സന നീ ഇനി വരില്ല, എങ്കിലും വെളിച്ചമാണ് ആ വാക്കുകൾ
text_fieldsകൊച്ചി: പുറത്തെ കത്തുന്ന വെയിലിൽനിന്ന് എ.പി 10 എ.എം 7816 ബുള്ളറ്റ് ഒാടിച്ച് കാമ്പസ് മുറ്റത്തേക്ക് ശാന്തയായി കടന്നുവന്ന സന ഇഖ്ബാലിനെ അവർക്ക് ഇപ്പോഴും ഒാർമയുണ്ട്. പിന്നെ ഉൗർജപ്രവാഹം പോലെ സെമിനാർ ഹാളിൽ മുഴങ്ങിയ ആ വാക്കുകളും. വീണ്ടും വരാമെന്ന് പറഞ്ഞുപോയ സനക്കുവേണ്ടി ഇനി കാത്തിരിക്കേണ്ടെന്ന തിരിച്ചറിവ് അവരെ വേദനിപ്പിക്കുന്നു. സന അന്ന് പകർന്നുനൽകിയ ആത്മവിശ്വാസവും ആത്മധൈര്യവും അത്ര വലുതായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ ഹൈദരാബാദിൽ കാറപകടത്തിൽ മരിച്ച പ്രശസ്ത വനിത ബുള്ളറ്റ് റൈഡർ സന ഇഖ്ബാലിെൻറ സന്ദർശനം കളമശ്ശേരി എസ്.സി.എം.എസ് കാമ്പസിന് മറക്കാനാവില്ല. ആത്മഹത്യക്കും വിഷാദത്തിനും എതിരായ ബോധവത്കരണവുമായി രാജ്യത്തുടനീളം ബുള്ളറ്റില് 38,000 കിലോമീറ്ററോളം സഞ്ചരിച്ച സനയുടെ വാക്കുകളോളം തങ്ങളെ പ്രചോദിപ്പിച്ച മറ്റൊന്നുമില്ലെന്ന് വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു.
ഹൈദരാബാദ് സ്വദേശിയായ സന 2016 മാർച്ച് 15നാണ് തെൻറ ബുള്ളറ്റിൽ കളമശ്ശേരിയിലെ കാമ്പസിൽ വിദ്യാർഥികളുമായി സംവദിക്കാനെത്തിയത്. രാവിലെ മുതൽ കുട്ടികൾ ക്ലാസ്മുറിക്ക് പുറത്ത് കാത്തുനിന്നു. വിചാരിച്ചിടത്ത് എത്തിപ്പെടാൻ കഴിയാത്തതിലുള്ള നിരാശയും ഉത്കണ്ഠയും വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നതിനെക്കുറിച്ചാണ് സംവാദത്തിൽ സന പറഞ്ഞതത്രയും. ‘ഒരു പെൺകുട്ടി വിചാരിച്ചാൽ എന്തെല്ലാം കഴിയുമെന്ന് തെളിയിക്കാൻകൂടിയാണ് എെൻറ ബുള്ളറ്റ് യാത്ര. നിങ്ങൾ ഒരിക്കലും ആശയക്കുഴപ്പങ്ങളിൽ അകപ്പെടരുത്. അത് ആത്മവിശ്വാസത്തെ ദുർബലമാക്കും. ഏത് പ്രശ്നത്തിനും നിങ്ങളിൽതന്നെ പരിഹാരമുണ്ടെന്ന് ഒാർക്കുക. എന്നെപ്പോലെ സാഹസിക സംരംഭങ്ങളിൽ ഏർപ്പെടുന്നത് ആത്മധൈര്യം വർധിപ്പിക്കും. ദീർഘവീക്ഷണവും ആരോഗ്യവും തേൻറടവുമുണ്ടെങ്കിൽ നിങ്ങൾക്ക് ബുള്ളറ്റിൽ ഹിമാലയം വരെ സഞ്ചരിക്കാം’- സന പറഞ്ഞുനിർത്തുേമ്പാൾ മുന്നിലിരുന്ന മുന്നൂറിലധികം വിദ്യാർഥികൾ നിർത്താതെ കൈയടിച്ചു. എല്ലാവരോടും സൗഹൃദം പങ്കിട്ട് ഉച്ചഭക്ഷണവും കഴിച്ചാണ് സന മടങ്ങിയതെന്ന് പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്ന സനൽ പോറ്റി ഒാർക്കുന്നു. പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് സനയെ അനുസ്മരിക്കാനൊരുങ്ങുകയാണ് എസ്.സി.എം.എസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.