സന്ദീപ് കടുത്ത മദ്യപാനി; ഭാര്യയും മക്കളും വിട്ടുപോയി
text_fieldsകൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനദാസിനെ കുത്തി കൊലപ്പെടുത്തിയ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപ് (42) മദ്യത്തിനടിമ. നിലവിൽ നെടുമ്പന യു.പി സ്കൂളിലെ അധ്യാപകനാണ്. മദ്യപാനവും വഴക്കും പതിവായതോടെ ഇയാളുടെ ഭാര്യ രണ്ടുമക്കൾക്കൊപ്പം കുറച്ചുകാലമായി പിരിഞ്ഞുകഴിയുകയാണ്.
ആദ്യം ജോലി ചെയ്തിരുന്ന വിലങ്ങറ യു.പി സ്കൂളിൽ തസ്തിക റദ്ദായതിനെ തുടർന്ന് 2021 ഡിസംബർ മുതൽ നെടുമ്പന യു.പി സ്കൂളിൽ സംരക്ഷിത അധ്യാപകനായി ജോലി നോക്കി വരുകയായിരുന്നു. മാർച്ച് 31 വരെ ജോലിക്ക് എത്തിയിരുന്നതായും സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. ഡീ അഡിക്ഷൻ സെന്ററിൽ നിന്ന് അടുത്തിടെയാണ് ചികിത്സ കഴിഞ്ഞ് ഇറങ്ങിയത്.
ഡി.ജി.പിയുടെ വിശദീകരണം തേടി
കൊച്ചി: ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിയിൽനിന്ന് ഹൈകോടതി റിപ്പോർട്ട് തേടി. വ്യാഴാഴ്ച രാവിലെ 10ന് ഹരജി പരിഗണിക്കുമ്പോൾ ഓൺലൈൻ മുഖേന ഡി.ജി.പി നേരിട്ട് ഹാജരാകണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ആശുപത്രിമുറിയിലെയും സംഭവസ്ഥലത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ഇക്കാര്യം ആശുപത്രി സൂപ്രണ്ട് നേരിട്ട് ഉറപ്പാക്കണമെന്നും നിർദേശിച്ചു. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) ആശുപത്രിയിലെത്തി പരിശോധിച്ച് റിപ്പോർട്ട് നൽകണം. പ്രതി ആക്രമിക്കുമ്പോൾ പൊലീസ് ഗ്രില്ലിന് പുറത്തുനോക്കി നിൽക്കുകയായിരുന്നെന്ന് ഐ.എം.എയുടെ അഭിഭാഷകൻ വാദിച്ചു. വൈദ്യപരിശോധനക്ക് ഹാജരാക്കുമ്പോൾ പൊലീസ് മാറിനിൽക്കണമെന്ന ഉത്തരവുണ്ടെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. എന്നാൽ, അക്രമാസക്തനായ ഒരു പ്രതിയെ ഹാജരാക്കുമ്പോൾ ഇത്തരത്തിൽ പെരുമാറുന്നത് ഉചിതമാണോയെന്ന് കോടതി ചോദിച്ചു. ഉത്തരവിന്റെ പേരിൽ കോടതിയെ പഴിചാരരുത്. ഭയാനകമായ പേക്കിനാവാണ് സംഭവിച്ചത്.
സന്ദീപിന് സസ്പെൻഷൻ
തിരുവനന്തപുരം: ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ ജി. സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം വകുപ്പുതല അന്വേഷണം നടത്തി കൊല്ലം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡി. ഷാജിമോനാണ് സസ്പെന്ഡ് ചെയ്തത്. നെടുമ്പന യു.പി സ്കൂളിലെ അധ്യാപകനാണ് ജി.സന്ദീപ്. കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.