വെയ് രാജാ വെയ്! ആട്, തേക്ക്, മാഞ്ചിയം നിക്ഷേപതട്ടിപ്പിന് സമാനമായി വയനാട്ടിൽ ചന്ദനകൃഷി തട്ടിപ്പ്
text_fieldsചന്ദനത്തൈകൾ വെച്ചുപിടിപ്പിച്ച വയനാട്ടിലെ തോട്ടം
കൽപറ്റ: 30 വർഷംമുമ്പ് സംസ്ഥാനത്ത് കോടികൾ തട്ടിയ ആട്, തേക്ക്, മാഞ്ചിയം നിക്ഷേപതട്ടിപ്പിന് സമാനമായി മറ്റൊരു തട്ടിപ്പിനുകൂടി കളമൊരുങ്ങുന്നു. 15 ലക്ഷം മുടക്കിയാൽ ചന്ദനം കൃഷി ചെയ്ത് 15 വർഷംകൊണ്ട് കോടികൾ സമ്പാദിക്കാമെന്ന മോഹന വാഗ്ദാനം നൽകിയാണ് നിരവധി നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നത്. വിദേശ മലയാളികളടക്കം നിരവധിപേർ ഇത്തരത്തിൽ ലക്ഷങ്ങൾ നൽകി ചന്ദനം കൃഷി ചെയ്യാനുള്ള തോട്ടം പത്തിരട്ടിയോളം അധികതുക നൽകി കൈവശമാക്കിയതായാണ് വിവരം.
എറണാകുളം ആസ്ഥാനമായ സ്ഥാപനമാണ് ചന്ദന കൃഷിക്ക് ചുക്കാൻ പിടിക്കുന്നത്. വയനാട്ടിലെ ചില ഭാഗങ്ങളിൽ ഇതിനായി തുച്ഛവിലക്ക് ഹെക്ടർ കണക്കിന് തോട്ടങ്ങൾ വാങ്ങിയിട്ടുണ്ട്. 30,000 മുതൽ 40,000 വരെ രൂപ വിലകൊടുത്തു വാങ്ങിയ ഭൂമിയിൽ ചന്ദനകൃഷി വാഗ്ദാനം ചെയ്ത് രണ്ടര മുതൽ മൂന്നു വരെ ലക്ഷം സെന്റിന് ഈടാക്കിയാണ് നിക്ഷേപകർക്ക് കൈമാറുന്നത്. ഇത്തരത്തിൽ 15 ലക്ഷം വരെ ഈടാക്കി അഞ്ച് സെന്റ് വീതമുള്ള പ്ലോട്ടുകളാണ് കമ്പനി കൈമാറുന്നത്. ഒരു പ്ലോട്ടിൽ 20 ചന്ദനത്തൈകൾ കമ്പനി നട്ടുപരിപാലിച്ച് 15 വർഷംകൊണ്ട് കോടികൾ ഉണ്ടാക്കിക്കൊടുക്കുമെന്നാണ് വാഗ്ദാനം.
ചന്ദനത്തോട്ടത്തിനിടയിൽ വിവിധതരം കോട്ടേജുകൾ നിർമിച്ചുനൽകുന്ന പദ്ധതിയുമുണ്ട്. അഞ്ചു സെന്റ് സ്ഥലത്ത് കോട്ടേജിനൊപ്പം 16 ചന്ദനത്തൈകൾ 15 വർഷം വളർത്തിയെടുക്കുന്നതിന് 40-50 ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്. ചന്ദനം കൃഷി പ്രോത്സാഹിപ്പിക്കാനുള്ള വനംവകുപ്പിന്റെ പദ്ധതി മറയാക്കിയാണ് ഇത്തരത്തിൽ കോടികളുടെ തട്ടിപ്പിന് കളമൊരുങ്ങുന്നത്. ചന്ദനമരങ്ങൾ മുറിക്കാനും വിൽപന നടത്താനുമുള്ള അവകാശം വനംവകുപ്പിന് മാത്രമാണെന്ന് അറിയാതെ മോഹന വാഗ്ദാനങ്ങളിൽപെട്ട് നിരവധിപേർ ഇതിനകം ഇത്തരത്തിൽ ലക്ഷങ്ങൾ മുടക്കി ഭൂമി സ്വന്തമാക്കിയിട്ടുണ്ട്.
ചന്ദനം നട്ട് 15 വർഷം പരിപാലിച്ച് പാകമാക്കി കോടികൾക്ക് വിൽക്കാൻ കഴിയുമെന്നും ഇതിൽ അഞ്ചുശതമാനം മാത്രം കമ്പനിക്ക് നൽകി ബാക്കി സ്ഥലമുടമക്ക് സ്വന്തമാക്കാമെന്നുമാണ് വാഗ്ദാനം. എന്നാൽ, ചന്ദനം വളരുന്നതിന് പ്രത്യേക കാലാവസ്ഥയും പരിചരണവും ആവശ്യമാണെന്നിരിക്കെ 15 വർഷംകൊണ്ട് എത്ര മരങ്ങൾ ബാക്കിയാകുമെന്നുപോലും അറിയാതെയാണ് 30,000 രൂപ മാത്രം വിലയുള്ള ഭൂമി മൂന്ന് ലക്ഷം രൂപ മുടക്കി നിക്ഷേപകർ വാങ്ങുന്നത്.
നിക്ഷേപകരെ മുഴുവൻ ആകർഷിച്ച ശേഷം കോടികളുമായി കമ്പനി മുങ്ങിയാൽ എന്തു ചെയ്യുമെന്ന കാര്യത്തിൽ സ്ഥലം വാങ്ങിയവർക്കു പോലും ഉത്തരമില്ല. നിക്ഷേപകരെ വിശ്വസിപ്പിക്കാൻ ഓരോ സ്ഥലത്തും ഭൂമി വാങ്ങിയവരുടെ കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. പുൽപള്ളി ഭാഗത്ത് മാസങ്ങൾക്കുമുമ്പ് നട്ട വലിയ തൈകൾ കാണിച്ചാണ് നിക്ഷേപകരെ വിശ്വസിപ്പിക്കുന്നത്. ടൂറിസ്റ്റ് ബസിൽ കൂട്ടമായി വയനാട്ടിലെ തോട്ടത്തിലേക്ക് എത്തിച്ചും വെബിനാർ സംഘടിപ്പിച്ചുമാണ് നിക്ഷേപകരെ വലയിലാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.