സനാതനധർമം ചാതുർവർണ്യമോ; ശിവഗിരിയിൽ ചൂടേറിയ ചർച്ച
text_fieldsതിരുവനന്തപുരം: സനാതനധർമത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ശിവഗിരി പ്രസംഗത്തെ ചൊല്ലി ചൂടേറിയ ചർച്ച. മുഖ്യമന്ത്രിയെ ശിവഗിരിയിൽ തിരുത്തി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രംഗത്തുവന്നപ്പോൾ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം മുഖ്യമന്ത്രിയോട് ചേർന്നുനിൽക്കുന്നതാണ്. അതേസമയം, മുഖ്യമന്ത്രിയുടെ വിമർശനം ദേശീയവിഷയമായി ഉയർത്താൻ ബി.ജെ.പി ശ്രമം തുടങ്ങി. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് പിണറായി വിജയനും വ്യക്തമാക്കി.
ശിവഗിരി തീർഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് സനാതന ധർമത്തിനെതിരെ മുഖ്യമന്ത്രി തുറന്നടിച്ചത്. സനാതനധർമം ഉയർത്തിപ്പിടിക്കുന്നത് ചാതുർവർണ്യ വ്യവസ്ഥയും വർണാശ്രമ ധർമവുമാണെന്നും ശ്രീനാരായണ ഗുരുവിനെ സനാതന ധർമത്തിന്റെ വക്താവായി സ്ഥാപിക്കുന്നത് ഗുരുനിന്ദയാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നിലപാട്. നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ സനാതന ധർമം എങ്ങനെയാണ് വർണാശ്രമത്തിന്റെയും ചാതുർവർണ്യത്തിന്റെയും ഭാഗമാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ശിവഗിരി തീർഥാടന സമാപന സമ്മേളനത്തിൽ സതീശൻ പറഞ്ഞു.
ലോകത്ത് എല്ലാ മതങ്ങളെയും പിന്നീട് വന്ന പൗരോഹിത്യവും ഭരണകൂടങ്ങളും ചേർന്നുനിന്ന് തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്. വർണാശ്രമവും ചാതുർവർണ്യവും കുലത്തൊഴിലുമൊക്കെ അങ്ങനെ വന്നതാണെന്ന് തിരിച്ചറിയണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ശിവഗിരിയിൽ സംസാരിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകൾ ഇപ്രകാരമാണ്: ‘സനാതനധര്‍മത്തിന്റെ പേരു പറഞ്ഞ് ശ്രീനാരായണ ഗുരുവിനെ ചാതുര്‍വര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാൻ ശ്രമം നടക്കുന്നു.
ഗുരുവിന്റെ ആദര്‍ശങ്ങളെയും ഗുരുവിനെ തന്നെയും റാഞ്ചിയെടുക്കാനും ശ്രമം നടക്കുന്നു. എന്നാൽ ഗുരുവിനെ അങ്ങനെ ആര്‍ക്കും വിട്ടുകൊടുക്കാനാവില്ലെന്ന് നാം ഉറപ്പിച്ചുപറയണം’.
മുഖ്യമന്ത്രിയുടെ സനാതനധർമ വിമർശം ചില പ്രത്യേക വിഭാഗങ്ങളെ തൃപ്തിപ്പെടുത്താനാണെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷഹ്സാദ് പുനെവാലെ പറഞ്ഞു. മറ്റ് മതങ്ങളെ ഇതുപോലെ അവഹേളിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും ബി.ജെ.പി ചോദിക്കുന്നു. മുഖ്യമന്ത്രി പ്രസംഗിച്ച അതേവേദിയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിണറായി വിജയനെ പരോക്ഷമായി തള്ളി മറുപടി നൽകിയിരുന്നു.
ഈഴവ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ശ്രീനാരായണ ഗുരുവിനെ സംഘ്പരിവാർ ആശയങ്ങളോട് ചേർത്തുനിർത്താനുള്ള നീക്കത്തിനെതിരായ മുന്നറിയിപ്പാണ് മുഖ്യമന്ത്രി ശിവഗിരിയിൽ നൽകിയത്. അതിൽ പിടിച്ച് പിണറായി പറഞ്ഞത് ഹിന്ദുക്കൾക്കെതിരെന്ന് ആളിക്കത്തിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ഈഴവ വോട്ടിൽ സംഘ്പരിവാർ സ്വാധീനിക്കുന്നതിലെ ആശങ്ക കെ. സുധാകരന്റെ കുറഞ്ഞ വാക്കുകളിലെ പ്രതികരണത്തിലുണ്ട്. എന്നാൽ, മുഖ്യമന്ത്രിയെ തിരുത്തിയ പ്രതിപക്ഷനേതാവിന്റെ പരാമർശങ്ങൾ ആഴത്തിലുള്ള ചർച്ചകളിലേക്കാണ് നയിക്കുന്നത്. അതാകട്ടെ, ഗുരുവിനെ റാഞ്ചാനുള്ള സംഘ്പരിവാർ നീക്കങ്ങളോട് വിയോജിക്കുന്നുണ്ടെങ്കിലും അവസരം ഉപയോഗപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങൾക്ക് ബലം പകരുന്നുവെന്ന വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.