ഗുജറാത്തിൽ സി.പി.എമ്മിന് 0.03 % വോട്ട്, ഹിമാചലിൽ 0.01 ശതമാനം; പിണറായി എന്ത് കൊണ്ടാണ് പ്രചാരണത്തിന് പോകാതിരുന്നത് -പരിഹാസവുമായി സന്ദീപ് വാര്യർ
text_fieldsതിരുവനന്തപുരം: സി.പി.എമ്മിന് ആകെ 0.01 ശതമാനം വോട്ട് കിട്ടിയ ഹിമാചലിലും 0.03 ശതമാനം വോട്ടുകിട്ടിയ ഗുജറാത്തിലും പിണറായി എന്ത് കൊണ്ടാണ് പ്രചാരണത്തിന് പോകാതിരുന്നതെന്ന് ബി.ജെ.പി വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിയ സന്ദീപ് വാര്യരുടെ പരിഹാസം.
ഹിമാചലിൽ സിപിഎം മത്സരിച്ച പതിനൊന്ന് സീറ്റിലും കൂടി 0.01 ശതമാനം വോട്ടാണ് നേടിയത്. സിറ്റിംഗ് സീറ്റിൽ നാലാമതായി. ഗുജറാത്തിൽ 9 സീറ്റിൽ മത്സരിച്ച് 0.03 ശതമാനം വോട്ടാണ് സിപിഎമ്മിന് കിട്ടിയത്. ഗുജറാത്തിലെ ഭാവ് നഗർ വെസ്റ്റ് സീറ്റിൽ സിപിഎം സ്ഥാനാർഥി 251 വോട്ട് മാത്രം നേടി പതിനൊന്നാം സ്ഥാനത്താണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വാർഡിൽ കിട്ടുന്ന വോട്ട് പോലുമില്ലെന്ന് ഓർക്കണം. നിശ്ചയമായും ഈ സ്ഥലങ്ങളിൽ മലയാളി വോട്ടർമാർ മാത്രം ആയിരങ്ങളുണ്ടാവും. അവർ പോലും സിപിഎമ്മിന് വോട്ട് ചെയ്തില്ല. അതെന്തു കൊണ്ടാവും ? നാട് മുടിപ്പിച്ച വൈറസ് ജോലി ചെയ്യുന്ന സ്ഥലത്ത് പടരരുത് എന്ന മനോഭാവമായിരിക്കില്ലേ അതിന് പിറകിൽ ? -സന്ദീപ് വാര്യർ ചോദിച്ചു.
ഹിമാചലിലോ ഗുജറാത്തിലോ സിപിഎമ്മിന്റെ നിലവിലെ ഏറ്റവും പ്രധാന നേതാവ്, ഏക മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണം നടത്താതിരുന്നത് എന്ത് കൊണ്ടാണ്? കേരളത്തിലെ മന്ത്രിമാർ ആരെങ്കിലും ഇവിടങ്ങളിൽ പ്രചാരണത്തിന് പോയിരുന്നോ. ഡി.വൈ.എഫ്.ഐയുടെ യുവതുർക്കികൾ ആരെങ്കിലും? അല്ല പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. മൈസൂർ ദസറക്ക് കുടുങ്ങിയ ശ്വാനന്റെ അവസ്ഥ പേടിച്ചിട്ടാകും പോകാതിരുന്നത് -സന്ദീപ് പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.