സന്ദീപിനെ ആക്രമിച്ചത് ആർ.എസ്.എസുകാർ, സംഭവം ക്ഷേത്രത്തിലെ വൈദ്യുതി പുനസ്ഥാപിക്കുന്നതിനിടെ -അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്
text_fieldsതലശ്ശേരി: പന്ന്യന്നൂര്‍ കൂര്‍മ്പ ഭഗവതി ക്ഷേത്രത്തില്‍ നടന്ന അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സന്ദീപിനെ മാരകമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലീസ് ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ഗുരുതര പരിക്കേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്ദീപിനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാര്‍ട്ടിന്‍ ജോര്‍ജ്.
ഉത്സവം നടക്കുന്ന ക്ഷേത്രത്തിന്റെ നൂറുമീറ്റര്‍ പരിധിക്കുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകളോ ബാനറുകളോ വെക്കരുതെന്ന് വര്‍ഷങ്ങളായി തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇത്തവണ ബോര്‍ഡുകളും ബാനറുകളും ഇവിടെ വെച്ചതെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ക്ഷേത്രത്തിന് സമീപം ഒരുക്കിയ വൈദ്യുതി ബന്ധം പോലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വിച്ഛേദിച്ചു. മൂന്ന് തവണയും അത് സന്ദീപിന്റെ നേതൃത്വത്തില്‍ പുനസ്ഥാപിച്ചെങ്കിലും അക്രമികള്‍ അത് വീണ്ടും വിഛേദിച്ചു. നാലാം തവണയും അത് നന്നാക്കാന്‍ പോകുമ്പോള്‍ ഇലക്ട്രീഷ്യന്റെ കാലും കൈയ്യും വെട്ടുമെന്ന് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി.
ദണ്ഡയും ഇരുമ്പു വടിയുള്‍പ്പെടെയുള്ള മാരക ആയുധങ്ങളുപയോഗിച്ചാണ് സന്ദീപിനെ അക്രമിച്ചത്. ഇലക്ട്രീഷ്യന്റെ സഹായികൂടിയായ സന്ദീപിനെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ പോയപ്പോഴാണ് അക്രമി സംഘം വളഞ്ഞിട്ട് അക്രമിച്ചതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
നേരത്തെ തന്നെ ക്ഷേത്ര പരിസരത്ത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമഴിച്ച് വിടുമെന്ന സൂചന ലഭിച്ചിരുന്നു. അതേക്കുറിച്ച് പൊലീസിന് വിവരം നല്‍കിയെങ്കിലും അന്വേഷിക്കാനോ തടയാനോ പൊലീസ് തയ്യാറായില്ലെന്നും ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി.
അബ്ദുൽറഷീദ് വി.പി, സുധീപ് ജെയിംസ്, വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, കെ.പി. സാജു, വി.സി. പ്രസാദ് എന്നിവരും ഡി.സി.സി പ്രസിഡന്റിനൊപ്പം ആശുപത്രിയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.