പെരിയാറിൽ മണൽ വാരൽ തകൃതി; കണ്ണടച്ച് അധികൃതർ
text_fieldsആലുവ: ലക്ഷകണക്കിനാളുകളുടെ കുടിവെള്ള സ്രോതസ്സായ പെരിയാറിനെ മണൽ മാഫിയ കൊന്നുതിന്നുന്നു. ലോഡ് കണക്കിന് മണലാണ് നിത്യേന അനധികൃതമായി കടത്തുന്നത്. എന്നാൽ അധികൃതർ മണൽമാഫിയക്ക് കണ്ണടച്ച് ഒത്താശ ചെയ്യുകയാണ്.
തോട്ടുമുഖം പരുന്ത് റാഞ്ചി മണപ്പുറം, ആലുവ മണപ്പുറം, ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര, ചൂർണക്കര, ചെങ്ങമനാട്, കുന്നുകര, കരുമാലൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് അനധികൃത മണൽ വാരൽ തകൃതിയായി നടക്കുന്നത്.
അനധികൃതമായി മറ്റുജില്ലകളിലേക്ക് വരെ സുരക്ഷിതമായി മണൽകടത്താൻ കഴിയുന്നത് പൊലീസ് അടക്കമുള്ളവരുടെ ഒത്താശയോടെയാണെന്നാണ് ആക്ഷേപം. നിത്യേന നിരവധി വഞ്ചികളിൽ രാത്രിയിൽ, അന്തർ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മണൽവാരി കൊണ്ടുപോകുന്നുണ്ട്. മണൽ വാരൽ പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ട് കാലങ്ങളായി. ഇക്കാര്യം പലപ്പോഴും പൊലീസിൽ അടക്കം അറിയിക്കാറുമുണ്ട്. എന്നാൽ, ഒരു നടപടിയും അവർ എടുക്കാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
തീരങ്ങളിൽ അടിഞ്ഞുകൂടിയ മണലും കടത്തുന്നുണ്ട്. പ്രളയത്തിൽ പുഴയുടെ കടവുകളിലും മറ്റ് തീരങ്ങളിലും ധാരാളം മണൽ വന്ന് കൂടിയിരുന്നു.
മണൽ കൊള്ളക്കെതിരെ നടപടിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല സമിതി അംഗം കെരിം കല്ലുങ്കൽ റൂറൽ എസ്.പിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.