സഹപ്രവർത്തകന്റെ നെഞ്ചിലേക്ക് കഠാരയിറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്റെ പേരാണ് സംഘപരിവാർ -സന്ദീപ് വാര്യർ
text_fieldsപാലക്കാട്: ബി.ജെ.പി പാലക്കാട് ജില്ല പ്രസിഡന്‍റിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ആർ.എസ്.എസ് പ്രവർത്തകനെ വെട്ടി കൊന്ന കേസിലെ പ്രതിയാണ് ബി.ജെ.പി ജില്ല പ്രസിഡന്‍റ് എന്ന് സന്ദീപ് വാര്യർ സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു. സ്വയംസേവകനായിരുന്ന അലക്സിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് ഈ മഹാൻ. സഹപ്രവർത്തകന്റെ നെഞ്ചിലേക്ക് കഠാര ഇറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്റെ പേരാണ് സംഘപരിവാറെന്നും സന്ദീപ് വിമർശിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ കൊലവിളി പ്രസംഗത്തിൽ പൊലീസ് കേസെടുത്തിരുന്നു. ബി.ജെ.പി പാലക്കാട് ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ, ജില്ല ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് കേസ്. ഇതിനുപിന്നാലെയാണ് പ്രശാന്ത് ശിവനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ രംഗത്തെത്തിയത്.
സന്ദീപ് വാര്യറുടെ കുറിപ്പ്:
ബിജെപിയുടെ പാലക്കാട് ജില്ലാ പ്രസിഡണ്ട് ഏതു കൊലപാതക കേസിലെ പ്രതിയാണ് എന്നറിയാമോ ? ആർഎസ്എസിന്റെ ഒന്നാന്തരം പ്രവർത്തകനായിരുന്ന, സ്വയംസേവകനായിരുന്ന അലക്സിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് ഈ മഹാൻ. ആർഎസ്എസിന്റെ അന്നത്തെ ജില്ലാ പ്രചാരകനുമായി വാക്കുതർക്കം ഉണ്ടായി എന്നുള്ള പേരിലാണ് ആർഎസ്എസ് ഈ കൊലപാതകം നടത്തിയത്. ആർഎസ്എസിന് അകത്തെ ആഭ്യന്തര തർക്കം മൂലം സജീവ ആർഎസ്എസ് പ്രവർത്തകനെ തന്നെ വെട്ടി കൊന്ന കേസിലെ പ്രതിയാണ് ബിജെപിയുടെ ജില്ലാ പ്രസിഡണ്ട്. രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയ കേസല്ല, അതല്ലെങ്കിൽ രാഷ്ട്രീയ എതിരാളികൾ തെറ്റായി പ്രതിചേർത്തതുമല്ല, സ്വന്തം സംഘടനയിലെ സഹപ്രവർത്തകനെ കൊന്ന കേസാണ്. അലക്സ് ആർഎസ്എസിന് ആരായിരുന്നു എന്ന് പാലക്കാട്ടെ പ്രവർത്തകർക്കറിയാം. സഹപ്രവർത്തകന്റെ നെഞ്ചിലേക്ക് കഠാര ഇറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്റെ പേരാണ് സംഘപരിവാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.