സിങ് ഈസ് കിങ്... ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്; മൻമോഹൻ സിങ്ങിനെ കുറിച്ച് സന്ദീപ് വാര്യർ
text_fieldsകോഴിക്കോട്: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് സന്ദീപ് വാര്യർ. നാമിന്ന് കാണുന്ന ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് ആരാണെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേയുള്ളൂ അതാണ് മൻമോഹൻ സിങ് എന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
മൻമോഹൻ സിങ്ങിന്‍റെ ഉദാരവത്കരണത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇടത്, ബി.ജെ.പി പാർട്ടികൾക്ക് പിന്നീട് തിരുത്തേണ്ടി വന്നുവെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്
സിംഗ് ഈസ് കിംഗ്... ഇന്ത്യ യുഎസ് ആണവ കരാർ സഖ്യകക്ഷികളായ ഇടത് സമ്മർദ്ദത്തിന് വഴങ്ങാതെ യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ലോകമാധ്യമങ്ങൾ വിശേഷിപ്പിച്ചത് അപ്രകാരമായിരുന്നു. ശരിക്കും ജനഹൃദയങ്ങളിൽ അക്കാലത്ത് സിംഗ് കിംഗ് ആയിരുന്നു.
ഒരാഴ്ചത്തെ ആവശ്യത്തിനുള്ള വിദേശ കരുതൽ നിക്ഷേപം പോലുമില്ലാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വിറങ്ങലിച്ചു നിന്ന തൊണ്ണൂറുകളിൽ ലിബറലൈസേഷൻ, പ്രൈവറ്റൈസേഷൻ, ഗ്ലോബലൈസേഷൻ എന്നീ മന്ത്രങ്ങളിലൂടെ കൈപിടിച്ചുയർത്തിയ മാന്ത്രികൻ തന്നെയായിരുന്നു സിംഗ്.
അക്കാലത്ത് മൻമോഹൻസിംഗിന്റെ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ഇടത്, ബിജെപി പാർട്ടികൾക്കും പിന്നീട് അവരുടെ നിലപാടുകൾ തിരുത്തേണ്ടി വന്നത് ചരിത്രം. നാമിന്നു കാണുന്ന ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് ആരാണെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേയുള്ളൂ .. അതാണ് മൻമോഹൻ സിംഗ്. ആദരാഞ്ജലികൾ
വ്യാഴാഴ്ച രാത്രി 9.51ന് ഡൽഹി എയിംസിലായിരുന്നു മൻമോഹൻ സിങ്ങിന്‍റെ അന്ത്യം. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ധരിലൊരാളായിരുന്നു. 1991-96 കാലയളവിൽ നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന മൻമോഹനാണ് രാജ്യത്ത് സാമ്പത്തിക പരിഷ്‍കാരങ്ങൾക്ക് തുടക്കംകുറിച്ചത്.
സോഷ്യലിസ്റ്റ് പാത പിന്തുടർന്നിരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ 90കളിലെ ഉദാരീകരണ സമ്പദ്വ്യവസ്ഥയുടെ ഭാഗമാക്കിയതിനു പിന്നിലെ ബുദ്ധികേന്ദ്രം മൻമോഹൻ സിങ്ങിന്റേതായിരുന്നു. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ധനകാര്യ വിദഗ്ധനിൽ നിന്ന് രാജ്യത്തിന്‍റെ 13-ാം പ്രധാനമന്ത്രിപദത്തിലേക്ക് നിയോഗിക്കപ്പെട്ടയാൾ എന്ന നിലയിൽ മൻമോഹൻ സിങ്ങിന്‍റെ ജീവിതം ചരിത്രമാണ്.
സാമ്പത്തിക ശാസ്ത്രജ്ഞനായ ആദ്യത്തെ പ്രധാനമന്ത്രി എന്ന സവിശേഷതയും അദ്ദേഹത്തിന് സ്വന്തം. 1998-2004 കാലയളവിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹത്തിന്റെ രാജ്യസഭ കാലാവധി അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.