വീട്ടുവളപ്പിൽ ചന്ദനം വളർത്താം, വെട്ടിവിൽക്കാം...
text_fieldsചന്ദനമരം വീട്ടുവളപ്പിൽ വളര്‍ത്താൻ കഴിയുമോ? ഇത് പലരുടേയും സംശയമാണ്. ചന്ദനം വളർത്തുന്നതും വെട്ടിവിൽക്കുന്നതും കുറ്റമാണെന്നാണ് മിക്കവരുടേയും ധാരണ. ഈ ധാരണ തെറ്റാണ്. ചന്ദനമരം വീട്ടില്‍ വളര്‍ത്തുന്നതിനോ വെട്ടി വിൽക്കുന്നതിനോ ഇപ്പോൾ ഒരു നിയമ തടസങ്ങളുമില്ല. ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള തടിയാണ് ചന്ദനം. ഏറ്റവും മുന്തിയ ഇനത്തിന് കിലോഗ്രാമിന് 20,000 രൂപയാണ് വില. ചന്ദനത്തിന്‍റെ വേര്, തോല് എന്നിങ്ങനെ ഇലകളൊഴിച്ചുള്ള ഭാഗങ്ങളെല്ലാം ഉപയോഗ യോഗ്യമാണ്. ചന്ദനത്തിന്‍റെ തൊലിക്ക് കിലോക്ക് 200 രൂപയാണ് വില.
ചന്ദനമരം വളർത്താനും സംരക്ഷിക്കാനും എല്ലാവർക്കും പൂർണ അധികാരം ഉണ്ടെങ്കിലും ചന്ദരനമരം മുറിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണം. അതാത് സ്ഥലത്തെ ഡി.എഫ്.ഒക്ക് അപേക്ഷ നൽകിയാൽ വനംവകുപ്പ് മരം മുറിക്കുകയും പണം ഉടമസ്ഥന് നൽകുകയും ചെയ്യും. മരം വീടിനോ മനുഷ്യർക്കോ ഭീഷണിയാണെങ്കിലോ ചരിഞ്ഞു വീണു കിടക്കുകയാണെങ്കിലോ വീടിന്റെ പുനര്‍നിര്‍മാണത്തിനോ മതില്‍ കെട്ടാനോ തുടങ്ങിയ കാര്യങ്ങൾക്കോ മരം മുറിക്കാം.
മരത്തിന്റെ വേരടക്കം എടുത്ത് മഹസര്‍ തയാറാക്കിയതിനു ശേഷം കേരളത്തിന്‍റെ ഏതു ഭാഗത്തു നിന്നായാലും മറയൂർ ചന്ദന ഡിപ്പോയിലേക്ക് കൊണ്ടുവരും. മറയൂരിൽ മാത്രമാണ് വനംവകുപ്പിനു ചന്ദന ഡിപ്പോയുള്ളത്. വൃത്തിയാക്കിയ മരത്തിന്‍റെ തൂക്കം നോക്കുന്നത് കിലോഗ്രാമിലാണ്. മറ്റു മരങ്ങളെപ്പോലെ ക്യുബിക് അടിയിലോ, ക്യുബിക് മീറ്ററിലോ അല്ല. ചന്ദനത്തിന്‍റെ കാതലിൽ നിന്നാണ് സാൻഡൽവുഡ് ഓയിൽ എടുക്കുന്നത്. ചന്ദനത്തിന്‍റെ കാതലിന് മാത്രമല്ല, വെള്ളക്കും വില ലഭിക്കും. വെള്ളക്ക് കിലോക്ക് 1500 രൂപയാണ് വില.
പെർഫ്യൂമുകളും സോപ്പുകളും നിർമിക്കാനും ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കും ആയർവേദ മരുന്നുകൾക്കും ചെറിയ തോതിൽ ഹാൻഡിക്രാഫ്റ്റ് നിർമാണത്തിനുമെല്ലാമാണ് ചന്ദനം ഉപയോഗിക്കുന്നത്. മൈസൂർ സാൻഡൽ സോപ്സ്, കേരള സാൻഡൽ സോപ്സ്, ഗുരുവായൂർ ദേവസ്വം, കോട്ടക്കൽ ആയുർവേദ നിർമാണശാല എന്നിവയെല്ലാം മറയൂരിൽ നിന്നും ചന്ദനം വാങ്ങിക്കുന്നവരാണ്.
2012 വരെ മരത്തിന്റെ 70 ശതമാനം വില ഉടമസ്ഥനും ബാക്കി സര്‍ക്കാരിനുമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോള്‍, സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് ചന്ദനം ശേഖരിച്ച് മറയൂരില്‍ കൊണ്ടുവന്ന് ചെത്തിയൊരുക്കി ലേലത്തില്‍ വെച്ച് വാങ്ങിയവര്‍ക്കു വിട്ടു നല്‍കുന്നതുവരെയുള്ള ചെലവ് കണക്കാക്കി അത് കുറച്ച് ബാക്കിയുള്ള പൈസ മുഴുവൻ ഉടമസ്ഥന് നൽകും. മരത്തിന്റെ വിലയുടെ 95 ശതമാനംവരെ വില കിട്ടാം.
ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നല്‍കിയ ഭൂമിയാണെങ്കില്‍ വില ലഭിക്കില്ല. തഹസില്‍ദാര്‍ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ ഭൂമിയല്ലെന്നും ബാധ്യതയില്ലെന്നും സാക്ഷ്യപത്രം നല്‍കണം. സർക്കാറിയാതെ സ്വകാര്യവ്യക്തിക്ക് ചന്ദനമരം വിൽക്കുന്നത് അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പലരുടെയും വീട്ടുവളപ്പിൽ നിന്ന് ചന്ദനമരം മോഷണം പോകാറുണ്ട്. അങ്ങനെയെങ്കിൽ അപ്പോൾ തന്നെ പൊലീസിനെയോ വനം വകുപ്പിനെയോ വിവരം അറിയിക്കണം. പൊലീസിനെ അറിയിച്ചാൽ കുറ്റമാകുമെന്ന് കരുതി അറിയിക്കാതിരിക്കരുത്. ഇത് പിന്നെ ഉടമസ്ഥന്‍റെ മേൽ കുറ്റം ചുമത്തുന്നതിന് കാരണമാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.