മണലിനു പിന്നാലെ കേരളത്തിലേക്ക് വിദേശ കരിങ്കല്ലും
text_fieldsതിരുവനന്തപുരം: മണലിനു പിന്നാലെ വിദേശത്തുനിന്ന് കരിങ്കല്ലും കേരളത്തിലേക്ക് വരുന്നു. കരിങ്കല്ല് ഇറക്കുമതി ചെയ്യാനുള്ള സന്നദ്ധത അറിയിച്ച് മലേഷ്യൻ കമ്പനി സർക്കാറിനെ സമീപിച്ചു. കപ്പൽ വഴി തുറമുഖങ്ങളിൽ കരിങ്കല്ല് എത്തിക്കുന്ന പദ്ധതിയാണ് മലയാളി ബന്ധമുള്ള കമ്പനി വ്യവസായ വകുപ്പ് മുമ്പാകെ മുന്നോട്ടുവെച്ചത്. സംസ്ഥാനത്തിനു അനുയോജ്യമെന്നു കണ്ടാൽ അനുമതി നൽകുന്നതിന് പ്രയാസമില്ലെന്നാണ് സർക്കാർ കണക്കുകൂട്ടൽ. കരിങ്കല്ലിെൻറ ഗുണനിലവാരം, വിപണി സാധ്യത, വില തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിനു മുമ്പ് പഠിക്കേണ്ടതുണ്ട്. അതിനാൽ വിശദമായി പഠിക്കുന്നതിന് മാറ്റിവെച്ചിരിക്കയാണ് വ്യവസായ വകുപ്പ്. ലോകത്ത് വിവിധ രാജ്യങ്ങളിലേക്ക് കരിങ്കൽ ഇറക്കുമതി ചെയ്യുന്ന കമ്പനിയാണിത്. സംസ്ഥാനത്ത് മണൽക്ഷാമം പരിഹരിക്കാൻ വിവിധ തുറമുഖങ്ങൾ വഴി വിദേശ മണൽ എത്തിച്ചിരുന്നു. മലേഷ്യൻ കമ്പനിയിൽനിന്നുതന്നെയാണ് മണലും സംസ്ഥാനത്ത് എത്തിച്ചത്. സ്വകാര്യ കമ്പനി കൊച്ചി തുറമുഖത്ത് മലേഷ്യൻ മണൽ എത്തിച്ചത് വലിയ വാർത്തപ്രധാന്യം നേടിയിരുന്നു.
കൊച്ചിക്കു പിന്നാലെ ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖം, കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലും മണൽ എത്തിക്കുന്നതാണ് പദ്ധതി. സർക്കാറിെൻറ അനുമതി ലഭിച്ചാൽ സമാന രീതിയിൽ മണൽ എത്തിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ദൗർലഭ്യവും പരിസ്ഥിതി പ്രശ്നങ്ങളും കണക്കിലെടുത്താണ് മണൽ ഇറക്കുമതിക്ക് സർക്കാർ പച്ചക്കൊടി നൽകിയത്. കരിങ്കല്ലിെൻറ കാര്യത്തിലും സമാന പ്രശ്നമാണ് സംസ്ഥാനം നേരിടുന്നത്. മണലിനെ പോലെ കരിങ്കൽ ഇറക്കുമതിക്കും നിയമതടസ്സമൊന്നുമില്ല. മൈനിങ് ആൻഡ് ജിയോളജി വകുപ്പിെൻറ അനുമതി വേണമെന്ന നിബന്ധനയേയുള്ളൂ. നിർമാണ മേഖലയിൽ വർധിച്ച ആവശ്യമാണ് കരിങ്കല്ലിനുമുള്ളത്. ലഭ്യത കുറഞ്ഞതിനൊപ്പം പരിസ്ഥിതി പ്രശ്നവും ജനങ്ങളുടെ എതിർപ്പും കൂടുതലാണ്. ക്വാറികളിൽനിന്നും ജനവാസ കേന്ദ്രങ്ങളിലേക്കുള്ള ദൂരം നൂറിൽനിന്ന് അമ്പത് മീറ്ററായി കുറച്ചതോടെ പ്രതിഷേധം ശക്തമാണ്.
കരിങ്കൽ ഇറക്കുമതി ചെയ്യാൻ അനുമതി തേടി വിദേശ കമ്പനി കത്ത് നൽകിയിട്ടുണ്ടെന്നും വിശദ പരിശോധനക്കായി മാറ്റിവെച്ചതായും മന്ത്രി എ.സി. മൊയ്തീൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മണൽക്ഷാമം പരിഹരിക്കാനായി വിദേശത്തുനിന്ന് മണലെത്തിക്കാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരുന്നതായും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.