35 നദികളിൽ മണൽ ഓഡിറ്റിങ്; 15 എണ്ണത്തിൽ അനുമതി
text_fieldsപത്തനംതിട്ട: സംസ്ഥാനത്തെ നദികളിലും പുഴകളിലും പ്രളയകാലത്ത് അടിഞ്ഞുകൂടിയ എക്കലും ചളിയും നീക്കാനുള്ള സർക്കാർ തീരുമാനം നദികളുടെ പരിസ്ഥിതി പ്രശ്നം വീണ്ടും ചർച്ചയാക്കുന്നു. സർക്കാർ നടപടി നദികളുടെ മരണമണി മുഴക്കിയ മണൽഖനനം പുനരാരംഭിക്കാൻ വഴിതുറക്കുമെന്ന് ചൂണ്ടിക്കാണിക്കെപ്പടുന്നു.
പ്രധാന നദികളിൽ നിന്ന് മണൽവാരാൻ ഉത്തരവുകൾ ഇറങ്ങിക്കഴിഞ്ഞു. 35 നദികളുടെ മണൽ ഓഡിറ്റിങ് നടക്കുകയാണ്. ഇവയിൽ 15 എണ്ണത്തിൽ മണൽഖനനത്തിന് അനുമതി നൽകി ഉത്തരവ് ഇറങ്ങി. പിന്നാലെയാണ് എല്ലാ നദികളിൽനിന്നും എക്കലും ചളിയും നീക്കാൻ ഉത്തരവിട്ടത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ പരിസ്ഥിതി സംഘടനകളും തയാറെടുക്കുന്നു. പ്രളയം തടയാനെന്ന രീതിയിലാണ് എക്കലും ചളിയും നീക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. എക്കലും ചളിയും മാത്രമായി നീക്കാനാകില്ല. ഒപ്പം മണൽഖനനവും നടക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 2015 ലാണ് സംസ്ഥാനത്ത് നദികളിൽ മണൽഖനനം പൂർണമായും നിലച്ചത്.
മണൽവാരി അഗാധ ഗർത്തങ്ങളായ നദികൾ മണൽ നിറഞ്ഞ് സ്വാഭാവിക നിലയിലേക്ക് എത്തിയത് 2018ലെ പ്രളയകാലത്താണ്. നദികളിൽനിന്ന് മണൽ വാരണമെങ്കിൽ വിദഗ്ധ സമിതി മണൽ ഓഡിറ്റ് നടത്തി റിപ്പോർട്ട് തയാറാക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
പ്രളയം കഴിഞ്ഞ് രണ്ട് വർഷമായിട്ടും ഓഡിറ്റ് നടന്നിട്ടില്ല. പ്രധാന നദികളിൽനിന്നും വനത്തിനകത്തുള്ള നദികളിൽനിന്നും മണൽ വാരണമെങ്കിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലത്തിെൻറ അനുമതി വേണം. യന്ത്രം ഉപയോഗിച്ച് നദിയിൽ ഖനനം നടത്തരുതെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ടെന്നും സി.ആർ. നീലകണ്ഠൻ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നദികളിൽ മണലടിഞ്ഞതുകൊണ്ട് എവിടെയും ദുരന്തം ഉണ്ടായിട്ടിെല്ലന്ന് പരിസ്ഥിതി പ്രവർത്തകനും പമ്പ പരിരക്ഷണ സമിതി ചെയർമാനുമായ എൻ.കെ. സുകുമാരൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു. നദിയുടെ നീരൊഴുക്കിനെ ക്രമപ്പെടുത്തുന്നത് മണൽതിട്ടകളാണ്. ദുരന്ത നിവാരണം മറയാക്കി 2001ലെ കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും നിയമം മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പമ്പയിലെ മണൽ സർക്കാർ നേരിട്ട് നീക്കാൻ തുടങ്ങി
പത്തനംതിട്ട: പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ മണൽ നീക്കുന്നതിൽനിന്ന് കേരള ക്ലെയ്സ് ആൻഡ് സിറാമിക്സ് പിന്മാറിയതോടെ സർക്കാർ നേരിട്ട് മണൽ നീക്കം ചെയ്തു തുടങ്ങി. കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം വനഭൂമിയിൽ തന്നെയാണ് മണൽ മാറ്റിയിടുന്നത്. ജില്ല ദുരന്തനിവാരണ വിഭാഗത്തിെൻറ ചുമതലയിലാണ് മണൽ നീക്കുന്നത്. ചെയർമാൻകൂടിയായ ജില്ല കലക്ടർ പി.ബി. നൂഹും റവന്യൂ ഉദ്യോഗസ്ഥരും വ്യാഴാഴ്ച പമ്പയിലെത്തിയിരുന്നു.
വനഭൂമിയിൽനിന്ന് മണൽ പുറത്തേക്ക് കൊണ്ടുപോകുന്നത് വനംവകുപ്പ് തടഞ്ഞിരുന്നു. അതോടെയാണ് കരാറെടുത്ത കേരള ക്ലെയ്സ് ആൻഡ് സിറാമിക്സ് പിന്മാറിയത്. പൊതുമേഖല സ്ഥാപനമായ ക്ലേ കമ്പനിയുടെ മറവിൽ സ്വകാര്യ കമ്പനിയാണ് മണൽ കൊണ്ടുപോകാൻ തുടങ്ങിയത്.
Latest Video:

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.