നദികളിലെ മണൽവാരൽ; സാധ്യത പരിശോധിക്കാൻ അഞ്ചംഗ ഉപസമിതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽനിന്ന് മണൽവാരൽ പുനരാരംഭിക്കണമെന്ന ആവശ്യം പരിശോധിക്കാൻ നിയമ സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഉപസമിതിക്ക് സർക്കാർ രൂപം നൽകി. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിർദേശങ്ങള്‍ക്ക് അനുസൃതമായി 2001 ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് റിവര്‍ ബാങ്ക്സ് ആന്‍ഡ് റെഗുലേഷന് ഓഫ് റിമൂവല്‍ ഓഫ് സാന്‍ഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാൻ സർക്കാർ ആലോചിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ മണൽവാരൽ ആവശ്യമുണ്ടോയെന്ന് പരിശോധിക്കുകയും സാധ്യമെങ്കിൽ ഭേദഗതി നിർദേശമടങ്ങുന്ന കരട് ബില്‍ തയാറാക്കുകയുമാണ് സമിതിയുടെ ദൗത്യം. കേരളത്തിലെ നദികളിലെ സാന്‍ഡ് ഓഡിറ്റ് പൂര്‍ത്തിയാകുന്ന മുറക്ക് കേന്ദ്രനിർദേശപ്രകാരം റിപ്പോര്‍ട്ട് തയാറാക്കി അനുവദനീയമായ നദികളില്‍നിന്ന് മണല്‍വാരാന്‍ അനുമതി നൽകാനാണ് ആലോചന.
സംസ്ഥാനത്ത് 32 നദികളിലെ സാന്‍ഡ് ഓഡിറ്റ് പൂര്‍ത്തിയായിട്ടുണ്ട്. 12 നദികളില്‍ക്കൂടി പൂര്‍ത്തിയാകാനുണ്ട്.
ഓഡിറ്റ് പൂര്‍ത്തിയായവയില്‍ 17 നദികളിലാണ് മണല്‍നിക്ഷേപം കണ്ടെത്തിയത്. ഇവയിലെല്ലാം കൂടി ഏതാണ്ട് മൂന്നു ലക്ഷം ടൺ മണൽശേഖരം ഉണ്ടെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. മറ്റു നദികളിലെകൂടി കണക്ക് പുറത്ത് വരുമ്പോൾ മൂന്നു വർഷത്തേക്ക് കേരളത്തിന് ആവശ്യമായ മണൽ ഈ നദികളിൽനിന്ന് വരാൻ കഴിയുമെന്നും അനുമാനിക്കുന്നു.
അനുകൂല സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ഒരുവർഷത്തിനകമെങ്കിലും മണൽവാരൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ഇതുവഴി അനധികൃത മണല്‍വാരല്‍ നിയന്ത്രിക്കുകകൂടി ലക്ഷ്യമിടുന്നു. കോടതി വിധികളുടെ പശ്ചാത്തലത്തില്‍ നിലവില്‍ സംസ്ഥാനത്ത് മണല്‍വാരല്‍ നിരോധിച്ചിട്ടുണ്ട്.
കേന്ദ്രത്തിന്റെ പുതിയ നിർദേശപ്രകാരം ജില്ലതല സര്‍വേ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിമാത്രമേ നദികളില്‍നിന്ന് മണല്‍വാരലിന് അനുമതി നൽകാനാകൂ. ജില്ലതല സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോനദിക്കും വെവ്വേറെ പാരിസ്ഥിതികാനുമതി തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.