ബി.ജെ.പിയിൽ അടിമത്ത മനോഭാവം, നട്ടെല്ലുള്ള ഒരാൾ പോലുമില്ല; സ്ഥാനാർഥിയെ നിശ്ചയിച്ചത് കെ. സുരേന്ദ്രൻ ഉൾപ്പെടുന്ന കോക്കസ് -സന്ദീപ് വാര്യർ
text_fieldsപാലക്കാട്: യു.ഡി.എഫിന്‍റെ തകർപ്പൻ ജയത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ. പാലക്കാട്ടെ സ്ഥാനാർഥിയെ നിശ്ചയിച്ചത് ബി.ജെ.പിയിലെ കോക്കസ് ആണെന്ന് സന്ദീപ് പറഞ്ഞു. കെ. സുരേന്ദ്രനും വി. മുരളീധരനും സി. കൃഷ്ണകുമാറും ഉൾപ്പെടുന്ന കോക്കസ് ആണിത്. മുൻ നിശ്ചയിച്ച പ്രകാരം ജനാധിപത്യ മര്യാദയില്ലാതെയാണ് കൃഷ്ണകുമാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാർഥി നിർണയത്തിൽ ഗുരുതര പിഴവ് സംഭവിച്ചു. പാലക്കാട് ബി.ജെ.പിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നുവെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
അച്ചടക്കം എന്ന പേരിൽ അടിമത്ത മനോഭാവത്തോടെ നിൽക്കുന്ന ആളുകളുടെ വലിയ കൂട്ടമായി ബി.ജെ.പി മാറി. അച്ചടക്കത്തിന്‍റെ വാൾ കാണിച്ചു ഭയപ്പെടുത്തുകയാണ്. ജനാധിപത്യ രീതിയിൽ ബി.ജെ.പിയിൽ ചർച്ച നടക്കുന്നില്ല. സാധാരണ പ്രവർത്തകരുടെയോ പൊതുജനത്തിന്‍റെയോ അഭിപ്രായം തേടുന്നില്ല.
കൃഷ്ണകുമാറിനെതിരെ നിലപാട് സ്വീകരിക്കുന്ന ഒരാളെ പോലും സ്ഥാനാർഥി നിർണയ യോഗത്തിലേക്ക് വിളിച്ചില്ല. കുമ്മനം രാജശേഖരനെ യോഗത്തിലേക്ക് വിളിക്കുക പോലും ചെയ്തില്ല. കൃഷ്ണകുമാറിലേക്ക് സ്ഥാനാർഥിത്വം എത്താൻ വ്യാജ നടപടിക്രമങ്ങൾ നടത്തി.
തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയിൽ ഉണ്ടായ പൊട്ടിത്തെറിയെ കുറിച്ച് അഭിപ്രായം പറയുന്നില്ല. ആർജവത്തോടെ, അഭിമാനത്തോടെ അഭിപ്രായം പറയാൻ നട്ടെല്ലുള്ളവരല്ല ഇപ്പോൾ അഭിപ്രായം പറയുന്നത്. സ്ഥാനാർഥി നിർണയം നടന്നപ്പോൾ അഭിപ്രായം പറയണമായിരുന്നു. താൻ മാത്രമാണ് അഭിപ്രായം പറഞ്ഞതെന്നും സന്ദീപ് വ്യക്തമാക്കി.
ബി.ജെ.പി-സി.പി.എം നേതാക്കൾ ഒരുമിച്ച് ചർച്ച നടത്തിയത് പരസ്യമായതാണ്. ബി.ജെ.പിക്കെതിരെ ഒരു പ്രസ്താവന പോലും സി.പി.എം നടത്തിയിട്ടില്ല. ബി.ജെ.പിക്ക് പറയാൻ സാധിക്കാത്ത കാര്യങ്ങൾ സി.പി.എമ്മിനെ കൊണ്ട് പറയിപ്പിക്കുന്നു. ഒരു സമുദായത്തിന്‍റെ രണ്ട് പത്രങ്ങൾ പരസ്യം കൊടുത്തത് സി.പി.എമ്മിന് ജയിക്കാനുള്ള ആഗ്രഹം കൊണ്ടല്ലെന്ന് വ്യക്തമാണ്.
കെ. സുരേന്ദ്രൻ അടക്കം തെരഞ്ഞെടുപ്പിനിടെ നടത്തിയ വർഗീയ പ്രചാരണത്തിനെതിരെ ഒരു വാക്ക് സി.പി.എം നേതൃത്വം പറഞ്ഞിട്ടില്ല. ബി.ജെ.പി സ്ഥാനാർഥിയെ കുറിച്ച് ഒരു ആക്ഷേപവും സി.പി.എം നടത്തിയിട്ടില്ല. ബി.ജെ.പി-സി.പി.എം അന്തർധാര വ്യക്തമായ തെരഞ്ഞെടുപ്പാണിതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.