വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം -സമസ്ത
text_fieldsകോഴിക്കോട്: വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിലൂടെ സാംസ്‌കാരിക അധഃപതനത്തിനും മൂല്യച്യുതിക്കും കാരണമാവും. പെണ്‍കുട്ടികളുടെ ശാരീരികമാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാണിതെന്നും സമസ്ത വിലയിരുത്തി.
മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതാവരുതെന്നും നേതൃത്വം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി യോഗത്തിന് ശേഷമാണ് വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ചും, മുന്നാക്ക സംവരണം സംബന്ധിച്ചുമുള്ള നിലപാട് വ്യക്തമാക്കിയത്.
വികസിത രാഷ്ട്രങ്ങളുള്‍പ്പെടെ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 മുതല്‍ 18 വരെയാണെന്നിരിക്കെ ഇന്ത്യന്‍ വിവാഹ പ്രായത്തില്‍ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണ്. വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കാനും വിവിധ രാഷ്ട്രീയ-മത-സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുവാനും യോഗം തീരുമാനിച്ചു.
യാതൊരു പഠനത്തിന്‍റെയും അടിസ്ഥാനമില്ലാതെയുള്ള മുന്നാക്ക സംവരണം ഉദ്യോഗ, വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പിന്നാക്ക സംവരണ അട്ടിമറിയോടൊപ്പം സവര്‍ണ ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമായി തയാറാക്കിയ ഈ മെറിറ്റ് അട്ടിമറി ഒരു നിലക്കും അംഗീകരിക്കാനാവില്ല. സംവരണം പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുമെന്നും സമസ്ത നേതൃത്വം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.