അവനോടൊപ്പം ഹാഷ് ടാഗുമാവാമെന്ന് സന്ദീപ് വാര്യർ; സ്ഥാനമാനങ്ങൾക്ക് വേണ്ടിയും പ്രണയിക്കാറുണ്ടെന്ന് ലസിത പാലക്കൽ
text_fieldsപാലക്കാട്: എല്ലായ്പ്പോഴും സ്ത്രീ ഇരയും പുരുഷൻ വേട്ടക്കാരനും എന്ന പൊതുബോധത്തിനേറ്റ പ്രഹരമാണ് ഷാരോണിന്റെ കൊലപാതകമെന്നും ഇടക്കെങ്കിലും നമുക്ക് #അവനോടൊപ്പം ഹാഷ് ടാഗുമാവാം എന്നും ബി.ജെ.പി മുൻ വക്താവ് സന്ദീപ് വാര്യർ. പാറശ്ശാലയിലെ ഷാരോൺ രാജിനെ പാനീയത്തിൽ വിഷം കലർത്തി കാമുകി ഗ്രീഷ്‍മ കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ചായിരുന്നു സന്ദീപിന്റെ ഫേസ്ബുക് പോസ്റ്റ്. എന്നാൽ, ഇതിന് മുനവെച്ചുള്ള കമന്റുമായി യുവമോർച്ച കണ്ണൂർ ജില്ല മുൻ സെക്രട്ടറിയും പാർട്ടിയുടെ സോഷ്യൽ മീഡിയ പോരാളിയുമായ ലസിത പാലക്കൽ രംഗത്തെത്തിയത് ചർച്ചയായി.
'അത് പോലെ തന്നെയാണ് സ്ഥാനമാനങ്ങൾക്ക് വേണ്ടിയും ഇപ്പോ പ്രണയിക്കാറുണ്ട്' എന്നായിരുന്നു ലസിതയുടെ കമന്റ്. സന്ദീപിനെ പാർട്ടി വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിയതിന്റെ വിവാദം കെട്ടടങ്ങുംമുമ്പാണ് 'സ്ഥാനമനങ്ങളോടുള്ള പ്രണയം' ലസിത വീണ്ടും ചർച്ചയാക്കിയത്. 'ഇത് വാര്യരെ ഉദ്ദേശിച്ചത് ആണ്... അല്ലെന്ന് പറഞ്ഞാലും...' 'അതെന്താ ചേച്ചി കുത്തി പറയുന്ന പോലെ ..' 'എന്തായാലും അനവസരത്തിലുള്ള അഭിപ്രായം ആയിപോയി... ഇനി താങ്കൾ ക്കു അങ്ങനെ വല്ലതും അനുഭവവും??' 'എന്നെ എന്നെ മാത്രം ഉദ്ദേശിച്ചാണ്' എന്നിങ്ങനെയായിരുന്നു ലസിതയുടെ കമന്റിന് വന്ന മറുപടികൾ.
സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
കപടലോകത്തിലാത്മാര്‍ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം എന്ന് ചങ്ങമ്പുഴയെഴുതിയത് ഷാരോണിനെ പോലുള്ള നിഷ്കളങ്കരെക്കുറിച്ചാണോ? എല്ലായ്പ്പോഴും സ്ത്രീ ഇരയും പുരുഷൻ വേട്ടക്കാരനും എന്ന പൊതുബോധത്തിനേറ്റ പ്രഹരമാണ് ഷാരോണിന്റെ കൊലപാതകം.
വേഷം മാറുന്നത് പോലെ പ്രണയം മാറാനും സാമ്പത്തികമായും സാമൂഹികമായും കൂടുതൽ മെച്ചപ്പെട്ട ബന്ധങ്ങളിലേക്ക് പോകുന്നതിനെ 'നോ എന്ന് പറയാനുള്ള' അവളുടെ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാനും കഴിയുന്നവരുണ്ട്. വിഷം കലർത്തിയ ജ്യൂസിനോട് പോലും നോ എന്ന് പറയാതെ, അവസാന നിമിഷവും കാമുകി ചതിക്കില്ല എന്ന് വിശ്വസിച്ച ഷാരോൺ, നീ ഒരു വേദനയാണ്.
ഇടക്കെങ്കിലും നമുക്ക് #അവനോടൊപ്പം ഹാഷ് ടാഗുമാവാം .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.