സ്വർണ്ണ കടത്ത് കേസ്: മാപ്പുസാക്ഷിയാകാൻ തയാറായി സന്ദീപ് നായർ
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മാപ്പുസാക്ഷിയാകാൻ തയാറായി നാലാം പ്രതി സന്ദീപ് നായർ. മുഴുവൻ കാര്യങ്ങളും സ്വമേധയാ തുറന്നുപറയാൻ തയാറാണെന്നും മാപ്പുസാക്ഷിയാക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിലാണ് ഇയാൾ അപേക്ഷ നൽകിയത്. താൻ നൽകുന്ന മൊഴി തനിക്കെതിരെയും തെളിവായി പരിഗണിക്കുമെന്ന് അറിയാമെന്നും അപേക്ഷയിൽ പറയുന്നുണ്ട്.
അപേക്ഷ പരിഗണിച്ച പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാർ വിഡിയോ കോൺഫറൻസ് വഴി സന്ദീപ് നായരെ വിസ്തരിച്ചു. കുറ്റം സമ്മതിക്കുന്നതിലൂടെ കുറ്റകൃത്യത്തിൽനിന്ന് ഒഴിവാക്കുമെന്നോ മാപ്പുസാക്ഷിയാക്കുമെന്നോ ഉറപ്പ് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ കുറ്റക്കാരനായി കണ്ടെത്തിയേക്കാമെന്ന് കോടതി ഓർമപ്പെടുത്തിയെങ്കിലും താൻ ഇതേക്കുറിച്ച് പൂർണമായി ബോധവാനാണെന്നും കുറ്റസമ്മത മൊഴി നൽകാൻ തയാറാണെന്നും സന്ദീപ് നായർ ആവർത്തിച്ചു. അപേക്ഷയെ എൻ.ഐ.എ എതിർത്തില്ല.
ഇതേത്തുടർന്ന് കോടതി സി.ആർ.പി.സി 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്താൻ സി.ജെ.എം കോടതിയെ ചുമതലപ്പെടുത്തി. ഇയാളുടെ മൊഴി പരിശോധിച്ച ശേഷമാവും മാപ്പുസാക്ഷിയാക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എൻ.ഐ.എ അറിയിക്കുക. ജൂലൈ 11ന് ബംഗളൂരുവിൽനിന്നാണ് സ്വപ്നക്കൊപ്പം സന്ദീപ് നായരെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ ഇയാളുടെ വസതിയിൽ റെയ്ഡ് നടത്തി ചില രേഖകൾ സി.ബി.ഐ പിടിച്ചെടുത്തിരുന്നു.
മാപ്പുസാക്ഷിയാകുന്നത് സ്വർണക്കടത്ത് കേസിലും സി.ബി.ഐ അന്വേഷിക്കുന്ന ലൈഫ് മിഷൻ കേസിലും പ്രതികൾക്ക് തിരിച്ചടിയാകും. കേസുമായി ബന്ധപ്പെട്ട മുഴുവൻ മൊഴികളും പുറത്തുവരുന്നത് കൂട്ടുപ്രതികളായ സ്വപ്ന സുരേഷ് അടക്കമുള്ളവർക്കെതിരെ നിർണായക തെളിവായി അവതരിപ്പിക്കാൻ എൻ.ഐ.എക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.