സന്ദീപ് വധം: രാഷ്ട്രീയ കൊലപാതകമെന്ന് കുറ്റപത്രം; ഗൂഢാലോചനയില്ല
text_fieldsതിരുവല്ല: സന്ദീപ് കൊലക്കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ (32) കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണ സംഘം തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചത്.
അന്വേഷണച്ചുമതല വഹിക്കുന്ന ഡിവൈ.എസ്.പി ടി. രാജപ്പനാണ് സംഭവം നടന്ന് അറുപതാം ദിവസം കുറ്റപത്രം നൽകിയത്. ഒന്നാം പ്രതി ബി.ജെ.പി പ്രവർത്തകനായ ജിഷ്ണുവിന് സി.പി.എം നേതാവായ സന്ദീപിനോടുണ്ടായ രാഷ്ട്രീയ വൈരാഗ്യവും വ്യക്തിവിരോധവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. ജിഷ്ണുവിന്റെ രാഷ്ട്രീയ വൈരാഗ്യം തീർക്കാർ മറ്റ് പ്രതികൾ സഹായിക്കുകയായിരുന്നു എന്നുമാണ് 732 പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്. സംഭവം രാഷ്ട്രീയ കൊലപാതകമെങ്കിലും രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും ജിഷ്ണു ഒഴികെയുള്ള പ്രതികൾക്ക് രാഷ്ട്രീയ ബന്ധം ഇല്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു, ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ്, തിരുവല്ല കാവുംഭാഗം വേങ്ങൽ നന്ദുഭവനിൽ നന്ദു, കാസർകോട് മൊഗ്രാൽ മൈമൂൺ നഗർ കുട്ട്യാളൻ വളപ്പിൽ മൻസൂർ, വേങ്ങൽ ആലംതുരുത്തി പാറത്തറ തുണ്ടിയിൽ വിഷ്ണുകുമാർ എന്നീ അഞ്ച് പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. മുഖ്യപ്രതികൾക്ക് ഒളിയിടം ഒരുക്കിയ കേസാണ് ആറാം പ്രതിയായ കരുവാറ്റ പാലപ്പറമ്പിൽ കോളനിയിൽ രതീഷിനെതിരെയുള്ളത്.
പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്. എന്നാൽ, ഇത് തള്ളുന്നതാണ് ഇപ്പോൾ പൊലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രം. ഇക്കഴിഞ്ഞ ഡിസംബർ രണ്ടിന് രാത്രിയായിരുന്നു സന്ദീപിനെ കൊലപ്പെടുത്തിയത്. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സുരേഷ് ബാബു തോമസിനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.