിറഞ്ഞതാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. അന്യായമായി കൈയടക്കിയ വഖഫ് ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍, മതവിഭജനം നടത്തി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള ലീഗിന്റെ കുറുക്കൻബുദ്ധിയെ പക്വതയോടെ കൈകാര്യം ചെയ്തതാണ് പ്രകോപനങ്ങളുടെ കാരണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് പി.എം.എ. സലാം
മലപ്പുറം: കേരളത്തിൽ മത നേതാക്കളുടെയും പണ്ഡിതന്മാരുടെയും ജീവന് വരെ ഭീഷണിയുണ്ടായിരിക്കുന്നത് ആഭ്യന്തര വകുപ്പിെൻറ പരാജയമാണെന്നും മുഖ്യമന്ത്രി ഇക്കാര്യം ഗൗരവത്തിൽ എടുക്കണമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. ജിഫ്രി തങ്ങൾക്ക് ഭീഷണിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു സലാം. ലീഗുമായി ചേർന്ന് ഭരിച്ചവരാണ് സി.പി.എം. തമിഴ്നാട്ടിൽ ഇപ്പോഴും ലീഗ് മുന്നണിയിൽ അവരുണ്ട്. മറ്റ് പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല –പി. ശ്രീരാമകൃഷ്ണൻ
തിരൂർ: സത്യം പറഞ്ഞതിെൻറ പേരിൽ സമസ്തയെയും പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങളെയും ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും ഒപ്പം നിൽക്കുമെന്നും മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ വധഭീഷണി വന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടി. ഇടതുപക്ഷ നിലപാട് സമസ്ത സ്വീകരിച്ചതിെൻറ പേരിൽ ഒരു ഭീഷണിക്കും വഴങ്ങേണ്ടതില്ല. നിലപാട് സ്വീകരിച്ചതിെൻറ പേരിലും സത്യം പറഞ്ഞതിെൻറ പേരിലും അവർ ഒറ്റപ്പെടുകയില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
സി.പി.എം മുതലെടുപ്പിന് ശ്രമിക്കുന്നെന്ന്
കോഴിക്കോട്: ചെമ്പരിക്ക ഖാദി സി.എം അബ്ദുല്ല മുസ്ലിയാരുടെ അനുഭവമുണ്ടാകുമെന്ന് ചിലര്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തലിനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.