സനാതനധർമം: ഉദയനിധിക്കെതിരെ കെ.ബി ഗണേഷ് കുമാർ; ‘അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പരിപാടി നല്ലതല്ല’
text_fieldsകൊല്ലം: സനാതനധർമ വിവാദത്തിൽ ഡി.എം.കെ യുവ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിഡ്ഢിത്തമാണെന്നും എല്ലാ മതവിശ്വാസങ്ങളും ആചാരങ്ങളും മാനിക്കപ്പെടണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഉദയനിധിയുടെ പരാമർശങ്ങളോട് ഒരു തരത്തിലും യോജിക്കാൻ സാധിക്കില്ല. അത്തരം വിഡ്ഢിത്തങ്ങൾ മന്ത്രിമാരോ ജനപ്രതിനിധികളോ പറയാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമയും രാഷ്ട്രീയവും ഉദയനിധിക്ക് അറിയാമായിരിക്കും. കൂടാതെ, അപ്പൂപ്പന്‍റെ കൊച്ചുമകനായും അപ്പന്‍റെ മോനായും രാഷ്ട്രീയത്തിൽ വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്‍റെ അടിത്തട്ട് കിളച്ചും ചുമന്നും വന്ന ആളല്ല. അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പരിപാടി നല്ലതല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
ആരോ പരിപാടിക്ക് വിളിച്ചപ്പോൾ അവരെ സുഖിപ്പിക്കാനായി പറയരുത്. ഇതര മതങ്ങളെ മാനിക്കണമെന്ന് നായന്മാരുടെ സമ്മേളത്തിലാണ് താൻ പറഞ്ഞത്. എല്ലാ മതങ്ങൾക്കും വിശ്വാസങ്ങൾക്കും വലിയ മൂല്യമുണ്ട്. മതങ്ങളെയും വിശ്വാസങ്ങളെയും നിരസിച്ചും തരംതാഴ്ത്തിയും സംസാരിക്കരുതെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. പത്തനാപുരത്ത് നടന്ന പൊതുപരിപാടിയിലാണ് വിവാദ വിഷയത്തിന്‍റെ ഗണേഷ് കുമാറിന്‍റെ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.