ശബരിമല മേൽശാന്തി; ജാതിചിന്ത അവസാനിപ്പിക്കാൻ പിണറായിക്ക് തന്‍റേടമുണ്ടോയെന്ന് സന്ദീപ് വചസ്പതി, എതിർപ്പുമായി സ്വന്തം അനുയായികൾ
text_fieldsശബരിമലയിലെ മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ വെല്ലുവിളി നടത്തിയ ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതിക്ക് സ്വന്തം അനുയായികളിൽ നിന്നു തന്നെ എതിർപ്പ്. 'ജാതി ചിന്ത അവസാനിപ്പിക്കാനുള്ള ഒരു അവസരം എങ്കിലും വിനിയോഗിക്കാൻ പിണറായി വിജയന് തന്റേടം ഉണ്ടോ' എന്നായിരുന്നു ചോദ്യം. അബ്രാഹ്മണരുടെ അപേക്ഷ നിരസിച്ച വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു വെല്ലുവിളി. എന്നാൽ, നേതാവിന്‍റെ നിലപാടിനെ എതിർത്ത് അണികൾ തന്നെ രംഗത്തുവരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
'ശബരിമലയിൽ സ്ത്രീകളെ ഒളിച്ചു കടത്തൽ അല്ല നവോത്ഥാനം. യഥാർത്ഥ നവോത്ഥാനം നടത്താൻ ഇരട്ട ചങ്ക് അല്ല, നട്ടെല്ലാണ് വേണ്ടത്. ജാതി ചിന്ത അവസാനിപ്പിക്കാനുള്ള ഒരു അവസരം എങ്കിലും വിനിയോഗിക്കാൻ പിണറായി വിജയന് തന്റേടം ഉണ്ടോ എന്നാണ് അറിയേണ്ടത്.' -എന്നായിരുന്നു സന്ദീപ് വചസ്പതിയുടെ പോസ്റ്റ്.
ബ്രാഹ്മണർക്ക് മാത്രമേ മേൽശാന്തി നിയമനം നൽകേണ്ടതുള്ളൂവെന്ന നിലപാടാണ് ബി.ജെ.പി അനുഭാവിയാണെന്ന് പറഞ്ഞുകൊണ്ട് പലരും നടത്തിയത്. ഇക്കാര്യത്തിൽ ബി.ജെ.പി നിലപാട് വ്യക്തമാക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. അബ്രാഹ്മണരെ അവഹേളിക്കുന്ന തരത്തിലുള്ള നിരവധി കമന്‍റുകളുമുണ്ട്.
ശബരിമലയിൽ ബ്രാഹ്മണ പൂജ തുടരുമെന്നാണ് ദേവസ്വം ബോർഡ് കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയത്. ബ്രാഹ്മണ പൂജയാണ് അംഗീകൃത സമ്പ്രദായമെന്ന് ദേവസ്വം പ്രസിഡന്‍റ് എൻ. വാസു മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ മേൽശാന്തി നിയമനം ബ്രാഹ്മണരിൽനിന്ന് മാത്രമായിരിക്കും. അബ്രാഹ്മണരെ നിയമിക്കുന്നത് എല്ലാവരുമായി ചർച്ച ചെയ്തശേഷം മാത്രം തീരുമാനമെടുക്കും. ആർക്കും എതിർപ്പില്ലെങ്കിൽ മാത്രം ഇക്കാര്യം പരിശോധിക്കാമെന്നുമാണ് ദേവസ്വം ബോർഡിന്‍റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.