ചന്ദന കൃഷി നിക്ഷേപം: ആരോപണങ്ങളിൽ വ്യക്തത നൽകാതെ ഭാരവാഹികൾ
text_fieldsകൊച്ചി: വയനാട്ടിലെ ചന്ദന കൃഷി ആരോപണങ്ങളിൽ വ്യക്തത നൽകാതെ കർഷക കൂട്ടായ്മ ഭാരവാഹികൾ. വയനാട് കേന്ദ്രീകരിച്ച് ചന്ദന കൃഷി നടത്തുന്ന സാൻറൽവുഡ് ഗ്രൂപ് ഫാർമേഴ്സ് വെൽെഫയർ അസോസിയേഷൻ ഭാരവാഹികൾ നടത്തിയ വാർത്ത സമ്മേളനമാണ് ആരോപണങ്ങളിൽ വ്യക്തത വരുത്താതെ അവസാനിപ്പിച്ചത്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളിൽ പലതിനും അവ്യക്തമായ മറുപടിയാണ് നൽകിയത്. ചന്ദനം വളർന്ന് പാകമെത്താൻ 30 വർഷമെങ്കിലുമെടുക്കുമെന്ന സൗത്ത് വയനാട് ഡി.എഫ്.ഒയുടെ വിശദീകരണത്തിന് മുൻ ഡി.എഫ്.ഒക്ക് ആ അഭിപ്രായമല്ലെന്നായിരുന്നു മറുപടി. കാർഷിക മാധ്യമങ്ങളിൽനിന്നടക്കം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 15 വർഷം കൊണ്ട് ചന്ദനം കാതലാകുമെന്ന വിലയിരുത്തലിൽ എത്തിയതെന്നും ഇവർ പറഞ്ഞു. തങ്ങളുടേത് ജൈവ കൃഷിയാണ്. പരമ്പരാഗത കൃഷിയിലാകാം 30 വർഷം- അവർ പറഞ്ഞു. ഭൂമിക്ക് കൊള്ളലാഭം എടുക്കുന്നുവെന്ന പരാതിയും ഇവർ തള്ളി. മുള്ളൻകൊല്ലിയിലെ ചന്ദനത്തോട്ടത്തിൽ എല്ലാ സജ്ജീകരണങ്ങളുമൊരുക്കിയ ശേഷമാണ് ഭൂമി പ്ലോട്ടുകളാക്കിയതെന്നും ‘കറവയുള്ള പശുവിനും ഇല്ലാത്ത പശുവിനും ഒരേ വിലയല്ലെന്നു’മാണ് വിശദീകരണം. നിക്ഷേപകർ കണ്ട് ഇഷ്ടപ്പെട്ടാണ് വാങ്ങിയത്. മറയൂരിനുപുറമെ ചന്ദനം വളരാൻ അനുയോജ്യമായ സ്ഥലം വയനാടായതിനാലാണ് അവിടെ കൃഷിയിറക്കിയത്.
പരമ്പരാഗത കൃഷി തകർന്ന കർഷകർക്ക് ആശ്വാസകരമായ രീതിയിലാണ് പദ്ധതി. കാര്യങ്ങൾ വിശദീകരിക്കാൻ ഡി.എഫ്.ഒയെ കാണും. സർക്കാറിന്‍റെ ചന്ദന കൃഷി പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് എതിർ പ്രചാരണങ്ങൾക്ക് പിന്നിലെന്ന് വിശദീകരിക്കുമ്പോഴും സർക്കാറിന് പദ്ധതിയുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
വിവാദങ്ങളെത്തുടർന്ന് ഏതെങ്കിലും തരത്തിൽ അന്വേഷണം നടക്കുന്നതറിയില്ല. ആരും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല. വിളിച്ചാൽ ഹാജരാകും. വിവാദങ്ങളുണ്ടാക്കി പദ്ധതി തകർത്താൽ സാധാരണക്കാരെയാണ് ബാധിക്കുക. പദ്ധതി മുടങ്ങിയാൽ പലരുടെയും ചികിത്സയും വിവാഹമടക്കമുള്ള ആവശ്യങ്ങൾ അവതാളത്തിലാകും. പ്രസിഡൻറ് അനു വർക്കി, സെക്രട്ടറി ലിസിയാമ്മ സണ്ണി, ട്രഷറർ റാഫി മതിലകം, അനീഷ് പറവൂർ എന്നിവരാണ് വാർത്തസമ്മേളനത്തിൽ പങ്കെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.