ചർച്ചയായി സന്ദീപും വയനാടും; ബി.ജെ.പി പ്രതിരോധത്തിൽ
text_fieldsപാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രതിരോധത്തിലായി ബി.ജെ.പി നേതൃത്വം. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെയും പാർട്ടിക്കെതിരെയും രൂക്ഷമായ വിമർശനങ്ങളുന്നയിച്ച് സന്ദീപ് വാര്യർ എതിർചേരിയിൽ ചേക്കേറിയത് ബി.ജെ.പിക്ക് ക്ഷീണമായിട്ടുണ്ട്.
മനുഷ്യപക്ഷത്തുനിന്ന് നിലപാട് പറഞ്ഞതിനാണ് തന്നെ സംഘടനയുടെ കയ്യാലപ്പുറത്ത് നിർത്തിയതെന്നായിരുന്നു കോൺഗ്രസ് പ്രവേശനവേദിയിൽ സന്ദീപ് പറഞ്ഞത്. സി.പി.എമ്മുമായി ചേർന്ന് ബി.ജെ.പി നടത്തുന്ന അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിനെതിരെ സംസാരിച്ചതും താൻ ചെയ്ത കുറ്റമാണെന്ന് സന്ദീപ് പറയുമ്പോൾ സംഘടനക്കെതിരെ ഇനിയും തുറന്നുപറച്ചിലുകൾ ഉണ്ടാകുമോ എന്ന ആശങ്കയാണ് ബി.ജെ.പിക്കുള്ളിലുള്ളത്. ശ്രീനിവാസൻ വധക്കേസിലെ 17 പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടും ജാമ്യം കിട്ടിയ സാഹചര്യം ബി.ജെ.പി വിശദീകരിക്കണമെന്നുള്ള സന്ദീപിന്റെ പരാമർശം നേതാക്കളെ ഉന്നമിട്ടുകൊണ്ടുള്ളതാണെന്ന് വ്യക്തം.
കൊടകര-കരുവന്നൂർ കേസുകൾ വെച്ചുമാറിയെന്നുള്ള ആരോപണവും കോൺഗ്രസിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപകരിക്കും. വിധിയെഴുത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം ബി.ജെ.പി തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഉപതെരഞ്ഞെടുപ്പിനുശേഷം സന്ദീപിനെതിരെ അച്ചടക്കനടപടി എടുക്കാമെന്നുള്ള നേതൃത്വത്തിന്റെ പദ്ധതിയാണ് കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്കിൽ അട്ടിമറിക്കപ്പെട്ടത്. പാലക്കാട് നഗരസഭ വിഷയങ്ങൾ ഉൾപ്പെടെ ഇനിയും ഏറെ കാര്യങ്ങൾ പറയാനുണ്ടെന്നും അടുത്തുതന്നെ അതിനുള്ള സാഹചര്യമുണ്ടാകുമെന്നും കഴിഞ്ഞ ദിവസം സന്ദീപ് വ്യക്തമാക്കിയിരുന്നു. സന്ദീപ് പുറത്തുപോയത് സംബന്ധിച്ച് ബി.ജെ.പിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടെന്നാണ് സൂചന. പ്രചാരണവേദിയിൽ ഇരിപ്പിടം നൽകാതിരുന്നത് ശരിയായില്ലെന്ന് കരുതുന്നവരുമുണ്ട്.
വയനാടിനായി കേന്ദ്രസർക്കാറിൽനിന്ന് പ്രതീക്ഷിച്ച ധനസഹായം കിട്ടാത്തതും വിഷയത്തിൽ രാഷ്ട്രീയഭേദമെന്യേ കോൺഗ്രസും സി.പി.എമ്മും പ്രതിഷേധമുയർത്തിയതും ബി.ജെ.പിക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.