ഇരുതലമൂരിയെ വൻ വിലക്ക് വിൽക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ; നാലുപേർ ഓടി രക്ഷപ്പെട്ടു
text_fieldsഅഞ്ചൽ: ഇരുതലമൂരിയെ വൻ വിലക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. കൊല്ലം കല്ലുവാതുക്കൽ സ്വദേശി ഉന്മേഷ് (32), തൃശൂർ കേച്ചേരി സ്വദേശി നൗഫൽ (29) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകീട്ട് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജ് ആശുപത്രിക്കുസമീപത്താണ് ഇവർ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന തൃശൂർ സ്വദേശികളായ നാലുപേർ ഓടി രക്ഷപ്പെട്ടു. ഇന്നോവ കാർ, സ്വിഫ്റ്റ് കാർ, മോട്ടോർ സൈക്കിൾ, കച്ചവടത്തിനായി കൊണ്ടുവന്ന നാലര കിലോ തൂക്കവും 138 സെ.മീ. നീളവുമുള്ള ഇരുതലമൂരി എന്നിവ വനപാലകർ കസ്റ്റഡിയിലെടുത്തു.
കൊല്ലത്തുള്ള വ്യാപാരികൾ ഒരു കോടി രൂപ നൽകുമെന്ന വാഗ്ദാനത്തിൽ തൃശൂർ സ്വദേശികൾ ഇരുതലമൂരിയുമായി എത്തി കൈമാറുന്നതിനിടെയാണ് അറസ്റ്റ്. ഫോറസ്റ്റ് ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്.
മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്നും ഏഴുവർഷത്തോളം കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും വനപാലകർ പറഞ്ഞു. അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.എസ്. സജു, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ വി. ഉല്ലാസ്, ലിജു താജുദ്ദീൻ, എസ്. സനിൽ, സി. ബിജുകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സജു, ആർ. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.