മണലിന്‍റെയും പാറയുടെയും ക്ഷാമം പരിഹരിക്കാന്‍ ഊര്‍ജിത നടപടി: മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മണലിന്‍റെയും പാറയുടെയും ക്ഷാമം പരിഹരിച്ച് നിര്‍മ്മാണ മേഖല സജീവമാക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ ഫലമുണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്ഷാമത്തിന് അല്പം അയവ് വന്നിട്ടുണ്ട്. ക്ഷാമം പരിഹരിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുമെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
നിര്‍മ്മാണ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍, തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ലോറിയില്‍ കൊണ്ടുപോകുന്ന മണല്‍ തടഞ്ഞുവെക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മണലെടുക്കുന്ന കടവുകളിലാണ് ഇത് സംബന്ധിച്ച പരിശോധന നടക്കുന്നത്. അവിടെ നിന്ന് അനുമതിയോടെ കൊണ്ടുപോകുന്ന മണല്‍ ഒരു കാരണവശാലും തടഞ്ഞുവെക്കാന്‍ പാടില്ല. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് മണല്‍ കൊണ്ടുവരുന്നതിന് തടസ്സം സൃഷ്ടിക്കാന്‍ പാടില്ല. വിദേശത്തുനിന്ന് മണല്‍ കൊണ്ടുവരുന്നതിന് ഇപ്പോള്‍ നിയമപരമായ തടസ്സങ്ങളൊന്നുമില്ല. വിദേശ മണല്‍ ഇറക്കുമതി പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഡാമുകളില്‍ നിന്ന് മണല്‍ എടുക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഡാമുകളില്‍ നിന്ന് എത്രത്തോളം മണല്‍ എടുക്കാന്‍ കഴിയും എന്നത് സംബന്ധിച്ച കണക്കെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഇത് എത്രയും വേഗം പൂര്‍ത്തിയാക്കും. മണല്‍ എടുക്കുന്നതിന് പൊതുമേഖലാ കമ്പനികളെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കും.
അനുമതി പ്രകാരം പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ ഉടനെ സ്റ്റോപ്പ് മെമ്മോ കൊടുക്കുന്ന രീതി പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തോട്ടഭൂമികളില്‍ നിന്ന് പരിസ്ഥിതിക്ക് ആഘാതമില്ലാതെ മണലെടുക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും.
എം-സാന്‍ഡ് ഉള്‍പ്പടെയുളള ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് തടയാനുളള നടപടികള്‍ വ്യവസായ വകുപ്പ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ വ്യവസായ സെക്രട്ടറി സഞ്ജയ് കൗള്‍, ലേബര്‍ കമ്മീഷണര്‍ എ. അലക്സാണ്ടര്‍, മൈനിംഗ് ആന്‍റ് ജിയോളജി ഡയറക്ടര്‍ സി.കെ. ബൈജു, തൊഴിലാളി സംഘടനാ പ്രതിനിധികളായ എളമരം കരീം, കെ.പി. സഹദേവന്‍ (സിഐടിയു), ആര്‍. ചന്ദ്രശേഖരന്‍, പി.ജെ. ജോസഫ് (ഐ.എന്‍.ടി.യു.സി) തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.