മുജാഹിദ് സമ്മേളനം പരാജയപ്പെട്ടതിന് സമസ്തയുടെ മേൽ കുതിരകയറരുത് -ജിഫ്രി തങ്ങൾ
text_fieldsകോഴിക്കോട്: മുജാഹിദ് സമ്മേളനം പരാജയപ്പെട്ടതിന് സമസ്തയുടെ മേൽ കുതിരകയറരുതെന്നും കേരളത്തിലെ നവീനവാദികളില്‍ പലരും ഹദീസ് നിഷേധ ആശയങ്ങളെ പിന്തുടരുന്നവരാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങൾ പങ്കെടുത്ത സമസ്ത ആദർശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിംകളെ പാര്ശ്വവത്കരിക്കുന്നവരുമായി സഹകരണം പ്രഖ്യാപിക്കുന്നവര്‍ രാജ്യത്തെയും രാജ്യപാരമ്പര്യത്തെയും ഒറ്റുകൊടുക്കുന്നവരാണ്. സ്വന്തം വ്യക്തിതാല്പര്യങ്ങള്ക്കുവേണ്ടി അത്തരം നീക്കങ്ങള്‍ നടത്തല്‍ മുജാഹിദ് വിഭാഗത്തിന്റെ രീതിയാണെന്നും തങ്ങള്‍ പറഞ്ഞു. ആശയപരമായ ശത്രുതയേ സമസ്തക്ക് മുജാഹിദ് പ്രസ്ഥാനവുമായുള്ളൂ. അവരുടെ സമ്മേളനങ്ങളിൽ അതിഥികൾ വരുന്നത് സമസ്തക്ക് വിഷയമല്ല. മുജാഹിദ് ആദർശ സമ്മേളനങ്ങളിൽ പാണക്കാട് കുടുംബത്തിൽനിന്ന് ആരും പങ്കെടുക്കരുതെന്നത് പ്രഖ്യാപിതനയമാണ്.
മുജാഹിദ് സംഘടന ശക്തിപ്പെടുമ്പോൾ സമസ്ത ദുർബലമാവുമെന്നാണ് അവർ പറയുന്നത്. നാലുദിവസം കൊണ്ട് ഇതുപോലൊരു മഹാസമ്മേളനം നടത്താൻ അവർക്ക് സാധിക്കുമോയെന്ന് ജിഫ്രി തങ്ങൾ ചോദിച്ചു. കേവലം യുക്തിയനുസരിച്ച് മതനിയമങ്ങളെ കണ്ടെത്തുന്നത് ഇസ്ലാമിന്റെ രീതിയല്ല. മതവിധികള്‍ മനുഷ്യയുക്തി ഉപയോഗിച്ചല്ല കണ്ടെത്തേണ്ടത്.
ഇസ്ലാമിന്റെ തനിമ നിലനിര്‍ത്തുകയാണ് സമസ്ത ഇക്കാലം വരെ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്രത്ത് പ്രാര്‍ഥന നിര്‍വഹിച്ചു.
അബ്ബാസലി ശിഹാബ് തങ്ങള്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്, പി.പി. ഉമര്‍ മുസ്ലിയാര് കൊയ്യോട്, ഹമീദലി ശിഹാബ് തങ്ങള്‍, യു.എം. അബ്ദുറഹിമാന് മുസ്ലിയാര്, എം.കെ. മൊയ്തീന് കുട്ടി മുസ്ലിയാര്, എം.കെ. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, കെ.ടി. ഹംസ മുസ്ലിയാര്, പി.കെ. ഹസക്കുട്ടി മുസ്ലിയാര് ആദൃശ്ശേരി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയര്മാന് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തി.
ജനറല്‍ കണ്‍വീനര്‍ എ.വി. അബ്ദുറഹിമാന് മുസ്ലിയാര് സ്വാഗതവും കെ. മോയിൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.