‘മുംബൈയിൽ മസാജ് പാർലർ നടത്തിയ ശിവസേനക്കാരൻ എനിക്കെതിരെ നിയമ നടപടി എടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്, കേസുകൊടുക്കട്ടെ’ -സന്ദീപ് വാര്യർ
text_fieldsപാലക്കാട്: താനൂരിൽനിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തിയ മുംബൈയിലെ ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളിൽ താൻ ഉറച്ചു നിൽക്കുന്നതായി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. മസാജ് പാർലർ നടത്തിയിരുന്ന ശിവസേനക്കാരൻ പ്രിൻസ് തനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അവർ കേസുകൊടുക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘മുംബൈയിൽ പെൺകുട്ടികളെ ഉപയോഗിച്ച് മസാജ് പാർലർ നടത്തിയിരുന്ന ശിവസേനക്കാരൻ പ്രിൻസ് എനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് 24 ചാനലിനോട് പറഞ്ഞിട്ടുണ്ട്. അവർ കേസുകൊടുക്കട്ടെ. മാധ്യമങ്ങളോട് അവർ പറഞ്ഞ എല്ലാ കാര്യങ്ങളും പരസ്പര വിരുദ്ധമാണ്. ആദ്യം മീഡിയവണ്ണിനോട് കുട്ടികളുടെ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ കോൾ വന്നെന്നും താൻ അത് കണ്ടെന്നും ഒക്കെ പറഞ്ഞ പ്രിൻസിന്റെ ഭാര്യ, പിന്നീട് കുട്ടികളുടെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നില്ല എന്ന് മറ്റു ചാനലുകളോട് പറഞ്ഞു. മുംബൈയിലെ ചില സംഘടന പ്രവർത്തകർ കുട്ടികൾ അവിടെയുണ്ടോ എന്ന് താഴെ ചെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന നുണയാണ് പ്രിൻസ് പറഞ്ഞിരിക്കുന്നത്. ആ സമയത്ത് കുട്ടികൾ അവിടെ ഉണ്ടായിരുന്നു എന്ന് പിന്നീട് സംഘടനാ പ്രവർത്തകർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കേസില്ലെന്നു മാത്രമേ പ്രിൻസ് പറയുന്നുള്ളൂ, അവിടെ റെയ്ഡ് നടന്നിട്ടുണ്ടോ എന്ന കാര്യം, അക്കാലത്ത് അത് വാർത്തയായിരുന്നോ എന്ന കാര്യം ഇതിലൊന്നും പ്രിൻസിന് വിശദീകരണമില്ല. മുംബൈയിലെ ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ട സംഗതികളാണ് ഞാൻ പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞത്. അതിൽ ഉറച്ചു നിൽക്കുന്നു’ -സന്ദീപ് വാര്യർ വ്യക്തമാക്കി.
നേരത്തെ, കുട്ടികളെ കാണാതായ സംഭവത്തില്‍ മുംബൈയിലെ ബ്യൂട്ടിപാര്‍ലറിന്റെ റോള്‍ അന്വേഷണ വിധേയമാക്കണമെന്ന് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡിന് ഒന്നരവര്‍ഷം മുമ്പ് ഈ സ്ഥാപനത്തിനെതിരെ മുംബൈ പൊലീസിന്റെ എന്തെങ്കിലും നടപടി വന്നിരുന്നോ എന്ന് അന്വേഷിക്കണം. എന്തുകൊണ്ടാണ് പേര് മാറ്റി ഈ സ്ഥാപനം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കേണ്ടി വന്നത്? പാലാരിവട്ടംകാരനായ ഒരാളുടെ സലൂണ്‍ ആണിത്. അറിഞ്ഞ വിവരങ്ങള്‍ പൊലീസിന് നല്‍കാന്‍ തയാറാണ്. മാധ്യമങ്ങള്‍ ആരെയും അന്ധമായി വിശ്വസിക്കരുത്. ഒന്ന് രണ്ട് വര്‍ഷം മുമ്പ് ഇവിടെ ഒരു മലയാളിയുടെ ദുരൂഹമരണം നടന്നതായും മൃതദേഹം നാട്ടില്‍ കൊണ്ടുവരാതെ അവിടെത്തന്നെ അടക്കിയതായും മുംബൈ മലയാളികളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും സന്ദീപ് പറഞ്ഞിരുന്നു.
കാണാതായ പെൺകുട്ടികളെ കണ്ടെത്താൻ കേരള പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ‘പെൺകുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവും അനായാസം ചെയ്യാവുന്ന മൊബൈൽ ലൊക്കേഷൻ ട്രാക്കിങ് അല്ലാതെ കേരള പൊലീസ് ഒന്നും ചെയ്തിട്ടില്ല. അതിലപ്പുറം പൊലീസിന്‍റെ യാതൊരു അന്വേഷണ മികവും ഈ കേസിൽ ഉണ്ടായിട്ടില്ല. മാധ്യമശ്രദ്ധ കിട്ടിയതുകൊണ്ട് മാത്രമാണ് ഈ കേസിൽ കുട്ടികളെ തിരികെ കിട്ടിയത്. നല്ല രീതിയിൽ ഒരു അന്വേഷണം നടത്താൻ പൊലീസ് തയാറായിട്ടേ ഇല്ല. അതുകൊണ്ട് ഈ കേസിൽ ആരും കേരള പൊലീസിന്റെ മഹത്വം പറഞ്ഞ് വരണ്ട. ഇത്ര അൺ പ്രഫഷനൽ ആയി കേസ് കൈകാര്യം ചെയ്ത മലപ്പുറം എസ്.പിക്ക് പട്ടും വളയും നൽകി ആദരിക്കണം’ -സന്ദീപ് പരിഹസിച്ചു.
അതിനിടെ, താനൂരിൽനിന്ന് വിദ്യാർഥിനികളെ കാണാതായ സംഭവത്തിൽ തുടരന്വേഷണത്തിനായി അന്വേഷണസംഘം വീണ്ടും മുംബൈയിലേക്ക് പോകും. വിദ്യാർഥിനികൾ സന്ദർശിച്ച ബ്യൂട്ടി പാർലറിനെക്കുറിച്ചും അവിടെ ആരെങ്കിലും സഹായം ചെയ്തിരിക്കാനുള്ള സാധ്യതയും സമഗ്രമായി അന്വേഷിക്കുകയാണ് ലക്ഷ്യം. കെയർ ഹോമിൽ കഴിയുന്ന പെൺകുട്ടികളെ ഞായറാഴ്ച തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തു. ഇവർ കൂടുതൽ കാര്യങ്ങൾ പറയാത്തത് കാര്യങ്ങൾ വ്യക്തമാകാൻ തടസ്സമാകുന്നുണ്ട്. കൈവശമുണ്ടായിരുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ചും വ്യക്തതയുണ്ടായിട്ടില്ല. രക്ഷിതാക്കളിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുന്നതിൽ എന്തെങ്കിലും പ്രയാസമോ പരിഭ്രമമോ വിദ്യാർഥിനികൾക്കില്ല. രക്ഷിതാക്കൾക്ക് വിട്ടുനൽകുന്നതിനു മുമ്പായി അവർക്കും കൗൺസലിങ് നടത്തും.
അതിനിടെ വിദ്യാർഥിനികളെ കൊണ്ടുപോയ കേസിൽ അറസ്റ്റിലായ എടവണ്ണ സ്വദേശി അക്ബർ റഹീമിനെ 21 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലേക്ക് ഉടൻ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. കുട്ടികളുമായി നാലു മാസം മുമ്പ് മാത്രം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാൾ ദിവസങ്ങൾക്കുള്ളിൽ തന്നെ കൂടുതൽ അടുക്കുകയായിരുന്നെന്നാണ് ഇവർ തമ്മിൽ കൈമാറിയ ഫോട്ടോകളും ചാറ്റുകളും വ്യക്തമാക്കുന്നത്. സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്നുതന്നെയാണ് ഇപ്പോഴും പൊലീസിന്റെ നിഗമനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.