Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലക്കം മറിഞ്ഞ്​...

മലക്കം മറിഞ്ഞ്​ സന്ദീപ്​ വാ​ര്യർ; 'ഹലാ​ൽ' പോസ്റ്റ്​ പിൻവലിച്ചു, പിന്മാറ്റം ബി.ജെ.പി എതിർപ്പിനെ തുടർന്ന്​

text_fields
bookmark_border
മലക്കം മറിഞ്ഞ്​ സന്ദീപ്​ വാ​ര്യർ; ഹലാ​ൽ പോസ്റ്റ്​ പിൻവലിച്ചു, പിന്മാറ്റം ബി.ജെ.പി എതിർപ്പിനെ തുടർന്ന്​
cancel

പാലക്കാട്​: ഹലാൽ ഭക്ഷണം വിവാദമാക്കാനുള്ള സംഘ്​ പരിവാർ അജണ്ടക്കെതിരെ പരസ്യമായി രംഗത്തുവന്ന ബി.ജെ.പി വക്​താവ്​ സന്ദീപ്​ വാരിയർ ഒടുവിൽ ഫേസ്​ബുക്​ പോസ്റ്റ്​ പിൻവലിച്ചു. ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന കാര്യം എല്ലാവരും മനസ്സിലാക്കിയാൽ നല്ലത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്​. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത് എന്നും ആഹ്വാനം ചെയ്​തിരുന്നു.

എന്നാൽ, ഹലാൽ ഭക്ഷണത്തിനെതിരെ സംഘ്​പരിവാർ വ്യാപകമായി വിദ്വേഷം പ്രചരിപ്പിക്കുന്നതിനിടെ സന്ദീപ് വാര്യർ വ്യത്യസ്​ത അഭിപ്രായവുമായി രംഗത്തുവന്നത്​ ബി.ജെ.പിയിൽ വൻ പൊട്ടിത്തെറിക്കാണ്​​ ഇടയാക്കിയത്​. സന്ദീപിനെ തള്ളി മുതിർന്ന നേതാക്കൾ തന്നെ രംഗത്തുവന്നു. ഇതേതുടർന്നാണ്​ തന്‍റെ പോസ്റ്റ്​ പിൻവലിച്ചത്​. പാർട്ടി നിലപാട് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രഖ്യാപിച്ച സ്ഥിതിക്ക്, അച്ചടക്കമുളള പാർട്ടി പ്രവർത്തകനായ താൻ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിൻവലിച്ചിരിക്കുന്നു എന്നാണ്​ സന്ദീപ്​ ഇതിന്​ നൽകുന്ന വിശദീകരണം.

അതേസമയം, ആദ്യ ഫേസ്​ബുക്​ പോസ്റ്റിന്​ പിന്നാലെ സന്ദീപിന്‍റെ വീട്ടിൽ​ അജ്ഞാതൻ അതിക്രമിച്ചുകടന്നു. സന്ദീപിന്‍റെ പാലക്കാട് ചെത്തല്ലൂരിലെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ അജ്ഞാതൻ അതിക്രമിച്ച് കയറിയതായാണ്​ പരാതി. ദ്യശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. സന്ദീപ് വാര്യരുടെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നാട്ടുകൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​.

സന്ദീപിന്‍റെ ആദ്യ ഫേസ്​ബുക്​ പോസ്റ്റ്​:

വ്യക്തിപരമായ ഒരു നിരീക്ഷണം മുന്നോട്ട് വെക്കട്ടെ.

ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്. മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും . ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരൻ , അവിടേക്ക് പച്ചക്കറി നൽകിയിരുന്ന വ്യാപാരി, പാൽ വിറ്റിരുന്ന ക്ഷീരകർഷകൻ, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ്... ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ ? അല്ല ... അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം.

ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നിൽ എത്ര കാലത്തെ അധ്വാനവും പ്രയത്നവും ഉണ്ടാവും ? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്നമാകാം. ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത് . അതെല്ലാവരും ഓർക്കണം. ഓർത്താൽ നല്ലത്. ഇന്ത്യൻ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ചെറുതുരുത്തിയിലെ അബ്ദുൽ സലാമിക്കയുടെ ഹോട്ടൽ കഫെ മക്കാനി ഇതേ പേജിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ എനിക്ക് ഇങ്ങനെയെ പറയാനാവൂ. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്​.

ആദ്യ പോസ്റ്റ്​ പിൻവലിച്ച്​ കൊണ്ട്​ ഇട്ട വിശദീകരണ കുറിപ്പ്​:

കോഴിക്കോട്ടെ പ്രമുഖ റസ്‌റ്റോറൻറായ പാരഗണിനെതിരെ മത മൗലികവാദികൾ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വച്ചിരുന്നു. ആയിരത്തറനൂറ് തൊഴിലാളികളുള്ള ആ ഹോട്ടൽ ശൃംഖല കെട്ടിപ്പടുക്കാൻ അതിന്‍റെ ഉടമസ്ഥൻ ശ്രീ സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയിൽ നിന്നാണ് ആ പോസ്റ്റ് ഇട്ടത്. (ലിങ്ക് താഴെ)

എന്നാൽ എന്‍റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങൾ അത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീർക്കുകയും പ്രവർത്തകർ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട്. പാർട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. കെ.സുരേന്ദ്രൻ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാർട്ടി പ്രവർത്തകനായ ഞാൻ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിൻവലിച്ചിരിക്കുന്നു.

------------------


Read also: https://www.madhyamam.com/n-876682

അപ്പോൾ എന്താണ്​ ഈ 'ഹലാൽ'?

'ഇന്ത്യയിൽ മുത്തലാഖ് നിരോധിച്ചതുപോലെ ഹോട്ടലുകളിലെ ഹലാൽ ബോർഡുകളും നിരോധിക്കണം. മുത്തലാഖ് പോലെ നിരോധിക്കപ്പെടേണ്ട മതത്തിന്‍റെ പേരിലുള്ള ദുരാചാരമാണ് ഹലാല്‍ ബോര്‍ഡുകൾ' -ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ.'

'മാവ്​ കുഴക്കുമ്പോൾ മൂന്നു തവണ തുപ്പും. അതാണ് നമ്മൾ കഴിക്കുന്നത്. ആ ശബരിമലയിൽ വിവരം കെട്ട ദേവസ്വം ബോർഡിന് അടി കൊടുക്കേണ്ടേ. ഹലാൽ ശർക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നത്. അതിലും തുപ്പിയിട്ടുണ്ടാകും. ദേവസ്വം ബോർഡിന്‍റെ അരവണ ഉപേക്ഷിക്കണം. ഒരു കാക്കായുടെ ചക്കരയാണത്. അത് തുപ്പിയതല്ലേ, അത് തിന്നാൻ കൊള്ളുവോ' -പി.സി. ജോർജ്​

'ശബരിമലയില്‍ പ്രസാദമായി നല്‍കുന്ന അരവണ പായസത്തിനായി ഉപയോഗിക്കുന്നത് ഹലാല്‍ ശര്‍ക്കര. സ്വകാര്യ കമ്പനികള്‍ക്കാണ് ശര്‍ക്കര നല്‍കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കിയത്. ഹലാലിനെതിരെ പ്രതിഷേധം ഉടലെടുത്തിരിക്കുന്നതിനിടെയാണ് ശബരിമലയില്‍ തന്നെ ഉപയോഗിക്കുന്ന ശര്‍ക്കര ഹലാല്‍ മുദ്ര പതിപിച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണം' -ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല

ശബരിമലയുമായി ബന്ധപ്പെട്ട 'ഹലാൽ ശർക്കര' വിവാദത്തിൽ വഴിത്തിരിവ്​. ശിവസേനാ​ നേതാവ്​ ധൈര്യശീൽ ധ്യാൻദേവ് കദം ചെയർമാനായ മഹാരാഷ്ട്രയിലെ പൂനെയിലുള്ള വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ് ആണ് ശർക്കര പായ്ക്കറ്റുകൾ നിർമിക്കുന്നത്. മുസ്‌ലിം മാനേജ്‌മെന്‍റിന് കീഴിലുള്ള കമ്പനിയല്ല ശർക്കര നിർമിക്കുന്നതെന്ന്​ രജിസ്ട്രാർ ഓഫ് കമ്പനീസ് വെബ്‌സൈറ്റിലെ രേഖകൾ പറയുന്നു. ഇതോടെ ശർക്കരയുടെ പേരിൽ വിവാദമുയർത്തിയ ബി.ജെ.പി വെട്ടിലായി. -മാധ്യമം 18 നവംബർ 2021

'ഹലാൽ' കഥ ഇതുവരെ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹലാലിനു പിറകെയാണ്​ കേരളത്തിലെ ബി.ജെ.പി നേതൃത്വം. സംസ്​ഥാന പ്രസിഡന്‍റ്​ മുതൽ ഫേസ്​ബുക്ക്​ ഫെയ്​ക്കുകൾ വരെ ഈ വിഷയം നന്നായി കത്തിക്കുന്നുണ്ട്​. കുറച്ച്​ മാസങ്ങളായി സംഘ്​പരിവാർ അക്കൗണ്ടുകൾ ഈ പണി തുടങ്ങിയിട്ട്​. തന്‍റ ക്രിമിനൽ പ്രവർത്തനങ്ങൾക്ക്​ മറയിടാൻ 'നോൺ ഹലാൽ' ഹോട്ടൽ നടത്തിയ തുഷാര നന്ദുവായിരുന്നു തുടക്കത്തി​ൽ ഇവരുടെ താരം. അവരുടെ ക്രിമിനൽ മുഖംമൂടി അഴിഞ്ഞു വീണതോടെ തുഷാരക്കെതിരെ പൊലീസ്​ കേസും അറസ്റ്റും ഒക്കെയായി.

ഹലാൽ എന്നാൽ മന്ത്രിച്ചൂതി മുസ്​ലിയാർ തുപ്പിയ ഭക്ഷണം എന്നാണ്​ സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ ഇന്നലെ പാലക്കാട്​ പറഞ്ഞത്​. ഹോട്ടൽ ഭക്ഷണത്തിലും ഇങ്ങനെ തുപ്പുന്നു​െവന്ന്​ സുരേന്ദ്രൻ പറഞ്ഞു. പൂഞ്ഞാറിലെ പി.സി. ജോർജും ത​േന്‍റതായ 'സംഭാവന' ഹലാൽ വിഷയത്തിൽ സമർപ്പിച്ചതോടെ സംഗതി ജോറായി.

ഇതിന്‍റെ തുടർച്ചയായി, കോഴിക്കോട്​ ഹലാലല്ലാത്ത ഭക്ഷണം കിട്ടുന്ന ഹോട്ടലുകളുടെ ലിസ്റ്റ്​ സംഘ്​പരിവാറുകാർ പ്രസിദ്ധീകരിച്ചു. ഇതിനെതിരെ ഹോട്ടലുടമകളും വ്യാപാരി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്​. വിദ്വേഷനിലപാടുകളിലൂടെ 'ശ്രദ്ധേയനായ' ബി.ജെ.പി നേതാവ്​ സന്ദീപ്​ വാര്യർ വരെ ഈ 'നോൺ ഹലാൽ' ലിസ്റ്റിനെതിരെ പരസ്യ നിലപാടെടുത്തു.

ഹലാൽ എന്നാൽ അനുവദനീയം, ഹറാം എന്നാൽ നിഷിദ്ധം

ജീവിതത്തിൽ ഹലാൽ, ഹറാം പരിഗണിക്കണമെന്നത് ഇസ്​ലാം മതത്തിന്‍റെ കണിശമായ അനുശാസനയാണ്. ഹലാൽ എന്നാൽ ഒറ്റ വാക്കിൽ അനുവദനീയമായത്​ എന്നാണ്​ അർത്ഥം. അതായത്​, മറ്റൊരാളുടെ അവകാശം ഹനിക്കാത്ത, മാലിന്യം കലരാത്ത, നിഷിദ്ധമായ കാര്യങ്ങളോ വസ്​തുക്ക​േളാ ഉൾപ്പെടാത്ത എല്ലാം ഹലാലാണ്​. അത്​ ചെയ്യുന്നത് വഴി തനിക്കോ മറ്റൊരാൾക്കോ യാതൊരു ദോഷവും ബുദ്ധിമുട്ടും വരരുത്​ എന്നതാണ്​ ഹലാലിന്‍റെ പ്രാഥമിക നിബന്ധന.

ഇതിന്‍റെ നേരെ വിരുദ്ധമാണ്​ ഹറാം. അന്യായമായി കൈവശ​പ്പെടുത്തിയ അന്യരുടെ മുതൽ, മാലിന്യം കലർന്നവ, ദൈവം നിഷിദ്ധമാക്കിയവ തുടങ്ങിയവയാണ്​ ഹറാം. ഹറാമായവ ഉപേക്ഷിച്ച്​ ഹലാലായത്​ സ്വീകരിക്കണമെന്നാണ്​ ഇസ്​ലാം അനുശാസിക്കുന്നത്​.

ഇത്​ ഭക്ഷണത്തിൽ മാത്രമല്ല, പെരുമാറ്റത്തിലും ഇടപാടിലും എല്ലാം ഹറാം /ഹലാൽ ശ്രദ്ധിക്കണം. അതനുസരിച്ച് നൂറ്റാണ്ടുകളായി മുസ്​ലിംകൾ ദേശ ഭേദമില്ലാതെ അത് പുലർത്തിവരുന്നുമുണ്ട്. തനിക്കർഹതയുള്ളത് മാത്രമേ ഒരാൾ ഉപയോഗിക്കാവൂ / ചെയ്യാവൂ എന്നതാണ് ഇതിൻ്റെ താൽപര്യം. വ്യക്തിക്കും സമൂഹത്തിനും ഉപദ്രവം ചെയ്യുന്ന എല്ലാ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ഹലാൽ, ഹറാം വ്യവസ്ഥ വ്യക്തിയെ പ്രേരിപ്പിക്കുന്നു.

ഉദാഹരണത്തിന്​ കള്ളം പറയൽ ഹറാമാണ്​. മോഷണം, അക്രമം, കൊലപാതകം, മായം ചേർക്കൽ, വ്യഭിചാരം, ആളുകളെ അപമാനിക്കൽ, ധനം അപഹരിക്കൽ, വഞ്ചന, ചതി തുടങ്ങിയവയൊക്കെ ഹറാമാണ്​. ഇത്തരം ഹറാമായ കാര്യങ്ങൾ ചെയ്യുന്നത്​ പാപമായാണ്​ ഇസ്​ലാം പരിഗണിക്കുന്നത്​. അതിനാൽ തന്നെ, ഈ വക കാര്യങ്ങളിൽ നിന്ന്​ വിട്ടുനിൽക്കുക എന്നത്​ വിശ്വാസിയുടെ ബാധ്യതയാണ്​.

സത്യസന്ധതയാണ്​ ഹലാൽ

ജീവിത വിശുദ്ധിയുടെയും സത്യസന്ധതയുടെയും നീതിബോധത്തിൻെറയും ആകെത്തുകയാണ് ഹലാൽ. സ്വാർത്ഥതയിൽനിന്ന് ഹലാൽ എന്ന ബോധം അവനെ മുക്തനാക്കുന്നു. ആഹാരവിഭവങ്ങൾ മാത്രമല്ല, സമ്പാദ്യവും അലങ്കാരങ്ങളും ഉടയാടകളും തുടങ്ങി ഒരാൾ സ്വന്തമാക്കുന്നതെന്തൊക്കെയുണ്ടോ അവയെല്ലാം ഹലാൽ ആയിരിക്കണമെന്നതാണ്. അതായത്​, അന്യരുടെ അവകാശം അബദ്ധത്തിൽ പോലും തന്‍റെ സ്വത്തിൽ കലരരുത്​ എന്നാണ്​ അതിന്‍റെ വിവക്ഷ.

അതിനാൽ തന്നെ ഹലാൽ എന്നത് അക്രമത്തിനും അനീതിക്കും എതിരായ ജാഗ്രതയുടെ പേരാണ്. സാമൂഹ്യവിരുദ്ധമെന്ന് സമൂഹം പേരിട്ടുവിളിക്കുന്ന എന്തൊക്കെയുണ്ടോ അവയുടെ മറുപക്ഷമാണ് ഹലാൽ. സമൂഹത്തിൻെറയോ അധികാരത്തിൻെറയോ നീതിപാലകരുടെയോ ശ്രദ്ധ പതിയാത്തിടത്തും ഹലാൽ ചിന്ത ഒരു വ്യക്തിയിൽ സത്യവും നീതിയും ധർമവും ഉറപ്പുവരുത്തുമെന്നത് ചെറിയ കാര്യമല്ല. അതിനാൽ ഹലാൽ ഒരു സാമൂഹ്യവിരുദ്ധ നിലപാടല്ല. സുന്ദരവും സമാധാനപൂർണവും അക്രമരഹിതവുമായ സാമൂഹികാന്തരീക്ഷമാണ് ഹലാൽ സൃഷ്ടിക്കുന്നത്.

ഭക്ഷണത്തിലെ ഹലാൽ

ചത്ത ജീവികളുടെ മാംസവും ആരോഗ്യത്തിന്​ ഹാനികരമായ മദ്യം, മയക്കുമരുന്ന്​ തുടങ്ങിയവയും ഇവ കലർന്ന ഭക്ഷണങ്ങളും ഹലാൽ അല്ല. തലക്കടിച്ചോ കുത്തിമുറിവേൽപിച്ചോ ജീവൻ നഷ്​ടമായ മൃഗങ്ങളെുടെ മാംസം കഴിക്കാൻ വിശ്വാസികൾക്ക് അനുവാദമില്ല. അഥവാ അത്തരം ഭക്ഷണം ഹലാലല്ല. മത്സ്യം ഒഴികെയുള്ള ജീവികളെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച്​ കഴുത്ത്​ അറുത്ത്​ മാംസം തയാർ ചെയ്യണമെന്നാണ്​ ഇസ്​ലാം അനുശാസിക്കുന്നത്​. ഇതിനെയാണ്​ ഹലാൽ എന്നുപറയുന്നത്​.

ഭക്ഷണത്തിലും പാനീയത്തിലും തുപ്പുന്നത്​ പോയിട്ട്​ ഊതുന്നത്​ പോലും ഇസ്​ലാം വിലക്കിയ കാര്യമാണ്​. എന്നിരിക്കെ, ഇതിന്​ വിപരീതമായി എവിടെയെങ്കിലും ചില സാമൂഹിക ദ്രോഹികൾ ചെയ്​തുകൂട്ടിയ കാര്യങ്ങളെ ഹലാലിന്‍റെയും ഇസ്​ലാമിന്‍റെയും പേരിൽ വരവുവെക്കുന്ന പി.സി ജോർജിന്‍റെയും സുരേന്ദ്രന്‍റെയും അജണ്ടകൾ എന്താണെന്നത്​​ പകൽ പോലെ വ്യക്​തമാണ്​.

ഉൽപന്നങ്ങൾക്കു പുറത്തുള്ള ഹലാൽ മുദ്ര

വിശ്വാസി സമൂഹത്തെയും അവർ കൂടുതലായി ജീവിക്കുന്ന രാഷ്ട്രങ്ങളെയും സമീപിക്കുന്നതിൽ വിപണി സ്വീകരിക്കുന്ന സ്ട്രാറ്റജിയുടെ ഭാഗമായാണ് ഉൽപന്നങ്ങൾക്കു പുറത്തുള്ള ഹലാൽ മുദ്രകളും കടകളിൽ തൂക്കുന്ന ഹലാൽ ബോർഡുകളും. വിശ്വാസം തീവ്രത കൈവരിച്ചതിൻെറ ലക്ഷണമായിട്ടല്ല വിപണി കൂടുതൽ തന്ത്രങ്ങളിലേക്കും അടവുകളിലേക്കും വളരുന്നതിൻെറയും വികസിക്കുന്നതിൻെറയും അടയാളമായിട്ടാണ് ഇവ പരിഗണിക്കപ്പെടേണ്ടത്. അതിന്‍റെ തെളിവാണ്​ ശിവസേന നേതാവിന്‍റെ ഫാക്​ടറിയിൽ​ ഉൽപാദിപ്പിക്കുന്ന ശർക്കരക്ക്​ ഹലാൽ മുദ്രണം ചെയ്​തത്​.

വിപണിയുടെ യുക്തികൾ മാത്രമാണ് ഹലാൽ എന്ന ബോർഡ് സ്ഥാപിക്കുന്നതിലോ ലോബൽ പതിക്കുന്നതിനോ പിന്നിലുള്ളതെന്ന് വർഗീയ തിമിരം ബാധിച്ചിട്ടില്ലാത്തവർക്ക് ബോധ്യമാകുന്നതാണ്. ആഗോളവൽകരണത്തിൻെറ വിപണിയുക്തികൾ ജനതകളെയും രാജ്യങ്ങളെ തന്നെയും നയിക്കുകയും നിയന്ത്രിക്കുകയും െചയ്യുന്ന സവിശേഷമായ സാഹചര്യമാണിത്. മതപരവും ദേശീയവുമായ ആഘോഷങ്ങളെക്കുറിച്ച് ജനവിഭാഗങ്ങളെ ഓർമിപ്പിക്കുകയും അവരുടെ മനസിൽ അതിൻെറ ആരവം നിലനിർത്തുകും ചെയ്യുന്നത് വിപണിയാണെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ഓണമെന്നാൽ പൂവും പൂപ്പൊലിയും സദ്യയും എന്നതിൽനിന്ന് ഓണ വിപണിയും ഓണം മെഗാ സെയിൽസും എന്ന രീതിയിലുള്ള മാറ്റം ഉദാഹരണമായെടുക്കാം. അക്ഷയ തൃതീയയെ സ്വർണ വ്യാപാരത്തിനുള്ള മുഹൂർത്തമായി അവതരിപ്പിച്ചതും മാർക്കറ്റിങ് തന്ത്രങ്ങളുടെ മികച്ച ഉദാഹരണമാണ്.

അതുകൊണ്ട് തന്നെ, മുമ്പൊന്നുമില്ലാത്ത ഒരു ഹലാൽ ഇപ്പോൾ എവിടെന്ന് നിന്ന് വന്നു എന്ന് ചോദിക്കുന്നവർ വിപണി തന്ത്രങ്ങളെയും അതിൽ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന വൈവിധ്യ വൽകരണവും കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. മുൻ കാലങ്ങളിൽ ഓണം വരുമ്പോൾ പറമ്പുകളിൽ കുട്ടികൾ കൂട്ടത്തോടെ പോയി പൂ പറിച്ചുകൊണ്ടുവന്നാണ് അത്തം മുതൽ പൂക്കളം ഒരുക്കിയിരുന്നത്. എന്നാൽ ഇപ്പോൾ, പാതയോരങ്ങളിലും ക​േമ്പാളങ്ങളിലും പൂക്കടകൾ വ്യാപകമാവുന്നതാണ് കാണുന്നത്. ഇന്ന്​ പൂ പറിക്കാനല്ല, പൂ വാങ്ങാനാണ് പോവുന്നത്. അത്​ചൂണ്ടിക്കാണിച്ച്​, മുമ്പില്ലാത്ത ഒരു ഓണവും പൂവിൽപ്പനയും ഇന്ന് എന്തുകൊണ്ട് എന്ന് ആരും ചോദ്യംചെയ്യാറില്ല. ശബരിമല സീസണിൽ റോഡരികുകളിൽ വ്യാപകമായി പൊങ്ങിവരുന്ന പലഹാരക്കടകൾ ആ വിശ്വാസികളെ ഉപയോഗപ്പെടുത്തി കച്ചവടം സാധിക്കുന്ന കച്ചവട തന്ത്രമല്ലാതെ വിശ്വാസത്തിൻെറയോ വളർച്ചയോ വൈകല്യമോ ഒന്നുമായും കണക്ട് ചെയ്യാനാവില്ല.

സ്കൂളുകൾക്ക് സമീപത്തെ സ്റ്റേഷനറി, പുസ്തക കടകളും വില്ലേജ് ഓഫിസുകൾക്ക് സമീപത്തെ ആധാരമെഴുത്ത് ഓഫിസുകളും ഗുണഭോക്താക്കളുടെ ആവശ്യം മുൻനിർത്തിയുള്ള വ്യാപാര തന്ത്രങ്ങളാണ്. സ്കൂളുകൾക്ക് സമീപം മാംസ വിൽപന ശാലകൾ വേണമെന്നും വില്ലേജ് ഓഫിസുകൾക്ക് സമീപം വ്യാപകമായി തുണിക്കടകൾ വേണമെന്നും വാശിപിടിക്കുന്നതിലെ നിരർഥകത ആർക്കാണ്ബോധ്യമാവാത്തത്. സ്പെഷ്യലൈസേഷൻ എന്നത് ഇന്ന് വിപണി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ഒരു കാര്യമാണ്. വിദ്യഭ്യാസത്തിലും ജോലിയിലും ആരോഗ്യമേഖലയിലുമെല്ലാം സ്പെഷലൈസേഷനെ അംഗീകരിക്കുന്ന നമുക്ക് വിപണി പലതരത്തിൽ അതിനെ ഉപയോഗപ്പെടുത്തുമെന്ന കാര്യത്തിൽ തിരിച്ചറിവുവേണ്ടതുണ്ട്.

പുട്ടിനും ദോശക്കും മാത്രമായി ഹോട്ടലുകൾ തുറക്കുകയും അവ വൻ വിപണി വിജയം നേടുകയും ചെയ്യുന്ന കാലമാണിതെന്നോർക്കണം. അതിനാൽ കോഴിക്കോട്ടെയോ ദുബായിയിലേയോ 'ദേ പുട്ടി'ൽ കയറിയിരുന്ന് എനിക്ക് നല്ല സാമ്പാറും ചോറും വേണമെന്ന് ആവശ്യപ്പെടുകയും അത് ലഭിച്ചില്ലെങ്കിൽ എന്തു ഭക്ഷണവും കഴിക്കാനുള്ള തൻെറ സ്വാതന്ത്ര്യത്തിന് എതിരുനിൽക്കലാണെന്നും വാദിക്കുന്നവർക്ക് അവിടെ ഇരുന്ന് വാദിക്കാമെന്നല്ലാതെ ഒരു കാര്യവും ഉണ്ടാവാൻ പോകുന്നില്ല. വിശ്വാസങ്ങളെ മാത്രമല്ല അക്ഷയ ത്രിതീയ പോലുള്ള അന്ധവിശ്വാസങ്ങളെയും ഉപയോഗപ്പെടുത്തിയാണ് വിപണി വിജയക്കുതിപ്പ് നടത്തുന്നതെന്ന് ഓർക്കുക.

സംഘ്പരിവാറിൻെറ ഇരട്ടത്താപ്പ്

ഹലാൽ മാംസത്തിന്, മുസ്ലിംകൾ തന്നെ കശാപ്പുകർമ്മങ്ങൾ നിർവഹിക്കണമെന്ന നിബന്ധന ഇന്ത്യയിലെ ഈ തൊഴിൽ മേഖലയിൽ നിന്ന് അമുസ്ലിംകളെ അകറ്റുമെന്നും അതിൻെറ ഫലമായി തൊഴിലില്ലായ്മ ശക്തിപ്പെടുത്തുമെന്നുമാണ് സംഘ്പരിവാർ നേതാക്കൾ പല ചാനൽചർച്ചകളിലും ഉന്നയിക്കുന്ന ആരോപണം. എന്നാൽ ഇവിടെ ആരാണ് ഈ ജോലിയുടെ മേഖലയിൽ നിയന്ത്രണം വേണമെന്ന് പറഞ്ഞിട്ടുള്ളത്? മുസ്​ലിംകൾ മാത്രമേ മൃഗങ്ങളെ അറുക്കാവൂ എന്നോ മാംസവിതരണം നടത്താവൂ എന്നോ ആർക്കും വാദമോ വാശിയോ ഇല്ല. മറ്റു നിയമവശങ്ങൾ പരിഗണിച്ച് ഈ ജോലി ആർക്കും എവിടെയും എപ്പോഴും ചെയ്യാവുന്നതാണ്.

ഹലാൽ, ഹറാം പരിഗണനകൾ ബാധകമല്ലാത്തവരാണ് ഈ ലോകത്ത് അതുള്ളവരേക്കാൾ കൂടുതൽ എന്നതിനാൽ വിപണിയും ചെറുതല്ല. അധികാരം ഉപയോഗിച്ച് ഗോവധ നിരോധനത്തിനുവേണ്ടി നിയമനിർമാണം നടത്തുകയും അറവുശാലകൾ നടത്തുന്നവരെ അടിച്ചുകൊല്ലുകയും ചെയ്യുന്നവരാണ് കശാപ്പുശാലകളിെല തൊഴിൽ നഷ്ടത്തെക്കുറിച്ച് വാചാലമാവുന്നതെന്നതാണ് ഇതിലെ വിരോധാഭാസം. മാത്രമല്ല സംഘ്പരിവാർ സംഘടനകളുടെ ആൾക്കൂട്ട ആക്രമങ്ങളുടെ ഫലമായി നിരവധി പേരാണ് ദിനേന രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ കന്നുകാലി വിൽപ്പന, കശാപ്പ് മേഖല ഉപേക്ഷിക്കുന്നത്. മുസ്​ലിംകളെ സംബന്ധിച്ചടത്തോളം അവരുടെ സമ്പാദ്യവും ഹലാൽ ആയിരിക്കും. ഇത്​ മുൻനിർത്തി, ഗൾഫ് രാജ്യങ്ങളിലടക്കം േജാലി ചെയ്യുന്ന തീവ്രഹിന്ദുത്വ വക്താക്കൾ ഹലാൽ ശമ്പളം ഞങ്ങൾ സ്വീകരിക്കില്ലെന്ന് പറയാൻ സന്നദ്ധമാവുമോ?

ഹലാലിനെതിരായ സംഘ്പരിവാർ പടയൊരുക്കം രാജ്യത്തെ ജനവിഭാഗങ്ങൾക്കിടയിൽ ആഴമേറിയ വിഭജനം ലക്ഷ്യം വെച്ചുള്ളതാണെന്നത് തർക്കരഹിതമാണ്. ബാബരി മസ്ജിദ് മുസ്​ലിംകൾക്ക് ആരാധനാലയം എന്ന നിലക്ക് അവരുടെ ദൈനംദിന ജീവിതത്തെയോ അതിൽ പുലർത്തേണ്ട വിശ്വാസരീതികളെയോ തദ്സംബന്ധ യുക്തികളെയോ ചോദ്യംചെയ്യുന്നതായിരുന്നില്ല. എന്നാൽ, ഹലാൽ ഹേറ്റ് കാമ്പയിനിലൂടെ, മുസ്​ലിം സാധാരണ ജീവിതംപോലും അപകടകരമാണെന്ന് വരുത്തിത്തീർക്കുകയാണ് സംഘ്പരിവാർ ലക്ഷ്യം.

രാജ്യത്തിൻെറ നഷ്ടം

പല അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളും ഹലാൽ വിപണിയെ ഉപയോഗപ്പെടുത്താനുള്ള നിയമനിർമാണങ്ങളും നിയമഭേദഗതികളുമായി മുന്നോട്ടുപോവുകയാണ്. ഈ മേഖലയിലെ ദുരുപയോഗസാധ്യത മുൻനിർത്തി കാനഡ 2006 ൽ തന്നെ നിയമഭേദഗതികൾ കൊണ്ടുവന്നിരുന്നു. എന്നാൽ, നമ്മുടെ രാജ്യം ഈ വിപണിയെ തകർക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

2019-20 കാലയളവിൽ 22668.48 കോടി രൂപയുടെ പോത്തിറച്ചിയാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തത്. മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത് സൗദി അറേബ്യ, യു.എ.ഇ എന്നീ മുസ്​ലിം രാജ്യങ്ങളാണ് ഇന്ത്യൻ മാംസ വിപണിയെ ആശ്രയിക്കുന്നത്.

ഓരോവർഷവും ഈ കയറ്റുമതി വർദ്ധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2020ൽ ബീഫ് കയറ്റുമതിയിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ബ്രസീലും ഓസ്ട്രേലിയയുമാണ് തൊട്ടുമുന്നിലുള്ളത്. 2020ൽ ലോകത്ത് കയറ്റുമതി ചെയ്യപ്പെട്ട ബീഫിൽ 13.14 ശതമാനവും ഇന്ത്യയിൽ നിന്നാണ്. വിലക്കുറവും ഹലാൽ സർട്ടിഫിക്കേഷനുമാണ് ഇന്ത്യൻ ബീഫിന് ഏഷ്യയിലെയും ആഫ്രിക്കയിലെയും മുസ്ലിം രാജ്യങ്ങളിൽ ഡിമാൻറ് വർദ്ധിക്കാൻ കാരണമെന്നാണ് വിദഗ്ധാഭിപ്രായം.

എന്നാൽ സംഘ്പരിവാർ സംഘടനകളുടെ ഹലാൽ വിദ്വേഷ കാമ്പയിനിനെ തുടർന്ന് വാണിജ്യമന്ത്രാലത്തിന് കീഴിലെ അഗ്രികൾച്ചറൽ ആൻറ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്റ്റ്സ് ആൻറ് എക്സ്പോർട്ട് ഡവലപ്മെൻറ് അതോറിറ്റി (APEDA) യുടെ മാന്വലിൽ നിന്ന് ഹലാൽ എന്ന വാക്ക് ഒഴിവാക്കിയിരിക്കുകയാണ്. The animals are slaughtered strictly according to Halal method to meet the requirement of Islamic countries' എന്നായിരുന്നു നിലവിലുള്ള മാന്വലിൽ ഉപയോഗിച്ചതെങ്കിൽ The animals are slaughtered to the requirement of importing country /importer എന്ന് തിരുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇൗ തിരുത്ത് ഇന്ത്യൻ മാംസ വിപണിയെ വളരെ ആഴത്തിൽ ബാധിക്കുന്നതാണ്.

സംഘ്പരിവാറിൻെറ വ്യാജ പ്രചാരണങ്ങളുടെയും തദനുസൃമായ ഭരണകൂട നടപടികളുടെയും ഫലമെന്താണെന്ന് വെച്ചാൽ ഇന്ത്യയുടെ പ്രധാനപ്പെട്ട കയറ്റുമതി മേഖലയെ അപ്പാടെ തകർക്കുമെന്നത് മാത്രമാണ്. ഹലാൽ എന്ന പരാമർശം ഒഴിവാക്കിയതിലൂടെ തന്നെ മുസ്​ലിം രാജ്യങ്ങളിൽ അതിന് വേണ്ടത്ര സ്വീകാര്യത ലഭിക്കില്ലെന്നത് നിസ്തർക്കമാണ്. ആത്യന്തികമായി അത് പ്രതികൂലമായി ബാധിക്കുന്നത് മുസ്​ലംകൾക്കല്ല, ഈ രാജ്യത്തിൻെറ റവന്യൂ വരുമാനത്തെയാണ്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Halal foodhalalSandeep Varierbjp
News Summary - Sandeep GVarier U turned; FB post on 'Halal' food deleted
Next Story