സനാതന ധർമം: സംഘ്പരിവാർ പ്രചാരണം ചെറുക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: ശ്രീനാരായണഗുരുവിനെ സനാതനധർമ വക്താവാക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങി സി.പി.എം. ശിവഗിരി തീർഥാടനത്തിലെ മുഖ്യമന്ത്രിയുടെ പരാമർശത്തോടെ, സനാതന ധർമം വലിയ ചർച്ചയാവുകയും പിന്നീട്, കെട്ടടങ്ങുകയും ചെയ്തെങ്കിലും പരിവാർ സംഘടനകൾ വിഷയമേറ്റെടുത്ത് പ്രചാരണം തുടങ്ങിയതോടെയാണ് പ്രതിരോധ നീക്കം.
ഗുരുദർശനത്തിന്റെ സ്വാധീനമില്ലാതാക്കാൻ ഗുരുവിനെ തന്നെ തങ്ങളുടേതാക്കുകയെന്ന തന്ത്രമാണ് സംഘ്പരിവാർ പയറ്റുന്നതെന്നാണ് സി.പി.എം ആരോപണം. ഗുരുദേവൻ പ്രശ്നവത്കരിക്കുകയും നിഷേധിക്കുകയും ചെയ്ത ജാതി സമ്പ്രദായത്തെയും അന്ധവിശ്വാസങ്ങളെയും പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ് ഫലത്തിൽ ഗുരുവിനെ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഗുരുവിനെ വെറുമൊരു ഹിന്ദു സന്യാസിയാക്കാനുള്ള ആർ.എസ്.എസ് ശ്രമം ചെറുക്കണമെന്നതാണ് സി.പി.എം ലൈൻ.
സനാതനധർമം എന്നത് യഥാർഥത്തിൽ വർണാശ്രമധർമം തന്നെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ‘ചിന്ത വാരിക’യിലെ ലേഖനത്തിൽ അടിവരയിടുന്നു.
മനുഷ്യനെ വർണങ്ങളുടെ അടിസ്ഥാനത്തിൽ വിഭജിക്കുന്ന സമ്പ്രദായത്തിനെതിരെയാണ് ശ്രീനാരായണഗുരു അടക്കം നവോത്ഥാന നായകർ രംഗത്തുവന്നത്. സനാതന മൂല്യങ്ങൾ എന്ന നിലയിൽ മുന്നോട്ടുവെച്ച ആശയങ്ങൾക്കെതിരായ പ്രായോഗിക-സൈദ്ധാന്തിക ഇടപെടലുകളായിരുന്നു ഗുരുദേവന്റെ ജീവിതം. ജാതിയുടെ അടിസ്ഥാനത്തിൽ വിഭജനം തീർക്കുന്ന സനാതനധർമത്തിന് പകരം എല്ലാ മനുഷ്യരും ഒന്നാണെന്ന സങ്കൽപമാണ് ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ചത്. ഈ സമീപനം സ്വീകരിക്കുന്ന ഗുരുവിനെ സനാതന ധർമത്തിന്റെ വക്താവായി മാറ്റുന്ന ആശയം അംഗീകരിക്കാനാവില്ലെന്നും ഗോവിന്ദൻ പറയുന്നു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ ലേഖനമടക്കം ഉൾപ്പെടുത്തി പ്രത്യേക പതിപ്പ് തന്നെയാണ് ചിന്ത പുറത്തിറക്കിയത്.
ഗുരുദേവനെ സംബന്ധിച്ച് മനുഷ്യരുടെ ഏകത്വമാണ് സനാതന ധർമമെന്നും അത് ചാതുർവർണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും നിരാസമാണെന്നും സ്വാമി സച്ചിദാനന്ദയുടെ ലേഖനത്തിലും ചൂണ്ടിക്കാട്ടുന്നു.
ആചാര പരിഷ്കരണമെന്ന ലക്ഷ്യത്തോടെ, ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ പ്രചാരണസഭ ദേവസ്വം ബോർഡിലേക്ക് നടത്തിയ മാർച്ചോടെ സർക്കാർ കൂടി പ്രതിരോധത്തിലാണ്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഉദ്യോഗങ്ങളിൽ 90 ശതമാനവും ഉയര്‍ന്ന വിഭാഗക്കാരാണെന്നും എല്ലാ സമുദായങ്ങള്‍ക്കും തുല്യ പ്രാതിനിധ്യത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്നുമാണ് ഗുരുധര്‍മ പ്രചാരണസഭ നിലപാട്.
ഗുരുദേവന്റെ കൃതികള്‍ക്ക് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇപ്പോഴും സ്ഥാനമില്ലെന്നും ഇത് തിരുത്തണമെന്നും സഭ ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.