ചന്ദനത്തൈലം വെള്ളമായ സംഭവം; കുമാരൻ നടത്തിയ പോരാട്ടത്തിന്റെ വിധി മൂന്നിന്
text_fieldsനീലേശ്വരം: പൊലീസ് പിടികൂടിയ ചന്ദനത്തൈലം സ്റ്റേഷനിൽവെച്ച് വെള്ളമായ സംഭവത്തിൽ പിരിച്ചുവിട്ട പൊലീസുകാരൻ മൂന്നു പതിറ്റാണ്ടായി നടത്തിയ പോരാട്ടത്തിന്റെ വിധി ജൂൺ മൂന്നിന് ഹൈകോടതിയിൽ. നീലേശ്വരം പള്ളിക്കരയിലെ വാഴവളപ്പിൽ കുമാരനാണ് വിധി കാത്തിരിക്കുന്നത്. 1993ഏപ്രിൽ 16നാണ് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ സംഭവം നടന്നത്. അന്ന് വി.വി. കുമാരൻ ഈ സ്റ്റേഷനിൽ പൊലീസ് കോൺസ്റ്റബിളായിരുന്നു.
അന്ന് കുമാരന് പാറാവ് ഡ്യൂട്ടിയായിരുന്നു. കാസർകോട്ടെ ഒരു ഉന്നത വ്യക്തിയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഒരു ബാരൽ ചന്ദനത്തൈലം ടൗൺ സ്റ്റേഷൻ എസ്.ഐ. പിടികൂടി. ബാരൽ സ്റ്റേഷനിൽ എത്തിച്ച് ലോക്കപ്പ് മുറിയിൽ സൂക്ഷിച്ചു. എന്നാൽ, പിറ്റേ ദിവസം ചന്ദനത്തൈലം വെള്ളമായി മാറിയതോടെ സംഭവം വിവാദമായി. ഇതിന് പിന്നിൽ കുമാരനും മറ്റു ഉദ്യോഗസ്ഥരുമാണെന്ന് അന്വേഷണ റിപ്പോർട്ടിൽ എഴുതിച്ചേർത്തു.
തുടർന്ന് 1993 ഏപ്രിൽ 18ന് കുമാരനെ സർവിസിൽ നിന്ന് പിരിച്ചുവിട്ടു. അന്ന് ജി.ഡി. ചാർജുണ്ടായിരുന്ന കുഞ്ഞിക്കോരൻ, ദാമോദരൻ എന്നിവരെയും സർവിസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. താൻ മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞിട്ടും അന്വേഷണ റിപ്പോർട്ട് തനിക്ക് എതിരായാണ് വന്നതെന്ന് കുമാരൻ പറഞ്ഞു.
തുടർന്ന് പൊലീസ് സർവിസിൽ തിരിച്ചുകയറുന്നതിനായി ഇയാൾ നിയമ പോരാട്ടം ആരംഭിച്ചു. വർഷങ്ങൾക്കു ശേഷം സംസ്ഥാന അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ചെയർമാൻ റിട്ട. ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ കുമാരന് അനുകൂലമായി വിധി പുറപ്പെടുവിപ്പിച്ചു.
കുമാരനെ പിരിച്ചുവിട്ടത് സർവിസ് ചട്ടലംഘനമാണെന്ന് വിധിയിൽ പറഞ്ഞു. 1993 മുതൽ 2016 വിധി വന്ന ദിവസം വരെയുള്ള ശമ്പളവും സ്ഥാനക്കയറ്റവും നൽകണമെന്ന് വിധിന്യായത്തിൽ പറഞ്ഞു. ഇതിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചു. ഈ അപ്പീലിന്മേലാണ് ജൂൺ മൂന്നിന് വിധിവരുക. വലിയ പ്രതീക്ഷയോടെയാണ് കുമാരന്റെ കാത്തിരിപ്പ്. കൂലിപ്പണിയെടുത്താണ് 63ാം വയസ്സിലും നീലേശ്വരം പള്ളിക്കരയിലെ വി.വി. കുമാരൻ നിയമ പോരാട്ടം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.